ADVERTISEMENT

കൃഷിയിടങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിത്തു പാകിയ കാര്‍ട്ടൂണിസ്റ്റ് ബിസിനസുകാരന്‍ എന്നാണ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാള്‍സ് വിജയ് വര്‍ഗീസ് അറിയപ്പെടുന്നത്. പുതിയ കാലത്തിനിണങ്ങിയ ചില ടെക് വിദ്യകളുമായാണ് അദ്ദേഹം കളത്തിലിറങ്ങിയിരിക്കുന്നത്. കള്ളു ചെത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുക എന്നത് കുറച്ചു വര്‍ഷം മുൻപാണെങ്കില്‍ ശാസ്ത്ര കോമഡി നോവലുകളിലെ ഒരു ഭാഗം എന്നു പറഞ്ഞ് തള്ളിക്കളയാമായിരുന്നു. എന്നാല്‍, ചാള്‍സ് ഇപ്പോള്‍ത്തന്നെ നീര (കള്ളല്ല) ചെത്തിയെടുക്കാവുന്ന ഒരു മെഷീന്‍ നിർമിച്ചു കഴിഞ്ഞു. എൻജിനീയറിങ്, ബിസിനസ്, കല തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ചാള്‍സ് ശരിക്കുമൊരു ബഹുമുഖ പ്രതിഭ തന്നെയാണ്. നവ ഡിസൈന്‍ ആന്‍ഡ് ഇനവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ( Nava  Design  &  Innovation  Pvt Ltd) എന്ന കമ്പനിയാണ് ആദ്ദേഹം സ്ഥാപിച്ചത്. അദ്ദേഹം 2016ല്‍ സ്ഥാപിച്ച നവ കമ്പനിയാണ് ലോകത്തെ ആദ്യത്തെ തെങ്ങു ചെത്തുന്ന റോബോട്ടായ സാപ്പര്‍ (SAPER) വികസിപ്പിച്ചെടുത്തത്.

 

സാപ്പറിന് അദ്ദേഹത്തിന് ഇന്ത്യ അടക്കം 28 രാജ്യങ്ങളില്‍ പേറ്റന്റ് ലഭിച്ചു കഴിഞ്ഞു. സാങ്കേതികവിദ്യയേയും കൃഷിയേയും ബന്ധിപ്പിക്കാനുള്ള ചാള്‍സിന്റെ ശ്രമത്തിന്റെ ഭാഗമാണ് സാപ്പര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്‌സും ഉപയോഗിച്ച് കൃഷിയിടങ്ങളെ മാറ്റിമറിക്കാനുള്ള സ്വപ്‌നമാണ് അദ്ദേഹം താലോലിക്കുന്നത്. പാരമ്പര്യവും അത്യാധൂനികതയും തമ്മിലുളള ഒരു സമ്മേളിപ്പിക്കലിലൂടെ കൃഷിയെ പുതിയൊരു തലത്തിലെത്തിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. ഈ മേഖലയിലേക്ക് ധാരാളം നിക്ഷേപം ഒഴുകിയേക്കുമെന്നും കരുതപ്പെടുന്നു.

 

അദ്ദേഹത്തിന്റെ സങ്കല്‍പ്പത്തിന് ആദരണീയമായ, നാഷണല്‍ സ്റ്റാര്‍ട്ട്-അപ് 2020 അവാര്‍ഡ് (അഗ്രികള്‍ചര്‍ പ്രൊഡക്ടിവിറ്റി) അടക്കം നിരവധി അവാര്‍ഡുകള്‍ ലഭിച്ചു കഴിഞ്ഞു. തന്റെ സ്ഥാപനമായ നവയിലൂടെ ചാള്‍സ് തന്റെ 13 വര്‍ഷത്തെ പ്രവൃത്തിപരിചയം പരമാവധി പ്രയോജനപ്പെടുത്തി പദ്ധതി നിര്‍വഹണം, വില്‍പ്പന, മാര്‍ക്കറ്റിങ്, ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മേഖലകളില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുന്നു. അദ്ദേഹത്തിന്റെ കമ്പനിയുടെ പ്രധാന ലക്ഷ്യം കര്‍ഷകരുടെയും, കര്‍ഷക ഉത്പാദക സംഘടനകളുടെയും ലാഭം വര്‍ധിപ്പിക്കുക എന്നതും, കാര്‍ഷിക മേഖലയില്‍ ഉത്പാദനം വര്‍ധിപ്പിക്കുക എന്നതും, ദേശീയ, അന്തര്‍ദേശീയ ആവശ്യകതയ്ക്ക് അനുസരിച്ചുള്ള ഉല്‍പ്പനങ്ങള്‍ എത്തിക്കുക എന്നതുമാണ്. സിലിക്കന്‍ വാലിയിലെ സിങ്ഗുലാരിറ്റി യൂണിവേഴ്‌സിറ്റി ഇന്ത്യയില്‍ നിന്നുള്ള മികച്ച 25 സ്റ്റാര്‍ട്ട്-അപ് കമ്പനികളിലൊന്നായാണ് നവ ഡിസൈന്‍ ആന്‍ഡ് ഇനവേഷന്‍ പ്രൈവറ്റ് ലിമിറ്റഡിനെ വിലിയിരുത്തിയിരിക്കുന്നത്. ബ്രിങ്ക് (Brinc) ആക്‌സിലറേറ്റര്‍ വഴി ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ്-കേരളാ (IIITM-K), ആള്‍ടയര്‍ സ്റ്റാര്‍ട്ട്അപ് ചലഞ്ച് (Altair Startup Challenge) തുടങ്ങിയവയില്‍ നിന്നടക്കം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിന്ന് നിക്ഷേപങ്ങളും, അംഗീകാരവും കമ്പനിക്കു ലഭിച്ചിട്ടുണ്ട്.

