വീസ അപേക്ഷ നിരസിക്കപ്പെട്ടാൽ അടച്ച പൈസയെങ്കിലും തിരികെ ലഭിക്കുമോ?
Mail This Article
വിദേശയാത്ര ആഗ്രഹിക്കുന്നർ നിർബന്ധമായും വീസ അപേക്ഷ നടപടികളിലൂടെ കടന്നു പോകേണ്ടതാണ്. വീസയ്ക്ക് അപേക്ഷിക്കുന്നതും അതിനു ശേഷം വീസ വരുന്നതു വരെ കാത്തിരിക്കുന്നതും എങ്ങാനും വീസ തള്ളിപ്പോയാലുള്ള സമ്മർദ്ദവും എല്ലാം അത് അനുഭവിച്ചവർക്കു മാത്രമേ അറിയൂ. നമ്മുടെ വീസ അപേക്ഷകൾ തള്ളിപ്പോയാൽ ആ സാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്നു പലർക്കും അറിയില്ല. അതിൽ തന്നെ പ്രധാനപ്പെട്ട കാര്യം വീസയ്ക്കായി അപേക്ഷിക്കുമ്പോൾ അടച്ച ഫീസിനെക്കുറിച്ചാണ്. പലപ്പോഴും വീസ അപേക്ഷ നിരസിക്കപ്പെടുമ്പോൾ അതിനൊപ്പം തന്നെ അപേക്ഷയ്ക്ക് ഒപ്പം ഫീസ് ആയി സമർപ്പിച്ച തുകയും നഷ്ടമാകും. വീസ അപേക്ഷ സമർപ്പിക്കുമ്പോൾ ഒപ്പം നൽകുന്ന ഫീസ് തിരികെ ലഭിക്കാത്തതാണോ? അതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാം.
തിരികെ നൽകാത്ത ഫീസ് ഏതെന്ന് മനസ്സിലാക്കുക
ഏറ്റവും ആദ്യം നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം എല്ലാ വീസ ഫീസുകളും റീഫണ്ടബിൾ അഥവാ തിരികെ ലഭിക്കുന്നത് അല്ല എന്നതാണ്. മിക്ക വീസ അപേക്ഷകൾക്കൊപ്പവും ഫീസ് ആയി നൽകുന്ന തുക തിരികെ ലഭിക്കുന്നതല്ല. അപേക്ഷ നിരസിക്കപ്പെട്ടാലും ആ തുക അപേക്ഷകനു തിരികെ ലഭിക്കില്ല. കാരണം, ഈ ഫീസ് എന്നു പറയുന്നത് വീസ അപേക്ഷയുടെ പ്രൊസസിങ് കോസ്റ്റും അഡ്മിനിസ്ട്രേറ്റീവ് വർക്കിനുള്ള ഫീസും കൂടിയാണ്
റീഫണ്ട് പോളിസി എന്താണെന്നു പരിശോധിക്കുക
പൊതുവേ വീസ അപേക്ഷയ്ക്കൊപ്പം നൽകുന്ന അപേക്ഷ ഫീസ് തിരികെ ലഭിക്കുന്നതല്ല. അതേസമയം, അപേക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ചില ഫീസുകൾ തിരികെ ലഭിക്കാൻ സാധ്യതയുള്ളതാണ്. ഉദാഹരണത്തിന് നിങ്ങൾ വേഗത്തിലുള്ള പ്രൊസസിങ്ങിനൊ വീസ കൊറിയർ പോലുള്ള അധികസേവനങ്ങൾക്കോ പണം അടച്ചാൽ ഭാഗികമായി നിങ്ങൾക്കു റീഫണ്ട് ലഭിക്കും. അതുകൊണ്ടു തന്നെ ഏത് വീസയ്ക്ക് വേണ്ടിയാണോ നിങ്ങൾ അപേക്ഷിച്ചിട്ടുള്ളത് ആ എംബസിയുടെയോ കോൺസുലേറ്റിന്റെയോ നിർദ്ദിഷ്ട റീഫണ്ട് നയം പരിശോധിക്കേണ്ടതാണ്. കാരണം, ഏത് രാജ്യത്തിന്റെ വീസയാണ് എന്നതിനെ ആശ്രയിച്ച് നിയമങ്ങൾ വ്യത്യാസപ്പെടാം.
