ADVERTISEMENT

ഭൂമിക്കു വെളിയിലെ ബുദ്ധിയുള്ള ജീവിസമൂഹങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന സംഘടനയാണ് സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് അഥവാ സേർച് ഫോർ എക്‌സ്ട്ര ടെറസ്ട്രിയൽ ഇന്‌റലിജൻസ് ഇൻസ്റ്റിറ്റിയുൂട്ട്. ഏലിയൻസുമായി ആശയവിനിമയം നടത്തുക, ബന്ധം സ്ഥാപിക്കുക തുടങ്ങിയ വിദൂരലക്ഷ്യങ്ങൾ ഇവർക്കുണ്ട്. ലോകത്തിൽ ചിലയിടങ്ങളിൽ സ്ഥാപിച്ച വമ്പൻ ടെലിസ്‌കോപ്പുകൾ വഴി പ്രാപഞ്ചിക മേഖലകളിലേക്കു സന്ദേശം വിട്ടും പ്രപഞ്ചത്തിൽ നിന്ന് എത്തിയേക്കാവുന്ന സന്ദേശങ്ങൾക്കായി നിരന്തരം സ്‌കാൻ ചെയ്തുമാണ് ഇവയുടെ പ്രവർത്തനം. 

വലിയ ഫണ്ടിങ്ങോടെ പ്രവർത്തിക്കുന്ന ഈ സംഘടനയ്ക്ക് ധാരാളം സന്നാഹങ്ങളുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയൊന്നും ഏലിയൻസിനെ കണ്ടെത്തുന്ന കാര്യത്തിൽ സംഭവിച്ചിട്ടില്ല. എങ്കിലും ശുഭാപ്തിവിശ്വാസത്തോടെ തങ്ങളുടെ തിരയൽ തുടരുകയാണ് സേറ്റി.ഇടക്കാലത്ത് സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഹംബാക്ക് തിമിംഗലങ്ങളെന്ന പ്രത്യേക തിമിംഗല വകഭേദങ്ങളുടെ പിന്നാലെ പോയിരുന്നു. സേറ്റിക്കും തിമിംഗലങ്ങൾക്കും എന്തു ബന്ധമെന്ന ചോദ്യം ഉയരാം. അതിന് അവർക്ക് ഉത്തരമുണ്ട്. ഏതെങ്കിലും കാലത്ത് അന്യഗ്രഹജീവികളുമായി ബന്ധം സ്ഥാപിച്ചാൽ തന്നെ എങ്ങനെ ഫലപ്രദമായി ആശയവിനിമയം നടത്തും. 

ഭൂമിയിൽ തന്നെ പലയിടങ്ങളിലും വിഭിന്നമായ ഭാഷകളാണ്. അപ്പോൾ ഏലിയൻസ് നമുക്ക് പരിചിതമായ ഭാഷയേ ആയിരിക്കില്ല സംസാരിക്കുന്നത്. പിന്നെങ്ങനെ അറിയും അവരെന്താണ് പറയുന്നത്. ഈ പ്രതിസന്ധി മറികടക്കാനാണ് സേറ്റിയുടെ ശ്രമം. തിമിംഗലങ്ങളുടെ ശബ്ദങ്ങളിൽ നിന്ന് അവയെന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കാനും സാധിക്കുമെങ്കിൽ അവരോട് അവയുടെ ഭാഷയിൽ സംസാരിക്കാനും ഒരു ശ്രമം.ഈ ശ്രമത്തിൽ ആദ്യഘട്ടം തങ്ങൾ വിജയിച്ചെന്ന് സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു. 

Image Credit: chainatp/IstockPhotos
Image Credit: chainatp/IstockPhotos

കുറേയേറെ ഹംബാക്ക് തിമിംഗലങ്ങളെ അവരുടെ ശൈലി നിരീക്ഷിച്ച ശേഷം പ്രത്യേക രീതിയിൽ ശാസ്ത്രജ്ഞർ വിളിച്ചു. പല തിമിംഗലങ്ങളും ഈ വിളി അവഗണിച്ചെങ്കിലും ട്വെയിൻ എന്നു പേരുള്ള തിമിംഗലം ആ വിളിക്ക് പ്രതികരണം നൽകി. അത് ശാസ്ത്രജ്ഞർ സഞ്ചരിച്ച ബോട്ടിനു ചുറ്റും വൃത്തത്തിൽ കറങ്ങുകയും തിരിച്ച് അതിന്‌റേതായ രീതിയിൽ ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇതൊരു വലിയ കാര്യമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഇതാദ്യമായാകും ഒരു തിമിംഗലത്തോട് മനുഷ്യരുടേതല്ലാത്ത ഭാഷയിൽ സംസാരിക്കാനുള്ള ശ്രമം. എന്താണ് ശാസ്ത്രജ്ഞർ പറഞ്ഞതെന്ന് തിമിംഗലത്തിനോ തിമിംഗലമെന്താണ് പറഞ്ഞതെന്ന് ശാസ്ത്രജ്ഞർക്കോ മനസ്സിലായിട്ടില്ലെന്നത് പരമാർഥമാണ്. എന്നാൽ അതു കാര്യമാക്കേണ്ടെന്നും ഇതു ബന്ധം സ്ഥാപിക്കാനുള്ള കോണ്ടാക്ട് കോൾ മാത്രമാണെന്നും സേറ്റി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പറയുന്നു. ഭാവിയിൽ ഈ മേഖലയിൽ പുരോഗതി കൈവരിക്കാമെന്നാണ് അവരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com