വിസ്മയങ്ങളൊരുക്കി വാട്ടർ ഫെസ്റ്റ്

Mail This Article
ബേപ്പൂർ ∙ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഫ്ലൈ ബോർഡ് പ്രദർശനം ചാലിയാറിന്റെ ഓളപ്പരപ്പിൽ പ്രകമ്പനം തീർത്തു. വെള്ളത്തെ തൊട്ടും തലോടിയും വായുവിൽ ഉയർന്നു പൊങ്ങിയും നടന്ന ജല സാഹസികത വേറിട്ട അനുഭവമായി. വാട്ടർ സ്കൂട്ടറുമായി ബന്ധിപ്പിച്ചു ഫ്ലൈ ബോർഡിൽ നിന്നു 15 മീറ്റർ ഉയരത്തിൽ വരെ പൊങ്ങി. അഭ്യാസപ്രകടനങ്ങൾ ബേപ്പൂരിൽ എത്തിയവരെ ഉദ്വേഗഭരിതരാക്കി. അതിസാഹസികമായി ഫ്ലൈ ബോർഡിൽ ചാലിയാറിൽ നിന്നു വായുവിലേക്കുള്ള വേഗക്കുതിപ്പ് കാണികൾക്ക് വിസ്മയക്കാഴ്ചയൊരുക്കി. കൊല്ലം ഡിടിപിസിയിലെ ജോബിനും കെയുനുമാണ് കാണികൾക്കായി ജല സാഹസികത തീർത്തത്. കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം.
∙ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് മറീന ബീച്ചിൽ സംഘടിപ്പിച്ച പാരാമോട്ടറിങ് കാണികൾക്ക് കൗതുകക്കാഴ്ചയായി. കടലിനു മീതെയുള്ള ആകാശയാത്ര സ്ത്രീകളും കുട്ടികളും ഏറെ വിസ്മയത്തോടെ ആസ്വദിച്ചു. ഗോതീശ്വരം ബീച്ചിൽ നിന്നു പറന്നുയർന്ന 2 ഗ്ലൈഡറുകളാണ് ആകാശത്ത് മിന്നും പ്രകടനം നടത്തിയത്. കോഴിക്കോട് സ്വദേശികളായ സലീം ഹസ്സൻ, പി.സുനിൽ എന്നിവരാണ് പാരാമോട്ടറിങ്ങിന് നേതൃത്വം നൽകിയത്.