‘ഞാനിനി രണ്ടു മാസം കൂടിയേ ഇവിടെ വരികയുള്ളൂ, പിന്നെ നീയെന്തു ചെയ്യും?’; കാക്കത്തൊള്ളായിരം നന്ദി, ഈ സ്നേഹസദ്യയ്ക്ക്
Mail This Article
കൊയിലാണ്ടി∙ ‘‘ഞാനിനി രണ്ടു മാസം കൂടിയേ ഇവിടെ വരികയുള്ളൂ. പിന്നെ നീയെന്തു ചെയ്യും?’’ കയ്യിലെ ഭക്ഷണം നീട്ടി ജയലക്ഷ്മി ചോദിച്ചു. വയ്യാത്ത കാലനക്കി അത് ജയലക്ഷ്മിയെ ദയനീയമായൊരു നോട്ടം നോക്കി കരഞ്ഞു. കൊയിലാണ്ടി പന്തലായനി മിനി സിവിൽ സ്റ്റേഷനിൽ ഐസിഡിഎസ് ഓഫിസിൽ പാർട്ട് ടൈം സ്വീപ്പറായ കൊയിലാണ്ടി മക്കണ്ടാരി വീട്ടിൽ എം.പി.ജയലക്ഷ്മിയാണ് രാവിലെയും ഉച്ചയ്ക്കും കാലില്ലാത്ത കാക്കയ്ക്ക് തീറ്റ കൊടുക്കാറുള്ളത്. കാക്കകളും ജയേച്ചിയും തമ്മിലുള്ള വർത്തമാനവും ഓഫിസിലുള്ളവർക്കു പരിചിതമാണ്.
ജയലക്ഷ്മിയുടെ ഭർത്താവ് ജയറാം ജാദവ് ഉത്തരേന്ത്യക്കാരനാണ്. ദീർഘകാലം മുംബൈയിൽ ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിക്കാരിയായിരുന്നു ജയലക്ഷ്മി. ഭർത്താവിന്റെ മരണശേഷം ജയലക്ഷ്മി വീട്ടിൽ ഒറ്റയ്ക്കായി. ഏകമകൻ അഭിജിത്ത് ജാദവ് പട്ടാളത്തിലാണ്. വീട്ടിലെ വിറകുപുരയുടെ മുകളിൽ അസുഖമായി കിടക്കുന്ന പൂച്ചയെ ശുശ്രൂഷിക്കുന്നതിനിടെ താഴെവീണ് പരുക്കേറ്റ കഥയും ജയലക്ഷ്മിക്കുണ്ട്.
ഓഫിസിലെ സ്നേഹവിരുന്നുകളിൽ ബാക്കിവരുന്ന ഭക്ഷണം കവറിലാക്കിയാണ് ജയലക്ഷ്മി പോകുക. ഇതെല്ലാം വഴിയരികിലെ തെരുവുനായ്ക്കൾക്കും കാക്കൾക്കും കൊടുക്കും. ഇപ്പോൾ ജയലക്ഷ്മിക്ക് ഒറ്റ സങ്കടമേയുള്ളൂ. ഒക്ടോബറിൽ തന്റെ ജോലി തീരും. പിന്നെയാരാണ് കാക്കകൾക്ക് തീറ്റ കൊടുക്കുക.