അതിവേഗ സർവുകളാൽ കോർട്ടിൽ പ്രകമ്പനം തീർത്തു, ബോറിസ് ബെക്കർ ഇവിടെയുണ്ട്
Mail This Article
പുഴയിലൂടെ മെല്ലെ നീങ്ങുന്ന തോണിയിൽ കണ്ണുകളടച്ച് ശാന്തനായി വിശ്രമിക്കുന്ന ഈ താരം ഒരു കാലത്ത് അതിവേഗ സർവുകൾ കൊണ്ട് ടെന്നിസ് കോർട്ടിൽ പ്രകമ്പനം തീർത്തയാളാണ്. ‘ബൂംബൂം’ എന്ന വിശേഷണത്തിൽ അറിയപ്പെട്ടിരുന്ന ബോറിസ് ബെക്കർ. 1985ൽ 17–ാം വയസ്സിൽ തന്നെ വിമ്പിൾഡൻ പുരുഷ സിംഗിൾസ് കിരീടം നേടിയാണ് ബെക്കർ വരവറിയിച്ചത്.
25 വയസ്സ് തികയും മുൻപേ 5 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങളും ഒളിംപിക് ഡബിൾസ് സ്വർണവും ഡേവിസ് കപ്പും ലോക ഒന്നാം റാങ്കുമെല്ലാം സ്വന്തമാക്കിയ ജർമൻ താരം അക്കാലത്തെ ഏറ്റവും പ്രശസ്തനായ പരസ്യ മോഡൽ കൂടിയായിരുന്നു. 1996ൽ ഒരു ഓസ്ട്രേലിയൻ ഓപ്പൺ കൂടി സ്വന്തമാക്കിയ ബെക്കർ 1999ലാണ് വിരമിച്ചത്.
കോർട്ട് വിട്ടതിനു ശേഷവും കമന്റേറ്ററായും കോച്ചായും ടെന്നിസിൽ നിറഞ്ഞു നിന്ന ബെക്കർ, നൊവാക് ജോക്കോവിച്ച് ഉൾപ്പെടെയുള്ളവരുടെ പരിശീലകനായിരുന്നു. ഓൺലൈൻ ചൂതാട്ടങ്ങളിൽ ഭ്രമം കയറി നികുതിവെട്ടിപ്പു കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തു. ഡെൻമാർക്ക് താരം ഹോൾഗർ റൂണെയുടെ പരിശീലകനായിരുന്ന അൻപത്തിയാറുകാരൻ ബെക്കർ ആ സ്ഥാനം കഴിഞ്ഞ ദിവസമാണ് ഒഴിഞ്ഞത്.