നിയമം തിരുത്തിയ നിശ്ചയദാർഢ്യം; മോഹനകുമാർ പടിയിറങ്ങി ഡപ്യൂട്ടി കലക്ടറുടെ റാങ്കിലെത്താതെ

Mail This Article
കോട്ടയം∙ ജോലിയിൽ നിന്നു പെൻഷൻ പറ്റി പടിയിറങ്ങുമ്പോൾ അയ്മനം വല്യാട് ഭഗവതിപറമ്പിൽ ആർ. മോഹനകുമാറിന്റെ മുഖത്ത് ചാരിതാർഥ്യമുണ്ട്. താൻ പിന്നിട്ട കനൽവഴികളിലെ തടസ്സങ്ങൾ നീക്കി വരും തലമുറയ്ക്കു വഴിയൊരുക്കിയിട്ടാണ് കലക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് പദവിയിൽ നിന്നു മോഹനകുമാർ വിശ്രമ ജീവിതത്തിലേക്ക് ‘കൈകുത്തി’ നടന്നത്. ‘താലൂക്ക് ഓഫിസിലാണെങ്കിൽ തഹസിൽദാർ, കലക്ടറേറ്റിൽ സീനിയർ സൂപ്രണ്ട്. ആ പദവിയിൽ നിന്നാണ് ഞാൻ വിരമിച്ചത്. 25–ാം വയസ്സിൽ സർവീസിൽ കയറിയ എനിക്ക് കിട്ടേണ്ടത് ഡപ്യൂട്ടി കലക്ടറുടെ റാങ്കായിരുന്നു. എല്ലാ യോഗ്യതകളുമുണ്ടായിട്ടും ശാരീരികാവസ്ഥകളുടെ പേരിൽ തഴയപ്പെട്ടു. പണ്ടുമുതലേ അങ്ങനെയായിരുന്നു..’ മോഹൻകുമാറിന്റെ ശബ്ദമിടറി.
ഒരു വയസ്സിൽ പോളിയോ ബാധിച്ച് കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. തുടർന്ന് കൈകുത്തി നടന്നു കയറിയതാണ് ഈ ജീവിതം. ആറാം ക്ലാസു വരെ വീട്ടിലിരുന്നാണ് പഠിച്ചത്. കൊല്ലം ക്രിസ്തുരാജ ഹൈസ്കൂളിൽ നിന്ന് നല്ല മാർക്കോടെ എസ്എസ്എൽസി പാസായി. 1987ൽ നാട്ടകം ഗവ. കോളജിൽ ബികോമിനു ചേർന്നു. അന്ന് അംഗപരിമിതർക്ക് ഹോസ്റ്റലിൽ പ്രവേശനമില്ല. അതിനെതിരെ കോടതിയെ സമീപിച്ചു. ഭിന്നശേഷിക്കാർക്ക് സർക്കാർ കോളജ് ഹോസ്റ്റലിൽ സൗജന്യമായി താമസിക്കാമെന്ന ഉത്തരവു നേടി. രണ്ടാം റാങ്കോടെയാണ് ബികോം പാസായത്.
റവന്യു വകുപ്പിൽ ക്ലാർക്കായിട്ടായിരുന്നു സർക്കാർ ജോലിയുടെ തുടക്കം. അംഗപരിമിതികളുടെ പേരിൽ തഹസിൽദാർ സ്ഥാനത്തേക്കുള്ള പ്രമോഷൻ തഴയപ്പെട്ടു. പിന്നാലെ വന്ന പലരും മുന്നിൽ കയറിപ്പോകുന്നത് കണ്ടപ്പോൾ വാശിയാണ് തോന്നിയത്. മുച്ചക്ര വാഹനവുമായി ട്രെയിനിൽ തിരുവനന്തപുരത്തു പോയി സ്ഥാനക്കയറ്റത്തിനുള്ള പരീക്ഷകളുടെ പരിശീലന ക്ലാസിൽ പങ്കെടുത്തു. എല്ലാ പരീക്ഷകളും വിജയിച്ചെങ്കിലും തഹസിൽദാർ പദവിയിലേക്കുള്ള പ്രമോഷന്റെ ഭാഗമായ കണ്ണാടി സർവേ പരീക്ഷയിൽ ശാരീരിക പരിമിതികൾ തടസ്സമായി.
പിന്നീടുള്ള ആറു വർഷം അതിനെതിരായ നിയമ പോരാട്ടമായിരുന്നു. അനുകൂല വിധി വാങ്ങി. സർക്കാർ നിയമം തിരുത്തിയെഴുതി. മോഹനകുമാറിനു പ്രമോഷനും ലഭിച്ചു. പക്ഷേ, നഷ്ടമായ ആറു വർഷത്തെ മുൻകാല പ്രാബല്യം ലഭിച്ചില്ല. അങ്ങനെയാണ് അർഹമായ ഡപ്യൂട്ടി കലക്ടറുടെ റാങ്കിലെത്താതെ കഴിഞ്ഞ ദിവസം വിരമിക്കേണ്ടി വന്നത്. ബിന്ദുവാണ് മോഹനകുമാറിന്റെ ഭാര്യ. മക്കൾ: പാർവതി ബി. മോഹനൻ, ലക്ഷ്മി ബി. മോഹനൻ.