തമ്മിൽ ഭേദം രൂപ
Mail This Article
കൊച്ചി ∙ യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ കനത്ത വിലയിടിവു നേരിടുകയാണെങ്കിലും പല കറൻസികളെയും അപേക്ഷിച്ചു വളരെ മികച്ച നിലവാരം നിലനിർത്താൻ കഴിയുന്നതു രൂപയ്‌ക്ക്. ഒരു വർഷത്തിനിടയിൽ പല കറൻസികളിലും നേരിട്ട നഷ്‌ടം10 മുതൽ 20% വരെയാണെങ്കിൽ രൂപയുടെ വിലയിടിവു 2.68% മാത്രം.
കഴിഞ്ഞ വർഷത്തെ ആദ്യ ഒൻപതു മാസങ്ങളിലും ഏറെക്കുറെ സ്‌ഥിരത പാലിച്ച രൂപയ്‌ക്ക് അവസാന ത്രൈമാസത്തോടെയാണു തുടർച്ചയായി പടിയിറക്കം. അതിനുള്ള കാരണങ്ങളാകട്ടെ അനേകവും:
1..യുഎസ് പ്രസിഡന്റ് സ്‌ഥാനത്തേക്ക് 20നു തിരിച്ചെത്തുന്ന ഡോണൾഡ് ട്രംപ് സ്വീകരിച്ചേക്കാവുന്ന ഇറക്കുമതി നയം സംബന്ധിച്ച ആശങ്ക മൂലം ഡോളറിനുണ്ടായിരിക്കുന്ന വർധിത ഡിമാൻഡ്.
2..യുഎസ് കടപ്പത്രങ്ങളിൽനിന്നുള്ള വരുമാനത്തിലെ അഞ്ചു ശതമാനത്തോളമുള്ള വർധന.
3. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ ഇളവ് ഈ വർഷം ഒരു തവണ മാത്രമാകാനുള്ള സാധ്യത.
4.ക്രൂഡ്‌ഓയിൽ വില വർധന
5.ഓഹരി, കടപ്പത്ര വിപണികളിൽനിന്നു പിൻവലിക്കപ്പെടുന്ന ഡോളറിന്റെ ഭീമമായ അളവ്.
6.വ്യാപാരക്കമ്മിയിലെ വർധന.
7.ഉയർന്ന പണപ്പെരുപ്പം
ഇത്ര പ്രതികൂലമായ സാഹചര്യത്തിലും രൂപയ്‌ക്കു കാര്യമായ ക്ഷീണമേറ്റില്ലെന്നതാണു ശ്രദ്ധേയം. ബ്രസീലിലെ റീയലിനുണ്ടായ വിലയിടിവ് 20 ശതമാനമാണ്. റഷ്യയുടെ റൂബിളിനു 18.6 ശതമാനവും മെക്‌സിക്കോയുടെ പെസോയ്‌ക്കു18 ശതമാനവും വിലയിടിഞ്ഞു. 11.6ശതമാനമാണു ദക്ഷിണ കൊറിയയിലെ വോണിനു സംഭവിച്ച വിലത്തകർച്ച.
ജപ്പാന്റെ യെൻ 10.3% താഴേക്കുപോയി. സിംഗപ്പൂർ ഡോളർ, ഫിലിപ്പീൻസിന്റെ പെസോ, മലേഷ്യൻ റിജിറ്റ് എന്നിവയുടെ വിലയിടിവും രൂപയുടേതിനെക്കൾ കൂടുതൽ.
അതേസമയം, യെന്നുമായുള്ള നിരക്കിൽ രൂപയ്‌ക്ക് 8.7% നേട്ടമാണുണ്ടായത്. യൂറോയുമായുള്ള വിനിമയ നിരക്കിൽ അഞ്ചു ശതമാനത്തിലേറെ നേട്ടം.
കരുതലോടെ ഇടപെട്ട് ആർബിഐ
രൂപയുടെ വിലയിടിവ് അപകടകരമാകാതിരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പല മാർഗങ്ങളും സ്വീകരിക്കുന്നുണ്ട്.
ഇന്റർബാങ്ക് ഫോറെക്‌സ് വിപണിയിൽ പൊതു മേഖലയിലെ ബാങ്കുകളിലൂടെയുള്ള ഡോളർ വിൽപനയാണ് ഒരു മാർഗം. ഇതു പക്ഷേ, രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ദുർബലമാക്കുമെന്നതാണ് അപകടം. രൂപയുടെ സംരക്ഷണത്തിന് ആർബിഐ 12,000 കോടി ഡോളർ ചെലവിട്ടുകഴിഞ്ഞു.
വിദേശ വിപണികളിൽ ഡോളറിന്റെ അവധിക്കരാറിൽ ഏർപ്പെടുന്നതും ആർബിഐ സ്വീകരിക്കുന്ന മാർഗമാണ്. പന്തയക്കരാറിന് ഏറെക്കുറെ സമാനമെന്നു പറയാവുന്ന അവധിക്കരാർ പക്ഷേ, ഭാവിയിൽ കനത്ത നഷ്‌ടത്തിന് ഇടവരുത്താമെന്നതിനാൽ ആർബിഐ കരുതലോടെയാണു നീങ്ങുന്നത്.
അതേസമയം, വിലയിടിവു തുടർന്നാൽ 6 – 10 മാസത്തിനകം വിനിമയ നിരക്ക് 90 – 92 രൂപ വരെ എത്തിയേക്കാമെന്നാണു വിദേശനാണ്യ വിപണിയുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.
17 പൈസ നേട്ടം
ഇന്നലത്തെ വ്യാപാരത്തിൽ ഡോളറിനെതിരെ രൂപയ്ക്ക് 17പൈസയുടെ നേട്ടം. മൂല്യം 86.53ലേക്കു തിരിച്ചുകയറി.
ഓഹരി വിപണിയിലെ നേട്ടവും ഡോളർ ഇൻഡക്സിലുണ്ടായ നേരിയ കുറവുമാണ് രൂപയ്ക്കു തുണയായത്.