ADVERTISEMENT

മൂന്നാറിലൊരു സൈലന്റ് വാലിയുണ്ട്. അതറിയുമോ…?   

അതുവഴി പോകണോ…?

മറയൂരിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങൾ. സാധാരണ മൂന്നാർ കാഴ്ചകൾ കാറിനു പിന്നോട്ടോടിക്കൊണ്ടിരിക്കുന്നു.  സർക്കാർ ഉദ്യോഗസ്ഥനായ സുഹൃത്ത്  വാഹനത്തിലുണ്ട്. മൂന്നാർ കാഴ്ചകൾ കണ്ടുമടുത്ത സഞ്ചാരികളുടെ മുഖം കണ്ടിട്ടായിരുന്നിരിക്കണം അദ്ദേഹം  വഴിയൊന്നു മാറ്റിപ്പിടിക്കണോ എന്ന ആദ്യ ചോദ്യം കാറിലേക്കുതിർത്തത്… 

മൂന്നാറിൽ സൈലന്റ് വാലിയോ…?  മൂന്നുപേരുടെ ചോദ്യം  കോറസ് പോലെ കാറിൽ ഉയർന്നു. അതെ. മൂന്നാറിനുള്ളിൽ നിശബ്ദതയുടെ ഒരു ഗ്രാമമുണ്ട്.  സഞ്ചാരികളെ അതിശയിപ്പിക്കുന്ന പ്രകൃതിയാണ്.  മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ ഉള്ളിലാണ് ആ സ്ഥലം. തേയില ഫാക്ടറിക്കാരിൽനിന്ന്  സാധാരണ സഞ്ചാരികൾക്ക്  അനുമതി കിട്ടാൻ പ്രയാസമാണ്. അനുമതി കിട്ടില്ലെങ്കിലും കഥ കേൾക്കാൻ രസമല്ലേ….?

ഒരിക്കൽ  ആ സുന്ദരഗ്രാമത്തിലേക്കു ഞങ്ങൾ പോയി… സർക്കാരുദ്യോഗസ്ഥൻ  കഥ പറഞ്ഞു തുടങ്ങി. 

munnar-silentvalley7

ജീപ്പ് തേയില എസ്റ്റേറ്റിന്റെ കവാടം കടന്നു മുന്നോട്ടു പോയ്ക്കൊണ്ടിരുന്നു. ടാറിട്ട പാതകളൊന്നുമില്ല അവിടെ.  സെക്യൂരിറ്റിയ്ക്ക് പാർലമെന്റിന്റെ കവാടത്തിൽ നിൽക്കുന്ന അത്ര ഗമ. സാധാരണ എസ്റ്റേറ്റ് എന്നു മാത്രമേ ആദ്യം തോന്നിയിരുന്നുള്ളൂ. എന്നാൽ പിന്നീട് തൊഴിലാളികൾ താമസിക്കുന്ന ആ ഗ്രാമത്തിലേക്ക് വാഹനം അടുത്തപ്പോൾ കഥ മാറിത്തുടങ്ങി. നീലാകാശത്തിനു താഴെ നിറഞ്ഞ പച്ചപ്പ്. വാഹനം നിർത്തി ഷൂ മാറ്റി ഞങ്ങൾ വെട്ടിനിർത്തിയ പോലെ  പുല്ലുനിറഞ്ഞ ആ  മൈതാനത്തിൽ നഗ്നപാദരായി കയറി. അടുത്തായി ഒരു നീലമല. മീശപ്പുലിമലയുടെ ഇപ്പുറമാണത്. ഇരട്ടത്തട്ടുള്ള ഒരു ജലപാതം മനുഷ്യനെ കൊതിപ്പിക്കാനായി താഴോട്ടുവീഴുന്നുണ്ട്. നീലക്കുറിഞ്ഞികൾ പൂവിടുന്ന മലയാണിത്. 

അതിവിശാലമായ പുൽമൈതാനത്തിനിപ്പുറത്ത് ഒരു ചെറു ചായക്കട. പഴയമട്ടിലുള്ള കണ്ണാടിച്ചില്ലുകൾക്കിടയിൽ പാൽകേക്കുകൾ മാത്രം. കാരണം അവിടെ അതിനുമാത്രമേ സഞ്ചാരികളെത്തുന്നുള്ളൂ. നല്ല തണുപ്പത്ത്, ഒന്നു ചാടിയാൽ തലമുട്ടുന്ന ആ ഇരുട്ടുമുറിയിലിരുന്ന് കട്ടൻചായ കുടിച്ചതിന്റെ രസം ഒന്നുവേറെ. 

