സാധാരണക്കാരും കളി കാണണം: മന്ത്രി അബ്ദുറഹിമാൻ
Mail This Article
മഞ്ചേരി ∙ പട്ടിണിക്കാർ കളി കാണേണ്ടെന്ന തരത്തിൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ഇതു സംബന്ധിച്ച വിവാദം എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി വി.അബ്ദുറഹിമാൻ. പയ്യനാട് സ്റ്റേഡിയത്തിൽ സംസ്ഥാന കായിക വകുപ്പിന്റെ ഡ്രീം ഗോൾ ഗിന്നസ് റെക്കോർഡ് പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അദ്ദേഹം.തിരുവനന്തപുരം കാര്യവട്ടത്ത് 15ന് നടക്കുന്ന ഇന്ത്യ– ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റിനു വിനോദനികുതി കുത്തനെ കൂട്ടിയതു സംബന്ധിച്ച മന്ത്രിയുടെ പ്രതികരണമാണ് വിവാദമായത്.
ക്രിക്കറ്റ് അസോസിയേഷന്റെ ഉയർന്ന ടിക്കറ്റ് നിരക്ക് സാധാരണക്കാരനു താങ്ങാനാവുന്നതല്ല. സാധാരണക്കാർ കളി കാണേണ്ടെന്നാകും അവർ ഉദ്ദേശിക്കുന്നതെന്നാണ് താൻ പറഞ്ഞത്. സാധാരണക്കാർ കളി കാണണം എന്നാണ് തന്റെ നിലപാട്. മറ്റ് സംസ്ഥാനങ്ങളിൽ ഉയർന്ന നികുതി ഈടാക്കുമ്പോൾ 12% ആണ് കേരളത്തിൽ ഈടാക്കുന്നത്. സന്തോഷ് ട്രോഫി മത്സരം പയ്യനാട്ടെ ഗ്രൗണ്ടിൽ നടന്നപ്പോൾ സാധാരണക്കാരാണ് കൂടുതൽ എത്തിയതെന്നും മന്ത്രി പറഞ്ഞു.