കപ്പിൾസില്ല, ഏഷ്യൻ ഗെയിംസിൽ ഡാൻസില്ല !

Mail This Article
സംഘനൃത്തത്തിന് ആളില്ലാത്തതിനാൽ സ്കൂൾ കലോൽസവത്തിൽ ടീമുകളെ പിൻവലിക്കാറില്ലേ... അതേ അവസ്ഥയാണ് ഇത്തവണത്തെ ഏഷ്യൻ ഗെയിംസിനും. ആവശ്യത്തിന് ‘കപ്പിൾസ്’ ഇല്ലാത്തതിനാൽ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലെ ഒരു മത്സരയിനം തന്നെ സംഘാടകർ ഒഴിവാക്കി.
റോളർ സ്കേറ്റിങ് മത്സര വിഭാഗമായ കപ്പിൾ ഡാൻസ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിന്റെ മാതൃകയിൽ, സംഗീതത്തിന്റെ അകമ്പടിയോടെ പുരുഷ, വനിതാ സ്കേറ്റിങ് താരങ്ങൾ ഒന്നിച്ചു ചുവടുവയ്ക്കുന്ന മത്സരയിനമാണിത്. കപ്പിൾ ഡാൻസിനൊപ്പം പുരുഷ ഫ്രീ സ്കേറ്റിങ്ങും മത്സരാർഥികളുടെ എണ്ണം തികയാത്തതിനാൽ ഏഷ്യൻ ഗെയിംസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യൻ ഗെയിംസിൽ ഒരു മത്സരയിനത്തിൽ കുറഞ്ഞത് 6 രാജ്യങ്ങളിൽ നിന്നുള്ള കായിക താരങ്ങൾ റജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാൽ കപ്പിൾ ഡാൻസിലും ഫ്രീ സ്കേറ്റിങ്ങിലും 4 രാജ്യങ്ങളിൽ നിന്നുള്ള ടീമുകളാണ് റജിസ്റ്റർ ചെയ്തത്. ഇതോടെയാണ് മത്സരം ഒഴിവാക്കാൻ സംഘാടകരായ ഏഷ്യൻ ഒളിംപിക് കൗൺസിൽ തീരുമാനിച്ചത്. 2 മത്സരങ്ങൾ കുറഞ്ഞതോടെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിലെ ആകെ മെഡൽ ഇനങ്ങൾ 481 ആയി.
English Summary: No couple dance skating competitions in Asian Games