ശുചിമുറി മാലിന്യം വീടുകളിലെത്തി സംസ്കരിക്കാൻ മഞ്ചേരി നഗരസഭ
Mail This Article
മഞ്ചേരി ∙ ശുചിമുറി മാലിന്യം വീടുകളിലെത്തി സംസ്കരിക്കാൻ നഗരസഭയുടെ ഫീക്കൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് റെഡി. സെപ്റ്റിക് ടാങ്കുകളിൽ നിന്ന് മാലിന്യം വലിച്ചെടുത്ത് സംസ്കരിക്കുന്നതിനാണ് യൂണിറ്റ്. 46 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി അടുത്താഴ്ച പ്രവർത്തനം തുടങ്ങും.
കേന്ദ്ര സർക്കാർ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ ഡബ്ല്യുഎഎസ്എച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചതാണ് സാങ്കേതിക വിദ്യ. ആധുനിക യന്ത്ര സാമഗ്രികൾ ഉൾപ്പെടുന്ന പ്ലാന്റ് വീടുകളിലും സ്ഥാപനങ്ങളിലും വന്ന് സെപ്റ്റിക് ടാങ്ക് ശുചിയാക്കും. ഇതിന് നിശ്ചിത ഫീസ് ഈടാക്കും. 5000 ലീറ്റർ സംഭരണ ശേഷിയുള്ളതാണ് വാഹനത്തിൽ ഘടിപ്പിച്ച ട്രീറ്റ്മെന്റ് യൂണിറ്റ്.
അവശേഷിക്കുന്ന വെള്ളം കൃഷിക്ക് നനയ്ക്കാനും മറ്റും ഉപയോഗിക്കുന്ന തരത്തിലാണ് വേർതിരിക്കുക. ട്രയൽ റൺ നടത്തിയ ശേഷമായിരിക്കും പ്രവർത്തനം തുടങ്ങുക. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നിർവഹണ ഏജൻസി. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ കീഴിലാണ് പ്രവർത്തനമെന്ന് നഗരസഭാധ്യക്ഷ വി.എം.സുബൈദ, ഉപാധ്യക്ഷൻ വി.പി.ഫിറോസ്, സ്ഥിരസമിതി ആധ്യക്ഷൻ റഹീം പുതുക്കൊള്ളി എന്നിവർ പറഞ്ഞു..
ശുചിമുറി മാലിന്യ സംസ്കരണത്തിന് മൊബൈൽ യൂണിറ്റ് ഒരുക്കുന്ന മൂന്നാമത്തെ നഗരസഭയാണ് മഞ്ചേരി. കൊടുങ്ങല്ലൂരിലും ചാലക്കുടിയിലും നേരത്തെ നടപ്പാക്കിയിരുന്നു. തുറക്കലിൽ ജല അതോറിറ്റിയുടെ സ്ഥലത്ത് ശുചിത്വ മിഷൻ മുഖേന ശുചിമുറി മാലിന്യ സംസ്കരണത്തിന് നീക്കം നടന്നത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നാട്ടുകാരുടെയും എതിർപ്പിനെത്തുടർന്ന് പദ്ധതി ഒഴിവാക്കി. രാത്രിയുടെ മറവിൽ മിനി ലോറികളിലാക്കി ഒഴിഞ്ഞ സ്ഥലത്തും വയലിലും തള്ളുന്ന പരാതി ഏറെയാണ്. സംസ്കരണത്തിന് സംവിധാനമാകുന്നതോടെ ഇത് കുറയുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.