ADVERTISEMENT

കരിവെള്ളൂർ∙ 51 വർഷങ്ങൾക്കിപ്പുറവും സിനിമാപ്രേമികളുടെ മനസ്സിൽ നിറയുന്നു കരിവെള്ളൂർ ലീന ടാക്കീസ്. ആദ്യകാല സിനിമകളുടെയും ടാക്കീസിന്റെയും പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. 1972 ഓഗസ്റ്റിലാണ് കരിവെള്ളൂരിൽ ലീന ടാക്കീസ് തുടങ്ങുന്നത്. പയ്യന്നൂർ എംഎൽഎ എ.വി.കുഞ്ഞമ്പുവായിരുന്നു ഉദ്ഘാടകൻ. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.കൃഷ്ണൻ അധ്യക്ഷനായി. പറശ്ശിനിക്കടവ് സ്വദേശി പി.പി.ബാലകൃഷ്ണനായിരുന്നു ഉടമ. പറശ്ശിനിക്കടവുകാരനായ കെ.വി.കുഞ്ഞിരാമനായിരുന്നു മാനേജർ. ഇദ്ദേഹം പിന്നീട് നാട്ടുകാരുടെ സിനിമാ കുഞ്ഞിരാമേട്ടനായി.

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കരിവെള്ളൂർ ലീന ടാക്കീസിന്റെ സിനിമാ പോസ്റ്റർ.

ആദ്യ സിനിമ 

‘കരകാണാക്കടൽ’ ആണ് ആദ്യം പ്രദർശിപ്പിച്ചത്‌. സത്യൻ, മധു, ജയഭാരതി, കവിയൂർ പൊന്നമ്മ തുടങ്ങിയവരെ കൊട്ടകയിലെ വെളിച്ചത്തിൽ കണ്ടവർ കരഘോഷത്തോടെ സ്വീകരിച്ചു. സിനിമയ്ക്കു വേണ്ടി മാത്രമല്ല ആ കരഘോഷവും കയ്യടിയും, ടാക്കീസിനു കൂടിയുള്ളതായിരുന്നു. കൊടക്കാട്, മാണിയാട്ട്, വെള്ളൂർ, പിലിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു സിനിമാ പ്രേമികൾ ലീനയിലേക്ക് എത്തി. ബെഞ്ചിന് 60 പൈസ, കസേര ഒരു രൂപ, റിസർവേഷന് 1 രൂപ 50 പൈസ എന്നിങ്ങനെയായിരുന്നു ടിക്കറ്റ് നിരക്ക്. 

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന കരിവെള്ളൂർ ലീന ടാക്കീസിന്റെ സിനിമാ പോസ്റ്റർ.

'യാഹി മാധവ യാഹി കേശവ' 

ഒരു കാലത്തു നാടിന്റെ ക്ലോക്കായും ടാക്കീസ് നിലകൊണ്ടു. സിനിമ തുടങ്ങുന്നതിന് മുൻപ് ടാക്കീസിന്റെ ഉച്ചഭാഷിണിയിൽ നിന്ന് അലയടിച്ച ‘ഏണിപ്പടികൾ’ എന്ന ചിത്രത്തിൽ മാധുരി പാടിയ 'യാഹി മാധവ യാഹി കേശവ' എന്ന ഗാനം നാടിനെ കൃത്യമായ ഇടവേളകളിൽ സമയമറിയിച്ചുകൊണ്ടേയിരുന്നു. ഈ ഗാനം കേട്ടാണ് വയലിലെ തൊഴിലാളികൾ അന്നന്നത്തെ പണി നിർത്തിയിരുന്നതു പോലും! പ്രദർശനം തുടങ്ങിയ ആദ്യ നാളുകളിൽ വൈകിട്ട് 6.30 നും രാത്രി 9.30 നും ആയിരുന്നു കളികൾ. പിന്നീട് വൈകിട്ട് 3ന് മാറ്റിനി ഷോയും നടന്നു. 

അനൗൺസ്മെന്റ്, നോട്ടിസ് പിന്നെ സിനിമാപ്പെട്ടി

സിനിമ മാറി പുതിയത് പ്രദർശിപ്പിക്കുന്നത് വെള്ളിയാഴ്ചകളിൽ തന്നെ. വ്യാഴാഴ്ചകളിൽ മണക്കാട്ടെ ടി.കൃഷ്ണൻ നായർ, കരിവെള്ളൂർ രാജൻ തുടങ്ങിയവരായിരുന്നു അനൗൺസ്മെന്റ് നടത്തിയത്‌. മണക്കാട്ടെ എ.കെ.ഗോപാലനാണ് നോട്ടിസ് ഒട്ടിക്കാൻ പോയത്. കോഴിക്കോട് നിന്ന് വരുന്ന ‘ജയശ്രീ’ ബസിലാണ് സിനിമാപ്പെട്ടി കരിവെള്ളൂരിലെത്തുന്നത്. ബസാറിലെ ഏക ചുമട്ടുകാരനായ നാട്ടുകാരുടെ ഗോപാലേട്ടൻ പെട്ടി ചുമന്ന് ടാക്കീസിലെത്തിക്കും. പെട്ടിക്കകത്ത് നസീർ, ജയൻ, സത്യൻ, മധു ഇവരിലാരായിരിക്കും എന്നതിനെ ചൊല്ലി നാട്ടുകാർ വാതുവയ്ക്കുക പതിവായിരുന്നു. കരിവെള്ളൂരിലെ ഉത്സവമായ ഡിസംബർ 20നും മുച്ചിലോട്ട് പെരുങ്കളിയാട്ടത്തിനും മറ്റു വിശേഷ ദിവസങ്ങളിലും ലീനയിൽ നേരം പുലരും വരെ സിനിമ പ്രദർശിപ്പിച്ചു. ലീനയ്ക്കു പിറകിൽ പ്രവർത്തിച്ച ഓരോ ആളുകളും ഓരോ കഥാപാത്രങ്ങളാണ്. 2007ലെ ക്ലാസ്മേറ്റ്സാണ് ടാക്കീസിൽ അവസാനം പ്രദർശിപ്പിച്ചത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com