ADVERTISEMENT

ഒരുപാട് ജനസാന്ദ്രതയും സ്ഥലവലുപ്പവുമില്ലെങ്കിലും യാത്രികരെ ആകർഷിക്കുന്ന ചില സ്ഥലങ്ങളുണ്ട്. അവയിലൊന്നാണ് സൗത്ത് സിക്കിമിലെ രാവെങ്കല. സമുദ്രനിരപ്പിൽനിന്ന് 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സിക്കിമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഗാങ്ടോക്കിന്റെയും പെല്ലിങ്ങിന്റെയും ഇടയ്ക്കാണ്. 

വ്യത്യസ്തങ്ങളായ ജീവിവർഗങ്ങളും ആകർഷണീയമായ ഭൂപ്രകൃതിയുമാണ് ഈ പ്രദേശത്തിന്. ഹിമാലയത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നെത്തുന്ന വ്യത്യസ്ത ഇനങ്ങളിൽപ്പെടുന്ന പക്ഷികളാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്ന്. വളരെ അപൂർവമായ സാറ്റിർ പക്ഷികളെയും ഇവിടെ കാണാം. 

ravangla-sikkim3
Beautiful view of Himalayan mountains at Ravangla. Image Source: Rudra Narayan Mitra/shutterstock

രാവെങ്കല ചന്തയിൽനിന്ന് ഒരു കിലോമീറ്റർ മാറിയാണ് ടിബറ്റൻ വംശജരുടെ വാസമേഖല. 328 ഏക്കറിൽ പരന്നു കിടക്കുന്ന, 1300 ഓളം ആളുകൾ താമസിക്കുന്ന ഒരു പ്രദേശമാണിത്. അവരുടെ ഏഴ് ക്യാംപുകളുണ്ട് ഇവിടെ. മൊണാസ്ട്രിയും സ്‌കൂളും തുടങ്ങി എല്ലാം ഇതിനുള്ളിൽത്തന്നെയുണ്ട്. വിനോദ സഞ്ചാരമാണ് പ്രധാന വരുമാന മാർഗം എന്നതുകൊണ്ട് ഇവർ ഇവിടേക്ക് യാത്രികരെ സ്വാഗതം ചെയ്യുന്നുണ്ട്. 

തദ്ദേശീയ ജനവിഭാഗങ്ങളുടെ സംസ്കാരം, ജീവിത രീതി, ഭക്ഷണം തുടങ്ങിയവയാണ് സഞ്ചാരികളെ ആകർ‌ഷിക്കുന്നത്. പക്ഷേ ഇവിടുത്തെ മഴക്കാലം സഞ്ചാരികൾക്ക് അത്ര സുഖകരമല്ല. അതുകൊണ്ട് യാത്രയ്ക്ക് തയാറെടുക്കുമ്പോൾ മഴക്കാലം ഒഴിവാക്കാം. സെപ്റ്റംബർ മുതൽ ജനുവരി വരെ വളരെ സുഖകരമായ കാലാവസ്ഥയാണ്. ബുദ്ധിമുട്ടാതെ തണുപ്പും ആസ്വദിക്കാം. 

രാവെങ്കലയിലെ പ്രധാന ആകർഷണം ഇവിടുത്തെ ബുദ്ധ ക്ഷേത്രങ്ങളും ബുദ്ധ പാർക്കുമാണ്. തഥാഗത ത്സാൽ എന്നാണു ബുദ്ധ പാർക്ക് അറിയപ്പെടുന്നത്. 130  അടിയോളം ഉയരമുള്ള ബുദ്ധപ്രതിമയാണ് പ്രധാന ആകർഷണം. ഹിമാലയൻ ബുദ്ധിസ്റ്റുകളുടെ പ്രധാന സ്ഥലം കൂടിയാണിത്. ഇതിന്റെ പിന്നിലായി ദൂരെ മഞ്ഞു മൂടിക്കിടക്കുന്ന പർവതനിരകളുടെ ഭംഗിയുമുണ്ട്. ദലൈ ലാമയാണ് ഈ ബുദ്ധപ്രതിമയെ വിശുദ്ധമാക്കി പ്രഖ്യാപിച്ചത്. ഗൗതമ ബുദ്ധന്റെ 2550 മത്തെ പിറന്നാളിന്റെ അടയാളപ്പെടുത്തലും പ്രതിമയിൽ കാണാം. 

ravangla-sikkim1
Ravangla in Sikkim Image Source:r-d-p/shutterstock

എല്ലാ സംസ്ഥാന പാതകളുമായും ബന്ധിപ്പിക്കപ്പെട്ട സ്ഥലമാണ് രാവെങ്കല. അലഞ്ഞു നടക്കുന്ന കാട്ടാടുകളുടെ പേരിൽനിന്നു പിറന്ന രാവെങ്കല എന്ന സ്ഥലത്തിന്റെ പേരിൽത്തന്നെയുണ്ട് അവിടുത്തെ കാടിന്റെ ഭംഗി. വൈൽഡ് ലൈഫ് സാങ്ച്വറിയിലെ ട്രെക്കിങ്ങിന്റെ തുടക്കവും ഇവിടെത്തന്നെയാണ്. കാടും ബുദ്ധനും തണുപ്പും അപൂർവങ്ങളായ പൂക്കളും പക്ഷികളുമെല്ലാം സഞ്ചാരികളെ കാത്ത് ഇവിടെയുണ്ട്. 

English Summary: Ravangla Sikkim’s hidden gem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com