ഏഷ്യൻ ഗെയിംസിന് യോഗയും
Mail This Article
ന്യൂഡൽഹി ∙ യോഗ ഏഷ്യൻ ഗെയിംസ് മത്സര ഇനമാകുന്നു. ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) എക്സിക്യൂട്ടീവ് ബോർഡ് ഇതിനുള്ള അനുമതി നൽകിയെന്നും ഒസിഎയുടെ ജനറൽ അസംബ്ലി ഇക്കാര്യത്തിൽ അന്തിമ അംഗീകാരം നൽകുമെന്നുമാണു വിവരം. ഒസിഎ ആക്ടിങ് പ്രസിഡന്റ് രൺധീർ സിങ്ങാണ് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ(ഐഒഎ) പ്രസിഡന്റ് പി.ടി. ഉഷയെ ഇക്കാര്യം അറിയിച്ചത്. ഏഷ്യൻ ഗെയിംസിലെ ഇനമായി യോഗ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾക്കു നൽകുന്ന പിന്തുണയ്ക്ക് ഉഷ നന്ദി അറിയിച്ചിട്ടുണ്ട്.
ഒസിഎയുടെ കായിക സമിതിയും വിഷയം പരിഗണിച്ച ശേഷമാകും ജനറൽ അസംബ്ലിയിൽ പരിഗണിക്കുക. മെഡൽ ഇനമായിട്ടാണോ പ്രദർശന ഇനമായിട്ടാണോ യോഗ പരിഗണിക്കുക എന്ന കാര്യമുൾപ്പെടെ പൊതു അസംബ്ലിയിൽ തീരുമാനിക്കും. യോഗയ്ക്കു നിലവിൽ രാജ്യാന്തര തലത്തിൽ ലഭിക്കുന്ന ശ്രദ്ധ പരിഗണിച്ചു മെഡൽ ഇനമായിത്തന്നെ ഉൾപ്പെടുത്തുമെന്നാണു പ്രതീക്ഷ.
2036 ഒളിംപിക്സ് വേദി ഇന്ത്യയ്ക്ക് അനുവദിക്കപ്പെട്ടാൽ യോഗ ഉൾപ്പെടെയുള്ള 6 മത്സരങ്ങൾ ഉൾപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.