ദുരിതം സൃഷ്ടിച്ച് കുമരകം ബസ് ബേ; ഒന്നു വേഗം തുറക്കുമോ ഈ ശുചിമുറി
Mail This Article
കുമരകം ∙ ഈ ശുചിമുറി ഒന്നു വേഗം തുറക്കൂ. ബസ്ബേയിൽ ബസ് കാത്തു നിൽക്കുന്നവർ ശുചിമുറി സൗകര്യമില്ലാതെ വിഷമിക്കുന്നു.നൂറുകണക്കിനു സ്ത്രീകൾ വന്നു പോകുന്ന ബസ്ബേയിൽ ശുചിമുറി സൗകര്യമില്ല. സ്ഥിരം യാത്രക്കാർക്കു ഇങ്ങനെയൊരു സൗകര്യം ഇല്ലെന്നറിയാവുന്നതു കൊണ്ടു അവർ അന്വേഷിക്കാറില്ല. വീടുവരെ എത്താനുള്ള പ്രാർഥനയോടെ അവർ ബസ് കാത്തു നിൽക്കും. എന്നാൽ ആദ്യമായി എത്തുന്നവർ ശുചിമുറി അന്വേഷിച്ചു ബസ്ബേ പരിസരമാകെ ഓടുന്നു. ഫലമോ, നിരാശരായി മടങ്ങി പോരുകയാണു വരുന്നു അവർ.
2023 ജൂണിൽ പണി തുടങ്ങിയ ശുചിമുറിയുടെ നിർമാണം ഏതാണ്ട് 75 ശതമാനം പൂർത്തിയായെങ്കിലും 25 ശതമാനം പണി നടന്നിട്ടില്ല. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം 25 ലക്ഷം രൂപ ചെലവഴിച്ചാണു ശുചിമുറിയും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നത്. ബസ്ബേ സ്ഥിതി ചെയ്യുന്ന സ്ഥലത്തിനു അനുയോജ്യമല്ലാത്ത രീതിയിലും തുടർ വികസന പ്രവർത്തനങ്ങൾക്കു തടസ്സമാകുന്ന രീതിയിലുമാണു ശുചിമുറി പണിയുന്നത് എന്ന് ആദ്യം പരാതി ഉയർന്നിരുന്നു.
എന്നാൽ ഇതിൽ കാര്യമില്ലെന്നും നിലവിലെ പ്ലാൻ അനുസരിച്ചു തന്നെ നിർമാണം നടത്താനും അധികൃതർ തീരുമാനിക്കുകയായിരുന്നു. ശുചിമുറിയുടെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ നടത്തി യാത്രക്കാർക്കു തുറന്നു കൊടുക്കാൻ അടിയന്തര നടപടി വേണമെന്നാണു ആവശ്യമെങ്കിലും അധികൃതർ ഇക്കാര്യത്തിൽ തണുപ്പൻ നയമാണ് എടുത്തിരിക്കുന്നത് എന്നാണു ആക്ഷേപം.
ബസ്ബേ എന്ന ഒരു ജലാശയം
ബസ്ബേ നേരത്തെ വെള്ളം നിറഞ്ഞ പല കുളങ്ങളായി മാറിയിരുന്നെങ്കിൽ ഇപ്പോഴത് ജലാശയമായി മാറിയിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ബസ്ബേയുടെ മുഴുവൻ ഭാഗവും വെള്ളത്തിലായിരിക്കുന്നു.വൈക്കം, ചേർത്തല ഭാഗത്തു നിന്നുള്ള ബസുകളാണ് ബസ്ബേയിൽ എത്തുന്നത്. പൊതുശുചിമുറി പോലും ഇല്ലാത്ത ബസ്ബേ നിറയെ വെള്ളം കയറിക്കിടക്കുന്ന കാഴ്ചയാണു യാത്രക്കാർക്കു കാണാൻ കഴിയുക.സമീപ പുരയിടം ഉയർത്തി കടകൾ പണിതു യാത്രക്കാർക്കു രക്ഷയായി.
ബസുകൾ കടയുടെ ഭാഗത്തോടു ചേർത്തു നിർത്തി യാത്രക്കാരെ കഴിവതും വെള്ളത്തിൽ ഇറക്കാതെ ആണു ഇപ്പോൾ ബസിൽ കയറ്റുന്നത്. ചേർത്തല, വൈക്കം ഭാഗത്ത് നിന്നു വരുന്ന ബസുകൾ റോഡിൽ നിർത്തി യാത്രക്കാരെ ഇറക്കുന്നതിനാൽ അവരും വെള്ളത്തിൽ ഇറങ്ങേണ്ടി വരുന്നില്ല. ബസ്ബേയിൽ പാർക്ക് ചെയ്തിരിക്കുന്ന ഏതെങ്കിലും ബസിൽ കയറണമെങ്കിൽ നീന്തുക തന്നെ വേണം. ബസ്ബേ മണ്ണിട്ടുയർത്തി ടാറിങ് നടത്തുകയും ശുചിമുറി തുറക്കുകയും ചെയ്താൽ മാത്രമേ ഇവിടെ എത്തുന്ന യാത്രക്കാരുടെ ദുരിതം മാറുകയുള്ളൂ.