0.1 പോയിന്റിന്റെ നഷ്ടം, മനുവിന് സ്വർണമെഡൽ പോരാട്ടം നഷ്ടമായത് നേരിയ വ്യത്യാസത്തിൽ

Mail This Article
പാരിസ് ∙ സ്വർണമെഡൽ പോരാട്ടത്തിനുള്ള ഷൂട്ട്ഓഫിൽനിന്നു പുറത്താകുമ്പോൾ 2–ാം സ്ഥാനത്തുള്ള താരത്തെക്കാൾ വെറും 0.1 പോയിന്റ് മാത്രം പിന്നിലായിരുന്നു മനു ഭാക്കർ. മനുവിന് ആ വ്യത്യാസം മറികടക്കാനായിരുന്നെങ്കിൽ കുറഞ്ഞത് വെള്ളി ഉറപ്പായിരുന്നു.
24 ഷോട്ടുകൾ പായിക്കാൻ അവസരമുള്ള മത്സരത്തിൽ, ആദ്യഘട്ടത്തിൽ (ആദ്യത്തെ 5 ഷോട്ടുകൾ കഴിഞ്ഞപ്പോൾ) രണ്ടാം സ്ഥാനത്തായിരുന്നു മനു. 5 ഷോട്ടുകളുള്ള രണ്ടാം ഘട്ടത്തിൽ മനു 3–ാം സ്ഥാനത്തായി. പിന്നീട് ഓരോ ഷോട്ടുകൾ വീതമുള്ള ഘട്ടം. ഈ ഘട്ടത്തിൽ നിശ്ചിത ഇടവേളകളിൽ, അവസാനം നിൽക്കുന്നവരെ പുറത്താക്കും.
20 ഷോട്ട് കഴിഞ്ഞതോടെ, 4–ാം സ്ഥാനത്തുനിന്ന ചൈനീസ് താരം പുറത്തായി. മനു വെങ്കലം ഉറപ്പിച്ച് മൂന്നാം സ്ഥാനത്ത്. പിന്നീടു 2 ശ്രമങ്ങൾ കൂടി. അടുത്ത ഷോട്ടിൽ മനു 10.1 പോയിന്റു നേടിയപ്പോൾ കൊറിയൻ താരം കിം യെ ജി 9.4ൽ ഒതുങ്ങി. എന്നാൽ, അടുത്ത ഷോട്ടിൽ മനു 10.3 നേടിയപ്പോൾ കൊറിയൻ താരത്തിന് 10.5. അതോടെ, 0.1 പോയിന്റ് മുൻതൂക്കവുമായി കിം ഫൈനലിലേക്ക്. (22 ഷോട്ടുകൾ കഴിഞ്ഞപ്പോൾ മനുവിന് ആകെ 221.7 പോയിന്റ്. കിം യെ ജിക്ക് 221.8 പോയിന്റ്.)
ഒന്ന്, രണ്ട് സ്ഥാനങ്ങളിലായിരുന്ന താരങ്ങൾ സ്വർണത്തിനു വേണ്ടി ഷൂട്ട് ഓഫിൽ മത്സരിച്ചു. 2 വീതം ഷോട്ടുകൾ വീണ്ടും. ഒളിംപിക് റെക്കോർഡോടെ ദക്ഷിണ കൊറിയയുടെ ഒയെ ജിന്നിന് (243.2 പോയിന്റ്) സ്വർണം. കിം യെ ജിക്കു (241.3) വെള്ളി.