'അധികം കളിച്ചാൽ ആനകളെ കയറ്റി അയക്കും’, ജർമനിയ്ക്കു ബോട്സ്വാനയുടെ ഭീഷണി; അറിയാം ബോട്സ്വാനയുടെ ആനച്ചരിത്രം
Mail This Article
അധികം കളിച്ചാൽ ജർമനിയിലേക്ക് 20,000 ആനകളെ കയറ്റി അയയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയിരിക്കുകയാണ് ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാന. ആനവേട്ട നടത്തി ആനക്കൊമ്പും മറ്റും വിജയചിഹ്നമായി കൊണ്ടുവരുന്ന സാഹസിക വിനോദസഞ്ചാരികൾക്കു മൂക്കുകയറിടാൻ ജർമൻ പരിസ്ഥിതി മന്ത്രാലയം ഏർപ്പെടുത്തിയ നിരോധനമാണു ബോട്സ്വാനയെ പ്രകോപിപ്പിച്ചത്!
ആന പെരുകി; ആനവേട്ടയും
ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണു ബോട്‌സ്വാന–1.3 ലക്ഷം ആനകൾ. പരമാവധി 60,000 ആനകളാണു തന്റെ രാജ്യത്തിന്റെ മനുഷ്യ–മൃഗ സന്തുലിതാവസ്ഥയ്ക്കു താങ്ങാനാവുന്ന കണക്കെന്നു ബോട്സ്വാന പ്രസിഡന്റ് മോക്‌ഗ്വീറ്റ്സി മസീസി പറയുന്നു. ആഫ്രിക്കയിലെ മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കർശന വന്യജീവി സംരക്ഷണ നിയമങ്ങളുള്ളതാണ് ബോട്സ്വാനയിൽ ആനകളുടെ എണ്ണം ക്രമാതീതമായി കൂടാൻ വഴിവച്ചത്. ആനക്കൊള്ളക്കാരെ കണ്ടാലുടൻ വെടിവച്ചു കൊല്ലാൻ സുരക്ഷാജീവനക്കാർക്ക് അനുമതി നൽകുന്ന നിയമം 2013ൽ പാസാക്കിയിരുന്നു. 2014ൽ ആനവേട്ട നിരോധിച്ചിരുന്നെങ്കിലും എണ്ണം ക്രമാതീതമായി കൂടിയതോടെ 2019ൽ നിരോധനം നീക്കി.
സ്നേഹത്തോടെ ആനസമ്മാനം
ആയിരത്തിതൊള്ളായിരത്തി അറുപതുകളിൽ പതിനായിരത്തോളം മാത്രമായിരുന്ന ബോട്സ്വാനയിലെ ആനകളുടെ എണ്ണം തൊണ്ണൂറുകളിൽത്തന്നെ എൺപതിനായിരമെത്തിയിരുന്നു. ഗ്രാമങ്ങളിൽ ആനക്കൂട്ടങ്ങൾ മനുഷ്യരുടെ ജീവനും സ്വത്തിനും വരുത്തുന്ന നാശനഷ്ടങ്ങൾക്കു കയ്യും കണക്കുമില്ല. ആളുകളെയും കന്നുകാലികളെയും കൊല്ലുന്നതും വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കുന്നതും സർവസാധാരണമായി. ചില ഗ്രാമങ്ങളിൽ മനുഷ്യരേക്കാൾ കൂടുതൽ ആനകളാണത്രേ!
‘ആനത്തലവേദന’ തീർക്കാൻ മറ്റു രാജ്യങ്ങൾക്ക് ഇഷ്ടംപോലെ ആനകളെ സമ്മാനമായി നൽകുകയാണു ബോട്സ്വാന ചെയ്തത്. 2023ൽ അയൽരാജ്യമായ അംഗോളയ്ക്കുമാത്രം 8,000 ആനകളെയാണു നൽകിയത്! 2022ൽ മൊസാംബിക്കിന് 500 ആനകളെയും നൽകിയിരുന്നു. ആനവേട്ടയിൽ കൊല്ലുന്ന ഓരോ ആനയ്ക്കും 50,000 ഡോളർ (41.64 ലക്ഷം രൂപ) വീതം വിനോദസഞ്ചാരികളിൽനിന്ന് ഈടാക്കുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കു ഗുണകരമാണെന്നും സർക്കാർ പറയുന്നു. ഇതിലൂടെ 2021ൽ 50 ലക്ഷം ഡോളർ (41 കോടി രൂപ) ബോട്സ്വാന സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തിയെന്നാണു കണക്ക്.
ആനപ്പെരുമയും വജ്രക്കരുത്തും!
ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ താരതമ്യേന മെച്ചപ്പെട്ട ബഹുകക്ഷി ജനാധിപത്യം നിലവിലുള്ള രാഷ്ട്രമാണു ബോട്‌സ്വാന. 1966ലാണു ബ്രിട്ടനിൽനിന്നു സ്വാതന്ത്ര്യം നേടിയത്. വനത്തിനുള്ളിലെ സഫാരി അധിഷ്ഠിത വിനോദസഞ്ചാരവും വജ്രഖനനവുമാണു പ്രധാന വരുമാനമാർഗം. ലോകത്തെ ഏറ്റവും വലിയ വജ്ര ഉൽപാദന രാജ്യംകൂടിയാണ്. ഗാബൊറോൺ ആണു തലസ്ഥാനം. 5.81 ലക്ഷം ചതുരശ്ര കിലോമീറ്റർ വലുപ്പം (ഏകദേശം നമ്മുടെ മധ്യപ്രദേശും ഉത്തർപ്രദേശും ചേർന്നാലുള്ളത്ര മാത്രം). ജനസംഖ്യ 26 ലക്ഷം. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്‌വേ, അംഗോള, സാംബിയ എന്നിവരാണ് അയൽരാജ്യങ്ങൾ.