മകര സംക്രാന്തിയും മകര വിളക്കും
Mail This Article
ദക്ഷിണായനത്തിൽനിന്ന് ഉത്തരായണത്തിലേക്കുള്ള സൂര്യന്റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. മകര മാസത്തിന്റെ തുടക്കത്തിലായിരുന്നു ഉത്തരായണം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14 നോ 15 നോ മകരസംക്രാന്തി ആഘോഷിക്കുന്നു. എന്നാൽ ഭൂമിയുടെ അയനം നിമിത്തം ഇപ്പോൾ ഉത്തരായണം ആരംഭിക്കുന്നത് ഡിസംബർ 23 ന്റെ അന്നാണ്. ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം അടക്കമുള്ള പല ക്ഷേത്രങ്ങളിലും വലിയ ആഘോഷങ്ങൾ മകര സംക്രാന്തിയോടനുബന്ധിച്ച് നടക്കുന്നു.
മകരം ഒന്നിന് വൈകുന്നേരം നടക്കുന്ന ദീപാരാധന വളരെ വിശേഷപ്പെട്ടതാണ്. ഈ ദീപാരാധനയോടൊപ്പം ശബരിമല ക്ഷേത്രത്തിന്റെ സമീപത്തുള്ള പൊന്നമ്പലമേട് എന്ന മലയുടെ മുകളിലുള്ള വനക്ഷേത്രത്തിലും ദീപാരാധന നടക്കും. മൂന്നു പ്രാവശ്യമാണ് ഇവിടെ മകരവിളക്ക് തെളിക്കുക. സന്നിധാനത്തു നിന്നാൽ ഇത് കാണാം. മകരസംക്രാന്തി നാളിൽ ഒരു വ്യക്തിക്ക് പൂജ, ജപം, തപസ്സ്, ദാനധർമങ്ങൾ എന്നിവയിലൂടെ മംഗളകരമായ ഫലങ്ങൾ ലഭിക്കും. ഈ ദിവസം ഗംഗയിൽ കുളിച്ചാൽ ആ വ്യക്തി അറിയാതെ ചെയ്ത പാപങ്ങളെല്ലാം മാറുമെന്നും വിശ്വസിക്കപ്പെടുന്നു.
ഭീഷ്മ പിതാമഹൻ സ്വമേധയാ മരണം വരിച്ചതായി മഹാഭാരതം പറയുന്നു. ശരശയ്യയിലായ ശേഷവും, സൂര്യൻ ഉത്തരായണമാകുന്നത് വരെ കാത്തിരുന്നു. ഒടുവിൽ മാഘ മാസത്തിലെ ശുക്ല പക്ഷത്തിലെ അഷ്ടമി തിഥിയിൽ നാരായണനെ വണങ്ങിയ ശേഷം അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഉത്തരായണകാലത്ത് മരിക്കുന്നവർക്ക് മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.