ഒളിംപിക്സ് പുരുഷ ഹോക്കി: ഇന്ത്യയ്ക്കു തുടക്കം കടുപ്പം
Mail This Article
ലുസെയ്ൽ (സ്വിറ്റ്സർലൻഡ്)∙ ജൂലൈ 27 മുതൽ ഓഗസ്റ്റ് 9 വരെ നടക്കുന്ന പാരിസ് ഒളിംപിക്സിൽ ഇന്ത്യൻ പുരുഷ ഹോക്കി ടീം കടുപ്പമേറിയ പൂൾ ബിയിൽ കളിക്കും. നിലവിലെ ചാംപ്യന്മാരായ ബൽജിയം, ഓസ്ട്രേലിയ, റിയോ ഗെയിംസ് ജേതാക്കളായ അർജന്റീന, ന്യൂസീലൻഡ‍്, അയർലൻഡ് എന്നിവയ്ക്കൊപ്പമാണ് പൂൾ ബിയിൽ ഇന്ത്യയുടെയും സ്ഥാനം.
ബൽജിയത്തിനും നെതർലൻഡ്സിനും പിന്നിൽ ലോകറാങ്കിങ്ങിൽ മൂന്നാംസ്ഥാനത്താണ് നിലവിൽ ഇന്ത്യ. പൂൾ എയിൽ നെതർലൻഡ്സ്, ജർമനി, ബ്രിട്ടൻ, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളാണുള്ളത്. ഓരോ പൂളിലെയും മികച്ച 4 ടീമുകളാണ് നോക്കൗട്ടിലേക്കു മുന്നേറുക. അതിനിടെ, പാരിസ് ഒളിംപിക്സ് ഒരുക്കത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കൻ പര്യടനം നടത്തുന്ന ഇന്ത്യൻ പുരുഷ ഹോക്കി ടീം ഫ്രാൻസിനെ 4–0ന് തോൽപിച്ചു.