‘കളിപ്പിക്കില്ലെന്ന് ഗംഭീറിന്റെ ഭീഷണി, പിആർ സംഘമുണ്ടെങ്കിൽ ഞാന്‍ ഇന്ത്യൻ ക്യാപ്റ്റന്‍ വരെയാകും’

Mail This Article
കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം മനോജ് തിവാരി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുമ്പോൾ, ഒരു മത്സരത്തിലും ഇറക്കില്ലെന്ന് ഗംഭീർ ഭീഷണിപ്പെടുത്തിയതായി മനോജ് തിവാരി തുറന്നടിച്ചു. ഈ സംഭവത്തിനു കൊൽക്കത്തയുടെ ബോളിങ് പരിശീലകനായിരുന്ന വാസിം അക്രം സാക്ഷിയായിരുന്നെന്നും തിവാരി ഒരു സ്പോർട്സ് മാധ്യമത്തിലെ ചർച്ചയിൽ തുറന്നടിച്ചു. ഗൗതം ഗംഭീറിനെ ‘കാപട്യക്കാരനെന്നു’ മനോജ് തിവാരി വിളിച്ചത് നേരത്തേ വിവാദമായിരുന്നു.
‘‘ഒരു പുതിയ താരം ഉയർന്നുവരുമ്പോള്‍ മാധ്യമങ്ങളില്‍ അദ്ദേഹം പരിഗണിക്കപ്പെടുന്നതു സ്വാഭാവികമായ കാര്യമാണ്. അതായിരിക്കാം ഗംഭീറിന് എന്നോട് ഇത്ര ദേഷ്യമുണ്ടാകാൻ കാരണം. എനിക്ക് പിആർ സംഘമുണ്ടായിരുന്നെങ്കിൽ ഞാനിപ്പോൾ ഇന്ത്യൻ ടീം ക്യാപ്റ്റൻ വരെയാകുമായിരുന്നു. ഒരിക്കല്‍ ഈഡൻ ഗാർഡൻസിൽവച്ച് ഞാനും ഗംഭീറും തമ്മിൽ തർക്കമുണ്ടായി. ഞാൻ അസ്വസ്ഥനായി ശുചിമുറിയിലേക്കു പോയി.’’
‘‘ഈ സമീപനം നടക്കില്ലെന്നും എന്നെ കളിപ്പിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നതെന്ന് ഞാൻ ഗംഭീറിനോടു ചോദിച്ചു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു. പരിശീലകനായ വാസിം അക്രമാണ് ആ പ്രശ്നം പരിഹരിച്ചത്. അല്ലെങ്കിൽ അവിടെ അടി നടക്കുമായിരുന്നു. രഞ്ജി ട്രോഫി മത്സരങ്ങളുടെ സമയത്തും ഇങ്ങനെയായിരുന്നു. വൈകിട്ട് എന്നെ അടിക്കുമെന്നൊക്കെയായിരുന്നു ഭീഷണി. ഇപ്പോൾ തന്നെ നോക്കാമെന്നു ഞാന്‍ മറുപടി നൽകി.’’– മനോജ് തിവാരി വ്യക്തമാക്കി.