കുമരകത്തെ കുരുക്കുന്ന 2 പാലങ്ങൾ, കോണത്താറ്റും അഞ്ചുമനയും; സമീപനപാത നിർമാണം നീളുന്നു
Mail This Article
കോട്ടയം ∙ കുമരകത്തെ കുരുക്കുന്നത് 2 പാലങ്ങളാണ്. വെച്ചൂർ അഞ്ചുമനപ്പാലവും കുമരകത്തെ കോണത്താറ്റ് പാലവും. രണ്ടിടത്തും പണി പൂർത്തിയായെങ്കിലും സമീപനപാത നിർമാണം നീളുന്നു. അഞ്ചുമനയിൽ അടുത്തിടെ സമീപനപാത പൂർത്തിയായി ടാറിങ്ഘട്ടത്തിലേക്ക് എത്തി. കോണത്താറ്റ് പാലത്തിന്റെ സമീപനപാത നിർമാണം നടക്കുന്നുണ്ടെങ്കിലും എന്നു തീരുമെന്ന് ഉറപ്പില്ല. കോണത്താറ്റ് പാലം നിർമാണം നടക്കുന്നതിനാൽ കോട്ടയം–ചേർത്തല പാതയിൽ ബസ് സർവീസ് നിലച്ചു. നിലവിൽ കോട്ടയത്തുനിന്ന് കുമരകം വരെയും കുമരകത്തുനിന്ന് ചേർത്തല വരെയുമായാണ് ബസുകൾ ഓടുന്നത്.
കോണത്താറ്റ് പാലം
കോട്ടയം – കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ സമീപനപാതയ്ക്കുള്ള സ്ഥലം പൂർണമായും കണ്ടെത്താൻ കഴിയാത്തതും വൈദ്യുതലൈനും ട്രാൻസ്ഫോമറും മാറ്റാത്തതും പ്രശ്നമാണ്. പാലത്തിന്റെ പടിഞ്ഞാറേക്കരയിലെ 2 പൈലിങ് നടത്താനായില്ല. ഒരു ഭാഗത്തെ സ്ഥലം ഏറ്റെടുത്തിട്ടുമില്ല. ഇവിടെത്തന്നെ മറ്റൊരു പൈലിങ് നടത്തേണ്ടിടത്തെ വൈദ്യുതലൈനാണ് മാറ്റാനുള്ളത്. കിഴക്കേക്കരയിലും 2 പൈലിങ് നടത്തുന്നതിനു തടസ്സമുണ്ട്.ഇവിടത്തെ ട്രാൻസ്ഫോമർ മാറ്റി നിലവിലെ വഴി ആ ഭാഗത്തു കൂടി തിരിച്ചുവിട്ടാലേ പൈലിങ് നടക്കൂ. ഈ തടസ്സം നീക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. തടസ്സങ്ങൾ നീങ്ങിയാൽ അടുത്ത മേയ് മാസത്തോടെ പ്രവേശന പാതയുടെ നിർമാണം പൂർത്തിയാക്കാനാവും. സമീപനപാതയ്ക്ക് 5 കോടി രൂപയാണു വകയിരുത്തിയത്.
അഞ്ചുമനപ്പാലം
വൈക്കം - വെച്ചൂർ റോഡിലെ അഞ്ചുമനപ്പാലം നിർമാണം പൂർത്തിയായെങ്കിലും സമീപനപാതയുടെ നിർമാണം നടത്തിയിട്ടില്ല. 3.31 കോടി ചെലവിട്ടാണു നിർമാണം. 2020ൽ നിർമാണം ആരംഭിച്ചു. 2021 ഒക്ടോബർ 21നു പൂർത്തീകരിക്കേണ്ടതായിരുന്നു. സ്ഥലം ഉടമയുമായി തർക്കമുണ്ടായതോടെ ഏറെക്കാലം സമീപനപാത നിർമാണം നിലച്ചു. തർക്കത്തിനു പിന്നീട് പരിഹാരം കണ്ടു. പാലത്തിന്റെ നിർമാണം ആരംഭിച്ചതോടെ അഞ്ചുമനത്തോടിനു കുറുകെ മുട്ട് സ്ഥാപിച്ച് അതിലൂടെയാണ് ഗതാഗതം. ഇതോടെ പാടശേഖരങ്ങളിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായി. വെള്ളം മലിനമായി. ശുദ്ധജലം ലഭിക്കാതായത് കർഷകരെഏറെ ദുരിതത്തിലാക്കി. തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർക്ക് തോട്ടിൽനിന്നുള്ള ദുർഗന്ധം രൂക്ഷമാണ്. ആധുനികനിലവാരത്തിൽ നിർമിക്കുന്ന വൈക്കം - വെച്ചൂർ റോഡ് വികസനത്തിന്റെ ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ടതാണ് അഞ്ചുമനപ്പാലം. .
രാജ്യാന്തരശ്രദ്ധ നേടി വീണ്ടും കുമരകം
കുമരകം ∙ ശ്രീലങ്ക, നേപ്പാൾ, മലേഷ്യ, ഫിജി തുടങ്ങിയ രാജ്യങ്ങളിൽനിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ കോമൺവെൽത്ത് ലീഗൽ എജ്യുക്കേഷൻ അസോസിയേഷൻ കോൺഫറൻസിന് എത്തിയത് കുമരകത്തെ ടൂറിസത്തിനു കുതിപ്പേകും. ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജിമാർ എന്നിവർ ഉൾപ്പെടെ സമ്മേളനത്തിൽ പങ്കെടുത്തു.കൂടുതൽ വിനോദസഞ്ചാരികളെ കുമരകത്തേക്ക് ആകർഷിക്കാൻ സമ്മേളനംകൊണ്ടു കഴിയുമെന്ന പ്രതീക്ഷയിലാണു ടൂറിസം മേഖല. ജി20 ഷെർപ സമ്മേളനം കുമരകത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് നേട്ടമായിരുന്നു.2000ത്തിൽ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി കുമരകത്ത് എത്തിയതോടെയാണ് ഇവിടത്തെ ടൂറിസം മേഖലയ്ക്ക് വൻകുതിപ്പുണ്ടായത്. ഏതാനും ഹോട്ടലുകളും റിസോർട്ടുകളും മാത്രമാണ് അക്കാലത്ത് ഉണ്ടായിരുന്നത്. വാജ്പേയിയുടെ സന്ദർശനത്തിനു ശേഷം സഞ്ചാരികളുടെ വരവേറി. ഒട്ടേറെ ഹോട്ടലുകളും റിസോർട്ടുകളും വന്നു. തുടർന്ന് രാഷ്ട്രപതിയും വിവിധ രാഷ്ട്രത്തലവൻമാരും വന്നു. ശ്രീലങ്കൻ സുപ്രീംകോടതി ജഡ്ജി തുരെയ് രാജാ ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.