പ്രവർത്തനമികവ്, കൃത്യത; ആഗോള അംഗീകാരം നേടി സൗദിയ എയർലൈൻസ്
Mail This Article
സൗദി അറേബ്യയുടെ ദേശീയ പതാക വാഹകരായ സൗദിയ പ്രവർത്തനമികവിൽ ആഗോള തലത്തിൽ അംഗീകാരം നേടി. പ്രവർത്തനമികവും സമയത്തിലെ കൃത്യതയുമാണ് സൗദിയയെ ആഗോള അംഗീകാരത്തിലേക്ക് ഉയർത്തിയത്. ഇത് തുടർച്ചയായി രണ്ടാം തവണയാണ് സൗദിയ ഈ അംഗീകാരം സ്വന്തമാക്കുന്നത്. സ്വതന്ത്ര ഏവിയേഷൻ ട്രാക്കിങ് സൈറ്റ് സിറിയം ജൂലൈ 2024 ൽ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ചാണ് ഇത്.
റിപ്പോർട്ട് അനുസരിച്ച് പുറപ്പെടൽ സമയത്തിൽ 88.15% കൃത്യതയും എത്തിച്ചേരൽ സമയത്തിൽ 88.12% കൃത്യതയും സൗദിയ പുലർത്തി. നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം നൂറിലധികം ഡെസ്റ്റിനേഷനുകളിലായി 16,503 ഫ്ലൈറ്റുകളാണ് പ്രവർത്തിപ്പിച്ചത്. വരുന്ന വർഷങ്ങളിൽ സൗദിയ 103 പുതിയ വിമാനങ്ങൾ രംഗത്തു കൊണ്ടു വരും. പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് ആയിരിക്കും ഈ സേവനങ്ങൾ. വിഷൻ 2030 ന് അനുസൃതമായി ലോകത്തെ രാജ്യത്തേക്കു കൊണ്ടുവരാനുള്ള പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇത്.
അറബ് രാജ്യമായ സൗദി അറേബ്യയുടെ ദേശീയ പതാക വാഹകരാണ് സൗദിയ. 1945 ൽ സ്ഥാപിതമായ സൗദിയ മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ എയർലൈൻസ് ആണ്. തങ്ങളുടെ വിമാനങ്ങൾ പുതുക്കുന്നതിൽ വലിയ നിക്ഷേപമാണ് സൗദിയ നടത്താറുള്ളത്. ഏകദേശം 4 ഭൂഖണ്ഡങ്ങളിലായി 100 ലധികം വിമാനത്താവളങ്ങളിലേക്കാണ് സൗദിയ എയർലൈൻ എത്തുന്നത്. സൗദി അറേബ്യയിലെ 28 വിമാനത്താവളങ്ങളിലേക്കും സൗദിയ സർവീസ് നടത്തുന്നുണ്ട്.
രാജ്യാന്തര വ്യോമയാന ഗതാഗത അസോസിയേഷൻ IATA ലും അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷൻ AACO ലും അംഗമായ സൗദിയ 2012 മുതൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യമായ സ്കൈടീം അംഗവുമാണ്. ദ അപെക്സ് ഒഫിഷ്യൽ എയർലൈൻ റേറ്റിങ്സ് അവാർഡുകളിൽ തുടർച്ചയായ മൂന്നാം വർഷവും സൗദിക്ക് 'വേൾഡ് ക്ലാസ് എയർലൈൻ 2024' പുരസ്കാരം ഈയിടെ ലഭിച്ചു. സ്വതന്ത്ര ഏവിയേഷൻ ട്രാക്കിങ് സൈറ്റ് ആയ സിറിയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് സമയത്തിൽ കൃത്യത പുലർത്തിയതിന് ആഗോള എയർലൈനുകളിൽ ഒന്നാമതെത്തി.