ആറുവരിപ്പാത: കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും തുറന്നെങ്കിലും ഗതാഗതക്കുരുക്ക്
Mail This Article
തേഞ്ഞിപ്പലം ∙ ചേലേമ്പ്ര കാക്കഞ്ചേരിയിൽ എൻഎച്ച് ആറുവരിപ്പാതയിൽ കോഴിക്കോട് ദിശയിലേക്കുള്ള 3 ട്രാക്കുകളും തുറന്നെങ്കിലും പലപ്പോഴും തിങ്ങിനിറഞ്ഞ് വാഹനങ്ങളുടെ നീണ്ട നിര. കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് താൽക്കാലികമായി അടച്ചതാണ് ഒരു കാരണം. കാക്കഞ്ചേരി പഴയ വളവിൽ മണ്ണിടിച്ചു താഴ്‌ത്തി കോഴിക്കോട് ദിശയിലേക്കുള്ള സർവീസ് റോഡ് നിർമാണം തുടങ്ങിയതും കാരണമാണ്. മുഖ്യ വളവിൽ നിന്നു വടക്കുമാറി ഇരു ദിശകളിലേക്കും വാഹനങ്ങൾ ഏതാണ്ട് 50 മീറ്റർ ദൂരം പഴയ എൻഎച്ച് വഴിയാണ് പോകുന്നത്. ഇവിടെ ഗതാഗത തടസ്സം പതിവാണ്.
ആറുവരിപ്പാത വഴി എത്തുന്ന വാഹനങ്ങൾ പള്ളിക്കൽ, ഐക്കരപ്പടി ഭാഗങ്ങളിലേക്ക് പോകാൻ കാക്കഞ്ചേരി വളവിനടുത്ത പെട്രോൾ പമ്പ് പരിസരത്തുവച്ച് തിരിക്കുന്നതും (യു– ടേൺ) ഗതാഗത തടസ്സത്തിന് ഇടയാക്കുന്നു. മുഖ്യ വളവിൽ തൃശൂർ ദിശയിലേക്കുള്ള സർവീസ് റോഡ് നേരത്തേ തന്നെ കുന്നിടിച്ച് പൂർത്തിയാക്കിയിരുന്നു. അതുവഴി മാസങ്ങളായി വാഹന ഗതാഗതമുണ്ട്. ആറുവരിപ്പാത 3 ട്രാക്കുകളുടെ പണി ഇനിയും ബാക്കിയുണ്ട്. ഒട്ടേറെ അപകട മരണങ്ങൾക്കു മുൻപ് സാക്ഷ്യം വഹിച്ചിട്ടുള്ള കാക്കഞ്ചേരിയിലെ 4 വളവുകളും ഇല്ലാതെ പുതിയ പാത പൂർത്തിയാകുന്നതോടെ ഗതാഗതം കൂടുതൽ സുരക്ഷിതമാകുമെന്നാണു പ്രതീക്ഷ.
കാക്കഞ്ചേരി വളവിന്റെ അനുബന്ധ ഭാഗമായ കെഫ് ഹോസ്പിറ്റാലിറ്റി ലിമിറ്റഡ് വളപ്പ് അതിർത്തിക്കടുത്ത് ആറുവരിപ്പാത നിർമാണം പൂർത്തിയായിട്ടില്ല. അവിടെ തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് പൂർത്തിയാക്കി മാസങ്ങളായി അതു വഴി വാഹന ഗതാഗതമുണ്ട്. പടിഞ്ഞാറ് വശത്ത് കെഫ് ഭൂമിയിൽ നിന്നു മണ്ണിടിഞ്ഞതിനെ തുടർന്ന് അടച്ച സർവീസ് റോഡ് തുറക്കാറായിട്ടില്ല. അവിടെ ബദൽ റോഡ് വഴിയാണു കോഴിക്കോട് ദിശയിലേക്കുള്ള ഗതാഗതം. കാക്കഞ്ചേരി മുഖ്യ വളവിൽ മല പിളർത്തിയാണു റോഡിന്റെ ആദ്യഘട്ടം പൂർത്തിയാക്കിയത്. അനുബന്ധ മലയിടിച്ചാണ് ഇപ്പോൾ സർവീസ് റോഡ് നിർമിക്കുന്നത്. ഈ ജോലിക്ക് സഹായകമായാണ് ആറുവരിപ്പാതയുടെ ഒരുഭാഗം തുറന്നത്. എന്നാൽ, 3 ട്രാക്കുകളിലും വാഹനങ്ങൾ കാത്തുകിടക്കുന്ന ദുരിതത്തിന് പരിഹാരം കാണാത്തതിലും പരാതികളുണ്ട്.