മഴയുടെ ശക്തി കുറഞ്ഞിട്ടും ദുരിതമൊഴിയാതെ

Mail This Article
ചങ്ങനാശേരി ∙ മഴയുടെ ശക്തി കുറഞ്ഞിട്ടും ജലനിരപ്പിൽ കാര്യമായ കുറവില്ല. ദുരിതം ഒഴിയാതെ പടിഞ്ഞാറൻ മേഖല. വെള്ളിയാഴ്ച രാത്രി ജലനിരപ്പിൽ നേരിയ കുറവ് ഉണ്ടായത് ആശ്വാസത്തിന് വക നൽകിയെങ്കിലും ഇടവിട്ടു മഴ പെയ്യുന്നത് ആശങ്ക ഉയർത്തുന്നു.
∙ചങ്ങനാശേരി ബൈപാസിൽ പാലാത്ര ഭാഗത്ത് 3 ഇടങ്ങളിൽ വെള്ളം കയറി. റെയിൽവേ ജംക്‌ഷനു സമീപത്തും വെള്ളക്കെട്ട് ഉണ്ടായി. റോഡിലെ വെള്ളക്കെട്ട് ഗതാഗതത്തെ ബാധിച്ചിട്ടില്ല.
∙ചങ്ങനാശേരി ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി ബസ് വെളിയനാട് റൂട്ടിൽ സ്വതന്ത്രമുക്ക് വരെയും കൃഷ്ണപുരം – കാവാലം റൂട്ടിൽ വാലടി വരെയുമാണ് സർവീസ് നടത്തിയത്. റോഡിൽ വെള്ളം കയറി കിടക്കുന്നതിനാലാണ് ഈ സ്ഥലങ്ങളിൽ എത്തി സർവീസ് അവസാനിപ്പിച്ചത്. പറാൽ വഴി കുന്നങ്കരി റൂട്ടിലേക്കുള്ള സർവീസ് റദ്ദാക്കി. കൈനടി – കാവാലം റൂട്ടിൽ സർവീസ് തടസ്സമില്ലാതെ നടത്തി.
∙പടിഞ്ഞാറൻ മേഖലയിലെ മിക്ക റോഡുകളിലും വെള്ളം കയറിക്കിടക്കുന്നതിനാൽ ചെറിയ വാഹനങ്ങൾ കടന്നു പോകാൻ പ്രയാസം നേരിടുന്നു. എസി റോഡിൽ പാറയ്ക്കൽ കലുങ്ക് ഭാഗത്ത് അര കിലോമീറ്ററിലേറെ ദൂരം റോഡിൽ വെള്ളം ഉണ്ട്. കാവാലം ഭാഗത്തെ റോഡുകളിലും വെള്ളം കയറിക്കിടക്കുന്നു. വെള്ളം കയറിയതോടെ റോഡുകളിൽ ടാറിങ് ഇളകി കുഴികളും രൂപപ്പെടുന്നുണ്ട്.
∙താലൂക്കിൽ പുതുതായി 2 ദുരിതാശ്വാസ ക്യാംപുകൾ കൂടി ആരംഭിച്ചു. ഇതോടെ താലൂക്കിലെ ആകെ ക്യാംപുകളുടെ എണ്ണം 14 ആയി. പായിപ്പാട്, തൃക്കൊടിത്താനം വില്ലേജുകളിലാണ് ഇന്നലെ ക്യാംപുകൾ തുടങ്ങിയത്. വാകത്താനം വില്ലേജിൽ പ്രവർത്തിച്ചിരുന്ന ക്യാംപ് ഇന്നലെ അവസാനിപ്പിച്ചു. 14 ക്യാംപുകളിലായി 244 കുടുംബങ്ങൾ കഴിയുന്നുണ്ട്. ജോബ് മൈക്കിൾ എംഎൽഎ, തഹസിൽദാർ ടി.ഐ.വിജയസേനൻ എന്നിവർ വിവിധ ക്യാംപുകളിൽ സന്ദർശനം നടത്തി.
∙ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്കുള്ള യാത്രക്കാർ കുറവാണ്. യാത്രക്കാരുടെ തിരക്ക് അനുസരിച്ചാണ് ബോട്ട് സർവീസുകൾ ഇവിടെ നിന്ന് ക്രമീകരിക്കുന്നത്. ഒരു ബോട്ട് കിടങ്ങറ വരെയും രണ്ടാമത്തെ ബോട്ട് കിടങ്ങറയിൽ നിന്ന് കാവാലത്തേക്കുമാണ് സർവീസ് നടത്തുന്നത്. ഇന്നലെ 4 സർവീസുകൾ നടത്തി.