കത്രികപ്പൂട്ടിട്ട് ഈരാറ്റുപേട്ട

Mail This Article
ഈരാറ്റുപേട്ട ∙ ലോക്ഡൗണിനിടെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഞായർ ലോക്ഡൗണിനോടു പൊതുജനങ്ങളുടെ സഹകരണം പൂർണമായിരുന്നു. പൂർണ ഒഴിവു ദിനമായ ഇന്നലെ പ്രദേശം പൂർണമായും വിജനമായി. സാധാരണ തിരക്ക് ഉണ്ടാകാറുള്ള ടൗൺ രാവിലെ മുതൽ വിജനമാണ്. നഗരത്തിലെ സ്ഥിരം സാന്നിധ്യമായ ഇരുചക്രവാഹനങ്ങൾ പോലും കാണാനില്ലായിരുന്നു. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞു കിടന്നു.
മെഡിക്കൽ ഷോപ്പുകളും ചിലത് മാത്രമാണ് തുറന്നത്.ഗ്രാമീണ പ്രദേശങ്ങളിൽ നിന്നും അത്യാവശ്യ യാത്രയ്ക്കായി പോയ ഇരുചക്രവാഹനങ്ങളും വളരെ കുറവായിരുന്നു. ലോക്ഡൗൺ ദിനങ്ങളിൽ നഗരത്തിൽ പരിശോധന നടത്തിയിരുന്ന പൊലീസും, ജനം സഹകരിച്ചതോടെ ഇത്തവണ അകലം പാലിച്ചു. അമ്പാറയിൽ റിലയൻസ് പമ്പ് തുറന്നു പ്രവർത്തിച്ചു. ഈരാറ്റുപേട്ട, പൂഞ്ഞാർ മേഖലയിലെ പെട്രോൾ പമ്പുകൾ തുറന്നില്ല. പാഴ്‌സൽ സർവീസിന് അനുമതിയുണ്ടായിട്ടും ഹോട്ടലുകളും തുറന്നില്ല.