രാമായണത്തിന്റെ അറിവുകൾ പങ്കുവച്ച് വൈദികൻ; രാമായണം നാടകങ്ങളെക്കുറിച്ചു പഠിച്ച് പിഎച്ച്ഡി

Mail This Article
കോട്ടയം ∙ രാമായണത്തെപ്പറ്റി പഠിച്ചും ഗവേഷണം ചെയ്തും അറിവുകൾ പങ്കുവച്ചും വൈദികൻ. പാലാ ഗുഡ് ഷെപ്പേഡ് സെമിനാരിയിലെ ആത്മീയ ഡയറക്ടറും പ്രഭാഷകനും എഴുത്തുകാരനുമായ ഫാ.ഡോ. തോമസ് പാറയ്‌ക്കൽ രാമായണത്തിലെ സ്ത്രീകഥാപാത്രങ്ങളെക്കുറിച്ചുള്ള പഠനത്തിലാണ് ഇപ്പോൾ.മലയാളത്തിലെ രാമായണം നാടകങ്ങളെക്കുറിച്ചു പഠിച്ചാണ് ഫാ. തോമസ് പിഎച്ച്ഡിയും നേടിയത്. പ്രബന്ധം ‘രാമായണനാടക പര്യടനം’ എന്ന പേരിൽ പുസ്‌തകമായി.
കോട്ടയ്ക്കൽ ആര്യവൈദ്യശാലാ സ്ഥാപകൻ ഡോ. പി.എസ്.വാരിയർ തയാറാക്കിയ പ്രസിദ്ധീകരിക്കാത്ത നാടകങ്ങളുടെ കയ്യെഴുത്തുപ്രതി വരെ ഇതിനായി പഠനവിഷയമാക്കി. ബൈബിൾ വചനങ്ങളെ ആസ്പദമാക്കി 4 പുസ്തകങ്ങൾ ഉൾപ്പെടെ 15 പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. കുറവിലങ്ങാട് ദേവമാതാ കോളജിലെ മലയാളം അധ്യാപകനായിരുന്നു ഫാ. തോമസ് പാറയ്ക്കൽ. മറ്റക്കര കരിമ്പാനി പാറയ്ക്കൽ പരേതരായ കുര്യാക്കോസ് തോമസിന്റെയും മറിയം തോമസിന്റെയും മകനാണ്.