കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡ്, ആഹ്ലാദിച്ച് സിപിഎം; പക്ഷേ, വനിതാ നേതാവ് ചെന്നു പെട്ടത്..

Mail This Article
സന്തോഷിക്കാനും ആശ്വസിക്കാനും എല്ലാവർക്കും അവകാശമുണ്ട്. എന്നാലും മുഖം വാടാനും തയാറായിരിക്കണം. കായംകുളത്തെ കൊള്ളപ്പലിശ വിവാദവും അതു തന്നെ പറയുന്നു. കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡ് നടന്നപ്പോൾ ആഹ്ലാദിച്ച് ആഞ്ഞടിക്കാൻ ഒരുങ്ങിയതാണ് സിപിഎം. പക്ഷേ, ആ തിരി തല്ലിക്കെടുത്തി തൊട്ടുപിന്നാലെ മറ്റൊരു റെയ്ഡിനു നടുവിലേക്കു പാർട്ടിയുടെ വനിതാ നേതാവ് ചെന്നു പെട്ടു. അതോടെ ആഹ്ലാദവും ആശ്വാസവും കോൺഗ്രസ് ക്യാംപിലേക്കു കൂറുമാറി. രാഷ്ട്രീയത്തിൽ എന്തും എപ്പോഴും സംഭവിക്കാമെന്നു കാരണവൻമാർ വെറുതെ പറഞ്ഞതല്ല.
കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡ് നടന്നതറിഞ്ഞ് സിപിഎം കാര്യങ്ങൾ നീക്കുമ്പോഴാണ് പാർട്ടിയുടെ ഒരു ജനപ്രതിനിധി അവരുടെ തലപ്പത്തുള്ളയാളെ ഫോണിൽ വിളിച്ചത്. പൊലീസ് ബുദ്ധിമുട്ടുണ്ടാക്കുന്നു, ഒന്നിവിടം വരെ വരണം എന്നായിരുന്നു ജനപ്രതിനിധിയുടെ ന്യായമായ ആവശ്യം. തലൈവി അങ്ങോട്ടു കുതിച്ചതാണ്. പിന്നെയാണ് അറിഞ്ഞത് വിളിച്ചയാൾ വീട്ടിലല്ല, മറ്റൊരു സ്ഥലത്താണ്. അങ്ങോട്ടാണു ചെല്ലേണ്ടത്. ചെന്നതു നല്ല സ്ഥലത്തും സമയത്തുമായിരുന്നു. അവിടെയും പൊലീസ് റെയ്ഡ്.
പിന്നെ ചെയ്യാവുന്നത് പൊലീസിനെ കാര്യങ്ങൾ പഠിപ്പിക്കുകയാണ്. നന്നായി ക്ലാസെടുത്തു. റെയ്ഡ് നടക്കുന്നത് ജനപ്രതിനിധിയുടെ ഭർത്താവിന്റെ ബന്ധുവിന്റെ വീട്ടിലാണെന്നും ആ ബന്ധുവാണ് കേസിലെ മുഖ്യപുള്ളിയെന്നും അറിയാൻ അൽപം വൈകി. ജനാധിപത്യത്തിൽ അതൊരു കുറ്റമാണോ? കോൺഗ്രസ് നേതാവിന്റെ വീട്ടിൽ റെയ്ഡ് നടന്നെങ്കിലും പൊലീസ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ലല്ലോ, പിന്നെങ്ങനെ കുറ്റക്കാരാകും എന്ന കോൺഗ്രസിന്റെ ആശ്വാസത്തിലും വലിയ കാര്യമില്ലെന്നതാണ് ഇപ്പോൾ അവസ്ഥ.
പക്ഷേ, കേസ് അന്വേഷിച്ചു പോയ പൊലീസുകാരനെ ഇടുക്കിയിൽ വച്ചു കുത്തിയ കേസിലെ പ്രതികൾക്കു ജാമ്യത്തിനും മറ്റും കാശു കൊടുത്തതിൽ നേതാവിനുള്ള പങ്കിന്റെ വിവരങ്ങൾ പൊലീസിനു കിട്ടിയെന്നാണു വിവരം.വേണമെങ്കിൽ കൈകൊടുത്തു കളി സമനിലയിൽ അവസാനിപ്പിക്കാമെന്ന സാഹചര്യമുണ്ട്. അവസരം വേണ്ടവിധം ഉപയോഗിക്കുന്നതാണു രാഷ്ട്രീയം എന്ന കാര്യത്തിൽ ആരെങ്കിലും എതിരു പറയുമോ?