ADVERTISEMENT

കൊച്ചി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസ് അത്‌ലറ്റിക്സിൽ കേരളത്തിനുവേണ്ടി ട്രാക്കിലിറങ്ങുക 47 അംഗ സംഘം. റിലേ ടീമിലേക്കുള്ള 24 അത്‌ലീറ്റുകളെ ഇന്നലെ ‍ട്രയൽസിലൂടെ തിരഞ്ഞെടുത്തു. വ്യക്തിഗത ഇനങ്ങളിൽ 23 പേരും ടീമിലുണ്ട്. 12 ഒഫിഷ്യലുകൾ ഉൾപ്പെടെ 59 അംഗ സംഘമാണു ഡെറാഡൂണിലേക്കു പോകുക.

വ്യക്തിഗത ഇനങ്ങളിൽ 35 അത്‌ലീറ്റുകളാണു യോഗ്യത നേടിയത്. ഇവരിൽ 12 പേർ വിവിധ കാരണങ്ങളാൽ ഒഴിവായി. യോഗ്യത നേടിയ രാജ്യാന്തര താരങ്ങളിൽ പലരും മത്സരിക്കാത്തതു കേരളത്തിന്റെ മെഡൽ സാധ്യതകളെ ബാധിക്കും.     

അത്‌ലറ്റിക് ടീമിന്റെ ക്യാംപ് 19 മുതൽ ഫെബ്രുവരി 2 വരെ തിരുവനന്തപുരം കാര്യവട്ടം എൽഎൻസിപിഇയിൽ നടക്കുമെന്നു കേരള അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ. ചന്ദ്രശേഖരൻ പിള്ള പറഞ്ഞു. ‍ഡെറാഡൂണിൽ ഫെബ്രുവരി 8 മുതൽ 13 വരെയാണു ദേശീയ ഗെയിംസിലെ അത്‌ലറ്റിക്സ് മത്സരങ്ങൾ.

ദേശീയ ഗെയിംസിൽ മത്സരിക്കാനായി ആകെ മുന്നൂറോളം കായിക താരങ്ങളുടെ പേരുകളാണു സംസ്ഥാനം ഇതുവരെ ഓൺലൈനായി റജിസ്റ്റർ ചെയ്തത്. ജിംനാസ്റ്റിക്സ്, തായ്ക്വാൻഡോ, ബീച്ച് ഹാൻഡ്ബോൾ, ഷൂട്ടിങ് എന്നീ ഇനങ്ങളിൽ മത്സരിക്കുന്നവരുടെ പേരുകളാണ് ഇനി റജിസ്റ്റർ ചെയ്യാനുള്ളതെന്നും ഇവരുടെ പട്ടിക അതത് അസോസിയേഷനുകൾ നൽകിയിട്ടുണ്ടെന്നും കേരള ഒളിംപിക് അസോസിയേഷൻ സെക്രട്ടറി എസ്. രാജീവ് പറഞ്ഞു.

ഫുട്ബോളിന് സന്തോഷ് ട്രോഫി താരങ്ങളില്ലാത്ത ടീം

ദേശീയ ഗെയിംസ് ഫുട്ബോളിനുള്ള കേരള ടീമായി. ഇത്തവണ സന്തോഷ് ട്രോഫി കളിച്ച താരങ്ങളെ ഒഴിവാക്കി പുതിയ ടീമാണു ഗെയിംസിനിറങ്ങുക. 22 അംഗ ടീമിൽ കഴിഞ്ഞ തവണ സന്തോഷ് ട്രോഫി കളിച്ച ടി.വി. അൽകേഷ് രാജ്, അജയ് അലക്സ് (സെൻട്രൽ എക്സൈസ്), ബിജേഷ് ടി. ബാലൻ (കേരള പൊലീസ്) എന്നിവരൊഴികെയുള്ളവരെല്ലാം പുതുമുഖങ്ങളാണ്.

ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിലെ ഇന്ദിരാ ഗാന്ധി സ്പോർട്സ് കോംപ്ലക്സിൽ 30 മുതൽ ഫെബ്രുവരി 7 വരെയാണു ഫുട്ബോൾ മത്സരങ്ങൾ. സർവീസസാണു നിലവിലുള്ള ചാംപ്യൻമാർ. കേരളം കഴിഞ്ഞ തവണ മൂന്നാമതായിരുന്നു. സർവീസസ്, മണിപ്പുർ, ഡൽഹി എന്നിവരുൾപ്പെടുന്ന കരുത്തരുടെ ഗ്രൂപ്പിലാണു കേരളം.

30നു മണിപ്പൂരിനെതിരെയാണു കേരളത്തിന്റെ ആദ്യ മത്സരം. സൂപ്പർ ലീഗ് കേരളയിൽ കണ്ണൂരിന്റെ സഹ പരിശീലകനായിരുന്ന എം. ഷഫീഖ് ഹസനാണു കേരളത്തിന്റെ കോച്ച്. ടീമിന്റെ പരിശീലന ക്യാംപ്  കൽപറ്റയിൽ 27 വരെ തുടരും.

English Summary:

National Games: Kerala's 47-strong Athletics team ready for National Games showdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com