റീഫണ്ടിന് എങ്ങനെ അപേക്ഷിക്കാം
വീസ അപേക്ഷ തള്ളിപ്പോയെങ്കിലും നിങ്ങൾക്കു റീഫണ്ടിന് യോഗ്യത ഉണ്ടെന്നു ബോധ്യപ്പെട്ടാൽ എത്രയും പെട്ടെന്ന് എംബസി അല്ലെങ്കിൽ കോൺസുലേറ്റിനെ ബന്ധപ്പെടേണ്ടതാണ്. നിങ്ങൾ വീസ അപേക്ഷ സമർപ്പിച്ച എംബസിയിലോ കോൺസുലേറ്റിലോ എത്രയും പെട്ടെന്ന് എത്തിച്ചേരുക. അപേക്ഷയുടെ വിശദാംശങ്ങൾ, നിങ്ങളുടെ റഫറൻസ് നമ്പർ, അപേക്ഷയുടെ തീയതി, മറ്റ് രേഖകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അത് എന്നിവ സഹിതം റീഫണ്ടിനായി അപേക്ഷ സമർപ്പിക്കണം.
ചില എംബസികളിലും കോൺസുലേറ്റുകളിലും റീഫണ്ട് അപേക്ഷ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് നൽകേണ്ടതുണ്ട്. ഈ ഫോമിനായി എംബസിയിലോ മറ്റോ നേരിട്ടെത്തുകയോ അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക. കൂടാതെ അപേക്ഷയ്ക്കൊപ്പം രസീതുകൾ ഉണ്ടെങ്കിൽ അതും പണമടച്ചതിന്റെ തെളിവും വീസ അപേക്ഷ നിരസിക്കപ്പെട്ടതിന്റെ രേഖയും സമർപ്പിക്കേണ്ടതാണ്.
അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ എംബസിയുമായോ കോൺസുലേറ്റുമായോ നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുക. അപേക്ഷ നടപടിക്രമങ്ങളിലാണെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അത്. റീഫണ്ട് അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളുടെയും രേഖകൾ സൂക്ഷിക്കുക. അതോടൊപ്പം തന്നെ എന്തുകൊണ്ടാണ് നിങ്ങളുടെ വീസ അപേക്ഷ നിരസിക്കപ്പെട്ടതെന്ന് മനസ്സിലാക്കുകയും തെറ്റുകൾ തിരുത്തി വീസയ്ക്കായി അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്.
ഷെംഗൻ വീസ നിരസിച്ചതിലൂടെ ഇന്ത്യയ്ക്ക് സംഭവിച്ചത് 109 കോടി രൂപയുടെ നഷ്ടം!
യൂറോപ്പ് യാത്ര ആഗ്രഹിക്കുന്നവർ നിർബന്ധമായും ഷെങ്കൻ വീസയെക്കുറിച്ചും കേട്ടിട്ടുണ്ടായിരിക്കും. എന്നാൽ, കഴിഞ്ഞ വർഷം ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് കാര്യമായ സാമ്പത്തിക തിരിച്ചടികളാണ് നേരിടേണ്ടി വന്നത്. ഷെംഗൻ വീസ അപേക്ഷകൾ തള്ളിയതിനെ തുടർന്ന് ഏകദേശം 109 കോടി രൂപയാണ് ഇന്ത്യൻ യാത്രികർക്ക് നഷ്ടപ്പെട്ടത്. 9,66, 687 ഷെംഗൻ വീസ അപേക്ഷകളിൽ 1,51,752 അപേക്ഷകളാണ് തള്ളിയത്. അതേസമയം, വീസ നടപടിക്ക് വേണ്ടി വരുന്ന ചെലവും മറ്റും അപേക്ഷകരിൽ നിരവധി ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഓരോ വീസ അപേക്ഷ നിരസിക്കുമ്പോഴും വീസാ അപേക്ഷഫീസ് പിഴയായി ഈടാക്കും. അതുകൊണ്ടു തന്നെ യാത്രക്കാർക്ക് ഓരോ വീസ അപേക്ഷ നിരസിക്കപ്പെടുമ്പോഴും അത് സാമ്പത്തികമായ ബാധ്യത കൂടിയായി മാറുകയാണ്. ഓരോ വർഷം തോറും ഫീസ് വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ യൂറോപ്പ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇത് കൂടുതൽ സാമ്പത്തികഭാരമായി തോന്നും. ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതൽ ഷെങ്കൻ വീസ നിരസിക്കപ്പെടുന്ന രാജ്യങ്ങളിൽ തുർക്കിക്കും അൾജീരിയയയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഇന്ത്യ. വിസ ഫീസ് ഇനത്തിൽ മാത്രം ഏകദേശം 1172 കോടി രൂപയുടെ നഷ്ടമാണ് ആഗോളതലത്തിൽ ഉണ്ടായിരിക്കുന്നത്.