ADVERTISEMENT

ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന സമയം. കോൺഗ്രസിന്‌റെ ഒരു സമ്മേളനം മുംബൈയിൽ (അന്നത്തെ ബോംബെയിൽ ) വച്ചു നടത്തി. ഗാന്ധിജിയുടെ വലിയ അനുയായിയായ ദത്തത്രേയ ബാലകൃഷ്ണ കലേൽക്കറും സമ്മേളനത്തിൽ പങ്കെടുക്കാൻ ഗാന്ധിജിക്കൊപ്പം പോയിരുന്നു. കാക കലേൽക്കർ എന്നു സ്‌നേഹപൂർവം അറിയപ്പെട്ടിരുന്ന ദത്തത്രേയ സാമൂഹിക പരിഷ്‌കർത്താവും മാധ്യമപ്രവർത്തനും കൂടിയായിരുന്നു. മഹാരാഷ്ട്രയിലെ സത്താറയായിരുന്നു അദ്ദേഹത്തിന്‌റെ ജന്മദേശം.

സമ്മേളനകാലയളവിൽ ഒരു ദിനം ഗാന്ധിജി തന്‌റെ മുറിയിലും മേശയ്ക്കുള്ളിലുമൊക്കെ ധൃതി പിടിച്ച് തിരഞ്ഞുകൊണ്ടിരിക്കുന്നത് കലേൽക്കർ കണ്ടു. അദ്ദേഹം മഹാത്മാവിനരികിലേക്ക് ആകാംഷയോടെ ഓടിയെത്തി. എന്താണ് അദ്ദേഹം തിരയുന്നതെന്ന് ആരാഞ്ഞു.

തന്‌റെ കൈവശമുണ്ടായിരുന്ന ഒരു പെൻസിൽ കളഞ്ഞുപോയെന്നും അതു കണ്ടെത്താൻ ശ്രമിക്കുകയാണെന്നുമായിരുന്നു ഗാന്ധിജിയുടെ മറുപടി. ഇതിനായാണോ അദ്ദേഹം ഇത്രയും സമയം കളയുന്നതെന്നു ചിന്തിച്ച കലേൽക്കർ തന്‌റെ പെൻസിൽ ഗാന്ധിജിക്കു നൽകാൻ ശ്രമിച്ചു. അതു വേണ്ടെന്നും കളഞ്ഞുപോയ തന്‌റെ പെൻസിൽ തന്നെയാണു വേണ്ടതെന്നും ഗാന്ധിജി നിർബന്ധം പിടിച്ചു.

വെറുതെ സമയം കളയേണ്ടെന്ന് പറഞ്ഞ കലേൽക്കറിനോട് ആ പെൻസിൽ തനിക്ക് വളരെ വിലപ്പെട്ടതാണെന്ന് ഗാന്ധിജി അറിയിച്ചു. ഒരിക്കൽ ചെന്നൈയിൽ(അന്നത്തെ മദ്രാസ്) ചെന്നപ്പോൾ ഒരു കൊച്ചു കുട്ടി വലിയ സ്‌നേഹത്തോടെ സമ്മാനിച്ചതാണത്രേ ആ പെൻസിൽ. അത് കളഞ്ഞുപോകുന്നത് തനിക്കു സഹിക്കാനാവുന്ന കാര്യമല്ലെന്നും ഗാന്ധിജി അറിയിച്ചു.

കലേൽക്കർ പിന്നീട് കൂടുതലൊന്നും പറഞ്ഞില്ല. അദ്ദേഹം ഗാന്ധിജിക്കൊപ്പം പെൻസിലിനായുള്ള തിരച്ചിലിൽ പങ്കുചേർന്നു. ഒടുവിൽ അവർ ആ പെൻസിൽ കണ്ടെത്തുക തന്നെ ചെയ്തു. വെറും രണ്ടിഞ്ച് മാത്രം നീളമുള്ള ചെറിയൊരു കുറ്റിപ്പെൻസിലായിരുന്നു അത്. പക്ഷേ ഗാന്ധിജിയെ സംബന്ധിച്ച് അതൊരു കുട്ടിയുടെ സ്‌നേഹമായിരുന്നു. കുട്ടികളുടെ സ്‌നേഹം അദ്ദേഹത്തെ സംബന്ധിച്ച് ഏറ്റവും വിലപിടിപ്പുള്ള കാര്യവുമായിരുന്നു.

Content Highlights: Gandhiji search for pencil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com