കടുപ്പം കൂടിയ പോരാട്ടത്തിൽ ജയിച്ചുകയറി ആന്റണി ജോൺ
Mail This Article
കോതമംഗലം ∙ ഉയരങ്ങളിലേക്കു പോകുന്തോറും പോരാട്ടത്തിനു കടുപ്പം കൂടിയെങ്കിലും ഹൈറേഞ്ച് പോരിൽ എൽഡിഎഫിനു തന്നെ വീണ്ടും ആധിപത്യം. കഴിഞ്ഞ തവണ വൻ അട്ടിമറിയിലൂടെ യുഡിഎഫിൽ നിന്നു പിടിച്ചെടുത്ത മണ്ഡലം ഭൂരിപക്ഷം കുറഞ്ഞെങ്കിലും ആന്റണി ജോണിലൂടെ തന്നെ എൽഡിഎഫ് നിലനിർത്തി. കഴിഞ്ഞ തവണത്തെ 19,282 വോട്ട് ഭൂരിപക്ഷം ഇക്കുറി 6605 ആയി. ഉറച്ച യുഡിഎഫ് മണ്ഡലമായി വിലയിരുത്തപ്പെട്ട കോതമംഗലത്തെ തുടർവിജയം എൽഡിഎഫിനു നേട്ടം തന്നെയാണ്.
വോട്ടെണ്ണലിന്റെ തുടക്കം മുതൽ മുന്നേറിയ ആന്റണി ജോൺ അവസാന റൗണ്ട് വരെ ആധിപത്യം തുടർന്നു. പിണ്ടിമന പഞ്ചായത്തിലും നഗരസഭയിലും മാത്രമാണു യുഡിഎഫ് സ്ഥാനാർഥി ഷിബു തെക്കുംപുറത്തിനു നേരിയ മുൻതൂക്കമുണ്ടായത്. കോട്ടപ്പടി, കുട്ടമ്പുഴ, കീരംപാറ, നെല്ലിക്കുഴി, വാരപ്പെട്ടി, പല്ലാരിമംഗലം, കവളങ്ങാട് പഞ്ചായത്തുകളിലും തപാൽ വോട്ടിലും ആന്റണി ജോൺ ലീഡ് നേടി. നെല്ലിക്കുഴിയാണു കൂടുതൽ ലീഡ് നൽകിയത്.
എൻഡിഎ സ്ഥാനാർഥി ഷൈൻ കെ.കൃഷ്ണനെ കടത്തിവെട്ടി ട്വന്റി20 സ്ഥാനാർഥി ഡോ. ജോ ജോസഫ് മൂന്നാമതെത്തിയതും ശ്രദ്ധേയമായി. ഡോ. ജോ നേടിയ 7978 വോട്ടുകൾ യുഡിഎഫ് വോട്ടു ബാങ്കുകളിൽ ചോർച്ചയുണ്ടാക്കിയെന്നാണു വിലയിരുത്തൽ. ചില സാമുദായിക ഘടകങ്ങളുടെ പിന്തുണയും തുണച്ചത് എൽഡിഎഫിനെയാണു കരുതപ്പെടുന്നു. കഴിഞ്ഞ തവണത്തേതിൽ നിന്ന് എൻഡിഎ വോട്ട് മൂന്നിലൊന്നായി കുറഞ്ഞതു വോട്ട് കച്ചവടത്തിന്റെ ഭാഗമാണെന്ന് എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ പരസ്പരം ആരോപിക്കുന്നു. എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾക്ക് അപരൻമാരുണ്ടായെങ്കിലും ജയപരാജയത്തെ സ്വാധീനിച്ചില്ല.