ADVERTISEMENT

പൂഞ്ഞാർ ∙ തെക്കേക്കര പഞ്ചായത്തിലെ വിനോദ സഞ്ചാര മേഖലകളിൽ പതിയിരിക്കുന്നത് അപകടക്കെണികൾ. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു മീനച്ചിലാറിന്റെ തീരത്തു കൂടിയുള്ള യാത്ര ആസ്വാദ്യമാണെങ്കിലും ആറ്റിലിറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തും. പൂഞ്ഞാർ മുതൽ അടിവാരം വരെയുള്ള കയങ്ങളാണ് പ്രധാനമായും അപകടങ്ങൾക്ക് ഇടയാക്കുന്നത്. പെരിങ്ങുളം മുതൽ അടിവാരം വരെ അപകടസാധ്യത ഏറെയാണ്. കല്ലേക്കുളം ഉറവക്കയം, മെട്രോവുഡ് ഫാക്ടറിക്കു സമീപമുള്ള ഇരുകണ്ണിക്കയം, അടിവാരം വെട്ടുകല്ലുംകുഴി എന്നിവിടങ്ങളിലാണ് അപകടക്കെണി കാത്തിരിക്കുന്നത്.

  പെരിങ്ങുളം ഇരുകണ്ണിക്കയം.
പെരിങ്ങുളം ഇരുകണ്ണിക്കയം.

ഉറവക്കയം

പൂഞ്ഞാർ – പെരിങ്ങുളം റോഡിൽ കല്ലേക്കുളത്തിനു സമീപമാണ് ഉറവക്കയം. കല്ലുകൾക്കിടയിലൂടെ പത​​ഞ്ഞൊഴുകുന്ന മീനച്ചിലാറിന്റെ ഭാഗമാണിവിടം. ഈ മനോഹാരിത കാണാൻ ഇവിടെ ഇറങ്ങി അപകടത്തിൽപെട്ടത് നിരവധി പേരാണ്. കാഴ്ചയിൽ അപകടകാരിയല്ലെന്നു തോന്നുമെങ്കിലും വീതി കുറഞ്ഞ ഈ കയത്തിലേക്ക് ഇറങ്ങുന്നവർ അടിയിലെ കല്ലിനിടയിൽ കാൽ കുടുങ്ങിയാണ് അപകടത്തിൽപെടുന്നത്. ദൂരസ്ഥലങ്ങളിൽ നിന്നു ഗൂഗിൾ മാപ്പ് നോക്കിയെത്തുന്ന സഞ്ചാരികൾ ശുദ്ധജലം കാണുമ്പോൾ ഇവിടെ ഇറങ്ങും. പലപ്പോഴും അപകടത്തിലും പെടുകയും ചെയ്യും. 

അടിവാരം വെട്ടുകല്ലുംകുഴി.
അടിവാരം വെട്ടുകല്ലുംകുഴി.

തുടർച്ചയായി അപകടങ്ങൾ ഉണ്ടായതോടെ പഞ്ചായത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചെങ്കിലും ഇപ്പോൾ അതു കാടുകയറി മറഞ്ഞു. അടിവാരം ഭാഗത്തേക്കു വരുന്ന വിനോദസഞ്ചാരികൾ ഇവിടെ ഇറങ്ങി കുളിക്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. ഇത് അപകടത്തിനിടയാക്കുമെന്ന് നാട്ടുകാർ പറയുന്നു.

ഇരുകണ്ണിക്കയം

മെട്രോ വുഡ് റബർ ഫാക്ടറിക്കു സമീപമാണ് ഈ കയം. പുറമേ നിന്നു നോക്കിയാൽ ശാന്തമാണ്. എന്നാൽ പാറ ഇടുക്കുകളിലൂടെ കടന്നു വരുന്ന തണുത്ത വെള്ളത്തിൽ ഇറങ്ങുന്ന വിനോദ സഞ്ചാരികൾ, നീന്തൽ വശം ഉണ്ടെങ്കിൽ പോലും വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന സാഹചര്യമുണ്ട്. 

മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തുന്ന ഭീമൻ കല്ലുകളും സ്വാഭാവികമായുള്ള വിടവുകളും ഈ കയത്തിനടിയിലുണ്ട്. താഴ്ന്നു പോകുന്നവർ പലരും ഈ കല്ലിന്റെ ഇടുക്കുകളിൽ കുടുങ്ങി തിരിച്ച് ഉയരാൻ പറ്റാത്ത അവസ്ഥയിലാകുകയാണ്. വിദേശികൾ ഉൾപ്പെടെയുള്ള വിനോദസഞ്ചാരികൾ ഈ കയത്തിൽ നീന്താൻ ഇറങ്ങുന്നത് നിത്യ കാഴ്ചയാണ്.

വെട്ടുകല്ലുംകുഴി

അടിവാരത്തിനു സമീപമുള്ള വെട്ടുകല്ലുംകുഴിയും ശാന്തമായ വെള്ളച്ചാട്ടമാണ്. വെള്ളച്ചാട്ടത്തിനു താഴെയുള്ള തടാകത്തിൽ കുളിക്കാൻ ഇറങ്ങുന്നവരാണ് അപകടത്തിൽപെട്ടിട്ടുള്ളത്. മലമുകളിൽ നിന്ന് ഒഴുകിയെത്തി പാറകൾക്കിടയിൽ കിടക്കുന്ന വെള്ളമായതിനാൽ നല്ല തണുപ്പാണ്. വെള്ളത്തിൽ ഏറെ നേരം നിൽക്കുന്നവർക്ക് മരവിപ്പ് അനുഭവപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതാണ് അപകടമുണ്ടാകാനുള്ള കാരണം. 

അടിവാരം പ്രദേശത്തുള്ളവർ പോലും ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. പുറത്തു നിന്നെത്തുന്നവർ വെള്ളത്തിന്റെ ആകർഷണീയത കണ്ട് തടാകത്തിലേക്ക് ചാടാറുണ്ട്. കുഴിയുടെ ആഴവും മറ്റും അറിയാത്ത ഇവർ അപകടത്തിലേക്കാണ് ചാടുന്നത്. മുന്നറിയിപ്പു   ബോർഡുകൾ സ്ഥാപിച്ചില്ലെങ്കിൽ ഇവിടെ    അപകടത്തിൽപെടുന്നവരുടെ എണ്ണം കൂടും.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com