ADVERTISEMENT

പെരിന്തൽമണ്ണ ∙ തിന്മയ്‌ക്ക് മേൽ നന്മ വിജയം നേടിയ നവരാത്രി അനുഗ്രഹ നിറവിൽ ഇന്നു മഹാനവമി. ഇന്ന് ദേവീ പ്രാർഥനയ്‌ക്ക് മാത്രമുള്ള ദിനമായാണ് കരുതുന്നത്. മഹാനവമി ദിനത്തിലെ പൂർണ ഉപവാസം അനുഗ്രഹദായകമെന്നാണ് വിശ്വാസം.ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. നാളെ വിജയദശമി ദിനത്തിൽ ആദ്യാക്ഷരം കുറിക്കാനൊരുങ്ങുകയാണ് കുരുന്നുകൾ. നാവിലും അരിയിലും ഹരിശ്രീ കുറിച്ച് ആചാര്യന്മാർ കുരുന്നുകൾക്ക് ആദ്യാക്ഷര മധുരമേകും. ക്ഷേത്രങ്ങളിൽ ഇന്ന് സരസ്വതി പൂജയും ആയുധ പൂജയും വിശേഷം. പ്രത്യേക മണ്ഡപങ്ങൾ ഒരുക്കി അതിൽ സരസ്വതീ ദേവിയെ പ്രതിഷ്‌ഠിച്ചാണ് പൂജവയ്‌പ്. ക്ഷേത്രങ്ങളിൽ ഒരുക്കിയ പുസ്‌തക പൂജാ മണ്ഡപങ്ങളിൽ ഇന്ന് രാവിലെയും വൈകിട്ടും സരസ്വതീ പൂജ നടക്കും. മനസ്സിൽ വിദ്യാവെളിച്ചവും ജ്ഞാനപ്രകാശവും നിറയ്‌ക്കാനുള്ള പ്രാർഥനയുമായി പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്‌തക പൂജവയ്‌പ് നടന്നു. പുസ്‌തകങ്ങളും എഴുത്തുപകരണങ്ങളും പൂജയ്‌ക്ക് വച്ചു. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. വ്രതം നോൽക്കുന്ന വിദ്യാർഥികൾ വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കും. നാളെ രാവിലെ സരസ്വതി പൂജയ്‌ക്ക് ശേഷമാണ് പൂജയെടുപ്പ്.

തുടർന്ന് വിദ്യാരംഭവും വാഹന പൂജയും നടക്കും.ക്ഷേത്രങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും അക്ഷരോപാസനാ കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ദുർഗാഷ്‌ടമി ദിനമായ ഇന്നലെ ദുർഗാദേവിക്ക് പ്രത്യേക പ്രാർഥനയുമായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ വലിയ ഭക്തജനത്തിരക്കുണ്ടായിരുന്നു. മഹാനവമി ദിനമായ ഇന്ന് മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ നാളെ സരസ്വതിയെയുമാണ് ആരാധിക്കുക. ഈ ദിനങ്ങളിൽ ലളിതാ സഹസ്രനാമവും ദേവീ മാഹാത്മ്യ പാരായണവും ഏറെ വിശേഷം.

വിദ്യാരംഭത്തിന് ഒരുങ്ങി തുഞ്ചൻപറമ്പ് 
തിരൂർ ∙ ആദ്യാക്ഷരം നുകരാനെത്തുന്ന കുരുന്നുകളെ കാത്ത് തുഞ്ചൻപറമ്പ് ഒരുങ്ങി. നാളെ രാവിലെ 5 മുതൽ ഇവിടെ എഴുത്തിനിരുത്തൽ ആരംഭിക്കും. പ്രത്യേക റജിസ്ട്രേഷനില്ല. സരസ്വതീ മണ്ഡപത്തിൽ അൻപതിലേറെ സാഹിത്യകാരന്മാരും കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരും കുട്ടികൾക്ക് അക്ഷരം പകർന്നു നൽകും. എഴുത്തിനിരുത്താൻ എത്തുന്നവർ ഈ മണ്ഡപങ്ങൾക്കു മുന്നിലെ വരിയിലാണു നിൽക്കേണ്ടത്. ഇത്തവണ നാലായിരത്തിലേറെ കുട്ടികളെയാണ് ട്രസ്റ്റ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ 9.30ന് കവികളുടെ വിദ്യാരംഭവും ഇവിടെ തുടങ്ങും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെ കവികൾ പങ്കെടുക്കും. വിദ്യാരംഭ ദിനത്തിൽ തുഞ്ചൻ പറമ്പിലെ കളരിക്കു സമീപം കാഞ്ഞിര മരച്ചുവട്ടിലും ഹരിശ്രീ കുറിക്കാൻ നൂറുകണക്കിനാളുകളെത്തും. ഇവിടെയുള്ള കളരിയിൽ വിദ്യാർഥികൾ അടക്കം ഒട്ടേറെ പേർ പുസ്തകം പൂജയ്ക്കു വച്ചിട്ടുമുണ്ട്. 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com