ADVERTISEMENT

നാട്ടകം ∙എംസി റോഡിൽ സിമന്റ് കവല ജംക്‌ഷനിലെ ട്രാവൻകൂർ സിമന്റ്സിന്റെ ഗോൾഡൻ ജൂബിലി ഗേറ്റ് ഇന്നു പൊളിച്ചു മാറ്റും. എംസി റോഡിലൂടെയെത്തുന്ന വാഹനങ്ങൾക്ക് പാറേച്ചാൽ ബൈപാസ് റോഡിലേക്കു സുഗമമായി പ്രവേശിക്കുന്നതിനാണ് കവാടം പൊളിച്ചുമാറ്റുന്നത്. 1997ൽ ട്രാവൻകൂർ സിമന്റ്സിന് 50 വയസ്സ് പൂർത്തിയായപ്പോൾ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്ഥാപിച്ച കവാടമാണിത്. അന്നത്തെ വ്യാവസായിക വകുപ്പ് മന്ത്രി സുശീല ഗോപാലനാണ് ഉദ്ഘാടനം നിർവഹിച്ചത്. എംസി റോഡിലൂടെപോകുമ്പോൾ യാത്രക്കാരുടെ കണ്ണെത്തുന്ന കവാടം നിർമിച്ചത് ഇരുമ്പിലാണെന്നത് അധികം പേർക്കും അറിയില്ല.

സിമന്റിൽ വാർത്തെടുത്തടുത്തതെന്ന് തോന്നിപ്പിക്കുന്ന ശൈലിയിലാണ് നിർമാണം. ഇരുമ്പിലുള്ള മൈൽഡ് സ്റ്റീൽ പ്ലേറ്റുകൾ യോജിപ്പിച്ചാണ് കൂറ്റൻ ബീമും കവാടവും ഒരുക്കിയത്. പില്ലറുകളായി ഇരുമ്പ് പൈപ്പുകൾ സ്ഥാപിച്ചു. മുകളിൽ കമ്പനിയുടെ പായ്‌വഞ്ചി ലോഗോയുമുണ്ട്.നിർമാണത്തിനുള്ള ഘടനകൾ നിർമിച്ചെടുത്തത് ഫാക്ടറിക്കുള്ളിൽ തന്നെയായിരുന്നു. ഫാക്ടറിയിലെ വർക്‌ഷോപ് വിഭാഗമായിരുന്നു നിർമാണം. ഒരുമാസം കൊണ്ടാണു പൂർത്തിയാക്കിയതെന്ന് 2019ൽ ഫാക്ടറിയിൽ നിന്നു വർക്‌ഷോപ് ചാർജ്മാനായി വിരമിച്ച ജോൺ പി.ചെറിയാൻ പറയുന്നു. നിർമിച്ചെടുത്ത ഘടനകൾ എംസി റോഡിൽ എത്തിച്ച് കമ്പനി ക്രെയിൻ ഉപയോഗിച്ച് ഒറ്റ രാത്രി കൊണ്ട് വെൽഡ് ചെയ്ത് കൂട്ടിയോജിപ്പിച്ചു.

കമ്പനി ജീവനക്കാർ തന്നെ കോൺക്രീറ്റെന്ന് തോന്നിപ്പിക്കുന്ന വൈദഗ്ധ്യത്തോടെ പെയ്ന്റ് ചെയ്തു. ഉദ്ഘാടനെത്തിയ മന്ത്രി സുശീല ഗോപാലന് കമ്പനിയിലെ കാർപ്പന്റർമാർ കവാടത്തിന്റെ തേക്കിൻതടിയിൽ തീർത്ത മാതൃക സമ്മാനമായി നൽകിയിരുന്നു. ലോറികളുൾപ്പെടുള്ള വാഹനങ്ങൾ കവാടത്തിൽ പലയിടത്തായി പലവട്ടം തട്ടിയിട്ടുണ്ടെങ്കിലും കാര്യമായ കേടുപാടുകളില്ല. പൊതുമരാമത്ത് വിഭാഗവും കമ്പനിയും സംയുക്തമായി ചേർന്നാണ് കവാടം പൊളിച്ചുമാറ്റുന്നത്. ഇതു ബൈപാസ് റോഡിൽ കമ്പനിയുടെ പ്രവേശനകവാടമായി ഉടൻ പുനഃസ്ഥാപിക്കും. പാറേച്ചാൽ ബൈപാസിൽ ഇന്ന് പൂർണ ഗതാഗത നിരോധനമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com