വുഷു, ഡിഷ്യും..! തണുപ്പിനെ തോൽപിക്കാൻ കേരള വുഷു ടീം ഡെറാഡൂണിൽ പരിശീലിക്കുന്നു
Mail This Article
ഉത്തരാഖണ്ഡിലെ തണുപ്പിനെ കീഴ്പ്പെടുത്താൻ കേരളത്തിന്റെ വുഷു ടീം ഡെറാഡൂണിൽ പരിശീലനം തുടങ്ങി. ഉത്തരേന്ത്യയിലെ ശൈത്യവുമായി പൊരുത്തപ്പെടാൻ വേണ്ടിയാണു ദേശീയ ഗെയിംസ് തുടങ്ങുന്നതിനു രണ്ടാഴ്ച മുൻപേ കേരള സംഘം ഡെറാഡൂണിലെ മഹാറാണ പ്രതാപ് സ്പോർട്സ് കോളജ് സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചത്. 11ന് ആരംഭിച്ച പരിശീലനം 25 വരെ തുടരും. 29 മുതലാണു മത്സരങ്ങൾ.
സീനിയർ വുഷു ചാംപ്യൻഷിപ്പിൽ ക്വാർട്ടർ ഫൈനലിൽ എത്തിയവർക്കാണു ദേശീയ ഗെയിംസിൽ മത്സരിക്കാനുള്ള യോഗ്യത. 4 വനിതകൾ ഉൾപ്പെടെ 9 അംഗ ടീമാണു കേരളത്തിനുള്ളത്. രണ്ടു കോച്ചുമാരും സംഘത്തിലുണ്ട്. കഴിഞ്ഞ ദേശീയ ഗെയിംസിൽ വുഷുവിൽ 2 വെങ്കലമാണു കേരളം നേടിയത്. മെഡൽ നേട്ടം വർധിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണു കേരളം പരിശീലനം ഉൾപ്പെടെ ഡെറാഡൂണിലേക്കു മാറ്റിയത്.
എന്താണ് വുഷു
ചൈനയിൽ രൂപംകൊണ്ട ആയോധന കലയാണ് വുഷു. താവോലു, സാൻഷു എന്നിങ്ങനെ രണ്ടു വിഭാഗങ്ങൾ. ഒറ്റയ്ക്കുള്ള പ്രദർശന മത്സരമാണ് താവോലു. കൈപ്പയറ്റിനു പുറമേ വാളുകൾ, കുന്തം, വടി എന്നിവ ഉപയോഗിക്കും. രണ്ടു പേർ തമ്മിൽ ഏറ്റുമുട്ടുന്ന മത്സര ഇനമാണു സാൻഷു. ബോക്സിങ്, കിക്ക് ബോക്സിങ്, ഗുസ്തി എന്നിവ ചേർന്ന രൂപമാണിത്. നിശ്ചിത സമയത്തിനുള്ളിൽ എതിരാളിയെ ഇടിച്ചിടുകയോ ശരീര ഭാഗങ്ങളിൽ ഇടിച്ച് മികച്ച സ്കോർ നേടുകയോ ചെയ്യുന്നയാളാണു വിജയി.