 

കാര്‍ഷികോല്‍പ്പനങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ താങ്ങാകാന്‍ മൂല്യ വര്‍ധിത പ്രൊഡക്ടുകള്‍ വേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ചാള്‍സിന്റെ കമ്പനിക്ക് ബോധ്യമുണ്ട്. ആഗോള വിപണികളില്‍ ചലനമുണ്ടാക്കാന്‍ പാകത്തിന് തെങ്ങിന്‍ പഞ്ചസാര, ശര്‍ക്കര, കൊക്കോ തേന്‍, കോക്കനട്ട് സിഡര്‍ വിനാഗിരി തുടങ്ങിയ മൂല്യ വര്‍ധിത ഉല്‍പ്പനങ്ങള്‍ ഉണ്ടാക്കിയെടുക്കാനും ഉദ്ദേശമുണ്ട്. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തങ്ങളുടെ ഉത്പാദന പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് കമ്പനി കരുതുന്നു.

 

തമിഴ് നാട്ടിലെ എം കുമാരസ്വാമി കോളജ് ഓഫ് എൻജിനിയറിങ്ങില്‍ നിന്നാണ് ചാള്‍സ് പഠിച്ചിറങ്ങിയത്. ഡിഗ്രി സമ്പാദിച്ച ശേഷം അദ്ദേഹം 3ഡി ആനിമേഷനില്‍ പോസ്റ്റ്-ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്‌സ് ചെയ്തത് ഇമേജ് കോളജ് ഓഫ് ആര്‍ട്‌സ് ആനിമേഷന്‍ ആന്‍ഡ് ടെക്‌നോളജി (ഐസിഎടി) ചെന്നൈയില്‍ നിന്നാണ്. 2005ല്‍ കേരളാ കാര്‍ട്ടൂണ്‍ അക്കാദമിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഒമാനിലെ കിംജി രാംദാസില്‍ അസിസ്റ്റന്റ് മാനേജരായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ലാണ് അദ്ദേഹം ജോലി രാജിവച്ച് കേരളത്തിന്റെ മേക്കര്‍ വില്ലേജില്‍ കമ്പനി സ്ഥാപിച്ചത്.

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷന്‍സിൽ ചാള്‍സ് വിജയ് വര്‍ഗീസും

 

ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് 2020 ൽ നവ ഡിസൈന്‍ ആന്‍ഡ് ഇനവേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ചാള്‍സ് വിജയ് വര്‍ഗീസും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം ഭാഗം നവംബര്‍ 27, 28 തിയതികളിലാണ് നടക്കുന്നത്. 

 

കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഫസ്റ്റ് ഷോസ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് ഡിജിറ്റൽ സംഗമത്തിന്റെ മൂന്നാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്. ‘വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ട് പോകുക’ എന്ന ആശയത്തിൽ ‘Digital-led 2021 | Define the new normal.’ എന്ന തീമിലാണ് വെർച്വൽ ഡിജിറ്റൽ ഉച്ചകോടിയായി ടെക്സ്പെക്റ്റേഷൻസ് 2020 നടക്കുന്നത്. 

 

ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ്’ മൂന്നാം പതിപ്പ്.

 

ഉടൻ തന്നെ അവതരിപ്പിക്കാൻ പോകുന്ന ഒടിടി പ്ലാറ്റ്ഫോം ഫസ്റ്റ് ഷോസ് ആണ് ടൈറ്റിൽ സ്പോൺസർ. അമൃത യൂണിവേഴ്സിറ്റി – ഓൺലൈൻ ഡിഗ്രി പ്രോഗ്രാംസ് ‘അമൃത അഹെഡ്’ ആണ് നോളജഡ്ജ് പാര്‍ട്ണര്‍. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

 

English Summary: Charles Vijay Varghese · CEO at NAVA Design & Innovation Private Limited– Techspectations - 2020

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com