തേയില എസ്റ്റേറ്റിലെ തൊഴിലാളികളുടേതാണ് സൈലന്റ് വാലി എന്ന ഗ്രാമം. തികച്ചും നിശബ്ദമായ താഴ് വാരത്തിൽ ചെറുവരകൾപോലെ നീണ്ട ലായങ്ങൾ. ഇടയ്ക്ക് തേയില കൊണ്ടുപോകാനായി എത്തുന്ന വിചിത്രരൂപികളായട്രാക്ടറുകളും ഒന്നോ രണ്ടോ ബൈക്കുകളും മാത്രമുണ്ട് അവിടെ. 

munnar-silentvalley3

ശ്രദ്ധേയമായ കാര്യങ്ങളിലൊന്ന് ആ ഗ്രാമത്തിലെ വൃത്തിയാണ്. ഒരിടത്തും പ്ലാസ്റ്റിക് മാലിന്യം കൂടിക്കിടപ്പില്ല. മാത്രമല്ല, അവ കൃത്യമായി ബിന്നിൽത്തന്നെ നിക്ഷേപിക്കുകയാണ് ഗ്രാമീണർ. അപൂർവമായെത്തുന്ന ഔദ്യോഗിക സഞ്ചാരികളും അങ്ങനെത്തന്നെ ചെയ്യുന്നതു കൊണ്ട് ആ പച്ചപ്പിൽ ഒരു കളങ്കം പോലുമില്ല. അധികനേരം അവിടെനിൽക്കാൻ പറ്റിയില്ല. പക്ഷേ, ഒരിക്കൽ കണ്ടാൽ നിങ്ങൾ ആ സ്ഥലത്തെ മറക്കില്ല. 

munnar-silentvalley4

ഗോൾഫ് ഗ്രൗണ്ടിന്റെയൊക്കെ മനോഹാരിത കണ്ടുതന്നെയറിയണം. ഇതു കേരളത്തിലാണോ എന്നൊരു സംശയം സ്വാഭാവികമായും തോന്നും. കൂടെയുണ്ടായിരുന്ന ഒരാൾ ഇങ്ങനെ പറഞ്ഞുവച്ചു- ഇതിന്റെ ഉൾവശത്ത് എന്തൊക്കെ മനോഹരമായദൃശ്യങ്ങൾ ഒളിപ്പിച്ചിട്ടുണ്ടാകും…!  എന്താണ് കണ്ണൻദേവൻ തോട്ടം മാനേജ്മെന്റിന് ഒരു പാക്കേജ് ടൂർ നടത്തിയാൽ…?  പ്രകൃതിയെ നോവിക്കാത്തവിധം ആസൂത്രണം ചെയ്യണം.  മൂന്നാറിൽനിന്നൊരു ബസ്സ് സൈലന്റ് വാലിയിലെത്തുന്നു എന്നു കേട്ടാൽ സഞ്ചാരികൾ ഇടിച്ചുകയറില്ലേ….? അന്നു ചിന്തകളിങ്ങനെ കാടുകയറിയപ്പോൾ കൂടെവന്നവർ വണ്ടി തിരിച്ചു.   

തിരിച്ചിറങ്ങുന്ന വഴികളിൽ മഞ്ഞുപൊതിയുന്നുണ്ട്.  ഇനി ഓൾഡ് ദേവിക്കുളത്തെ കുളം കണ്ട കഥ കൂടി കേട്ടുപോകാം. സീതാദേവി കുളിച്ചതായി പറയപ്പെടുന്ന കുളമാണിത്. ദേവിക്കുളം എന്ന പേര് നാടിനു വീഴാൻ കാരണം ഈ കുളമാണെന്ന് തേയിലത്തോട്ടത്തിന്റെ വാച്ചർമാരിൽ ഒരാൾ പറഞ്ഞു. ഇതിൽ വെള്ളം നിറഞ്ഞുകവിയുമ്പോൾ   ഗ്യാപ് റോഡ് കഴിഞ്ഞു പൂപ്പാറ റോഡിലെ പെരിയ കനാൽ ജലപാതത്തിലേക്ക് എത്തും.

munnar-silentvalley2

ത്രീ ഡോട്ട്സ് എന്ന സിനിമയിൽ ബിജുമേനോനും കുഞ്ചാക്കോബോബനും ഒളിച്ചുതാമസിക്കുന്ന ആ സുന്ദരമായ വീടില്ലേ…?  അതു ദേവിക്കുളം തടാകക്കരയിലാണ്. ചെറിയൊരു കുളമാണിത് സത്യത്തിൽ. പുൽമേടും ചെറുമരങ്ങളും മലനിരകളും ജലനിരപ്പും ചേരുമ്പോൾ എന്തു ഭംഗിയാണ്…  ഇവിടെയും നിങ്ങൾക്കു പ്രവേശനമില്ല. 

munnar-silentvalley

ഒരു കാടിന്റെ ഉൾക്കാമ്പിലേക്കു പ്രവേശനമില്ലെങ്കിലും കാട്ടനുഭവങ്ങൾ കേൾക്കാനും ചിത്രങ്ങൾ കാണാനും രസമല്ലേ…?  അങ്ങനെ കൂട്ടിയാൽ മതി എന്നു പറഞ്ഞ്  അദ്ദേഹം കഥ നിർത്തി. എന്നെങ്കിലും തേയിലഫാക്ടറിക്കാർ പാക്കേജ് ടൂർ ഒരുക്കുമെന്നുള്ള പ്രതീക്ഷയിൽ സൈലന്റ് വാലിയെയും സ്വപ്നം കണ്ട് ഞങ്ങൾ മറയൂരിലേക്കുളള ഇറക്കമിറങ്ങി. 

munnar-silentvalley5

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com