ADVERTISEMENT

കോഴിക്കോട്∙ പുതിയ ടഗോർ ഹാൾ‌ നിർമാണത്തിന് കോർപറേഷൻ നടപടികൾ സജീവമായി. പുതിയ ടഗോർ ഹാൾ നിർമിക്കാൻ കോർപറേഷന്റെ ആർക്കിടെക്ടുമാരുടെ പാനലിൽനിന്ന് 6 പേർ സമർപ്പിച്ച പദ്ധതി രൂപരേഖകളുടെ ആദ്യഘട്ട അവതരണവും പരിശോധനയും പൂർത്തിയായി. വിവിധ സ്ഥിരം സമിതി അധ്യക്ഷരും ധനകാര്യ കമ്മിറ്റിയംഗങ്ങളും എൻജിനീയറിങ് വിഭാഗം അധികൃതരും 6 രൂപരേഖകളുടെ അവതരണത്തിൽ പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 6 പേരാണ് രൂപരേഖകൾ അവതരിപ്പിച്ചത്. കോഴിക്കോട്ടുനിന്ന് 2 പേരും ഇതിലുൾപ്പെടും. 

നഗരത്തിന്റെ പാരമ്പര്യം നിലനിർത്തുന്ന രീതിയിലാണ് പുതിയ ടഗോർ ഹാൾ നിർമാണത്തിന് രൂപരേഖകൾ തയാറാക്കിയിരിക്കുന്നത്. നിലവിലുള്ള സൗകര്യങ്ങളിൽനിന്നും വ്യത്യസ്തമായി മികച്ച നിലവാരത്തിലാണു പുതിയ ഹാൾ നിർമിക്കുക. ഇതിനായി ഒന്നിലേറെ ഹാളുകൾ വരെ നിർമിക്കുന്ന പദ്ധതി അവതരിപ്പിച്ച രൂപരേഖകളിലുണ്ട്. 

കോർപറേഷൻ മുന്നോട്ടുവച്ച നിർദേശങ്ങളും പരിഷ്കാരങ്ങളും കൂടി കണക്കിലെടുത്ത് പുതുക്കിയ രൂപരേഖകൾ ആർക്കിടെക്ടുമാർ തയാറാക്കി അവതരിപ്പിക്കും. അടുത്ത അവതരണത്തിന്റെ തീയതി തീരുമാനിച്ചിട്ടില്ല. ഇതിനു ശേഷമേ ഇതിൽനിന്നൊരെണ്ണം തിരഞ്ഞെടുക്കൂ. തുടർന്ന് വിശദ പദ്ധതി രൂപരേഖ ആവശ്യപ്പെടും. രൂപരേഖയ്ക്ക് കൗൺസിലിന്റെ അംഗീകാരവും നേടിയെടുത്ത ശേഷമായിരിക്കും നിർമാണത്തിന് ടെൻഡർ ക്ഷണിക്കുക. 

തകർച്ച നേരിട്ടതിനെത്തുടർന്ന് 2 വർഷം മുൻപ് പൂട്ടിയിട്ട ഹാൾ നവീകരിക്കണമെങ്കിൽ മാത്രം 2 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞാണ് പൂർണമായും പൊളിച്ചുമാറ്റി പുതിയ ഹാൾ പണിയാൻ തീരുമാനിച്ചത്. 3.5 കോടി രൂപയാണ് പുതിയ ഹാൾ നിർമിക്കാൻ നീക്കിവച്ചത്. എന്നാൽ ഈ തുക മതിയാവില്ലെന്നാണ് കണക്കുകൂട്ടൽ. നിർമാണച്ചെലവിലേക്ക് വായ്പ എടുക്കാനാണ് ആലോചന. ഒരു വലിയ ഹാളും 2 മിനി ഹാളുമടക്കം 3 ഹാളുകളുടെ സമുച്ചയമായി ടഗോർ ഹാൾ നവീകരിക്കുന്നതടക്കമുള്ള പ്രോജക്ടുകൾ പരിഗണനയ്ക്കെത്തിയിരുന്നു. 

മഹാകവി രവീന്ദ്രനാഥ ടഗോറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 1961ൽ എല്ലാ സംസ്ഥാനങ്ങളിലും തിയറ്ററുകൾ നിർമിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതു പ്രകാരമാണ് തിരുവനന്തപുരത്തും കോഴിക്കോട്ടും ടഗോർ ഹാൾ നിർമിച്ചത്. തിരുവനന്തപുരത്തെ ടഗോർ തിയറ്റർ രാജ്യാന്തര തലത്തിൽ പ്രശസ്തമായ മികച്ച വേദിയായി നിലനിൽക്കുമ്പോഴാണ് ഇവിടെ എസി തകരാർ കാരണവും സന്ദർശകരെ ഷോക്കടിപ്പിച്ചും സ്ഥിരം പ്രശ്നവേദിയായി മാറിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com