നിപ്പ; മലപ്പുറം ജില്ലയ്ക്ക് ആശ്വാസം: ജാഗ്രതാ നിർദേശം ബെംഗളൂരുവിലേക്കും
Mail This Article
വണ്ടൂർ ∙ നിപ്പ ബാധിച്ചുമരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലെ 16 പേരുടെയും സ്രവപരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇതുവരെ രോഗവ്യാപന സൂചനയില്ലെന്നത് ജില്ലയ്ക്ക് ആശ്വാസമായി. അതേസമയം രോഗപ്രതിരോധത്തിന്റെ ഭാഗമായ ജാഗ്രത ജില്ലയിൽ തുടരുന്നു.
ജാഗ്രതാ നിർദേശം ബെംഗളൂരുവിലേക്കും
യുവാവ് പഠിച്ച ബെംഗളൂരുവിൽ ജാഗ്രതാ നിർദേശം നൽകുന്നതിനു കർണാടക സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ആചാര്യ കോളജിൽ എംