6000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്ക്, ഡീസലുമായി പമ്പ് അരികിലെത്തും; ഡ്രൈവറടക്കം 2 ജീവനക്കാര്‍

Mail This Article
അഞ്ചാലുംമൂട് ∙ സഞ്ചരിക്കുന്ന ഡീസൽ പമ്പ് ഇനി മുതൽ കൊല്ലത്തും. ജില്ലയിലെവിടെയും ഡീസൽ ആവശ്യമുള്ള ഉപഭോക്താക്കൾക്കരികിലേക്ക് എത്താൻ സഞ്ചരിക്കുന്ന പമ്പ് റെഡി. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ രണ്ടും ഭാരത് പെട്രോളിയത്തിന്റെ ഒരു വാഹനവുമടക്കം 3 സഞ്ചരിക്കുന്ന ഡീസൽ പമ്പാണ് ജില്ലയിൽ പ്രവർത്തന സജ്ജമാകുന്നത്. ആദ്യ വാഹനം നീണ്ടകരയിലെ ഐഒസിയുടെ പമ്പിൽ നിന്നും ഈ മാസം അവസാന വാരത്തോടെ നിരത്തിലിറങ്ങും.
ജനറേറ്ററുകൾ ഉപയോഗിക്കുന്ന ഷോപ്പിങ് മാളുകൾ, ആശുപത്രികൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇന്ധനം നേരിട്ട് എത്തിച്ചു നൽകാൻ ലക്ഷ്യമിട്ടാണ് സഞ്ചരിക്കുന്ന പമ്പുകൾ നിരത്തിലിറങ്ങുന്നത്. 6000 ലീറ്റർ ഡീസൽ സംഭരണ ശേഷിയുള്ള ടാങ്കും അതിനൊപ്പം പമ്പിലേതിന് സമാനമായ ഡിജിറ്റൽ പമ്പും ഉൾപ്പെടുത്തിയാണ് വാഹനം നിർമിച്ചിട്ടുള്ളത്. ഡ്രൈവറടക്കം 2 ജീവനക്കാരുണ്ടാകും. പമ്പുകളിലെ ടാങ്കുകളിൽ നിന്നുമാണ് വാഹനത്തിലെ ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നത്. ഇതിനായി പ്രത്യേക ലോഡിങ് സംവിധാനവും പമ്പുകളിൽ ഒരുക്കിയിട്ടുണ്ട്.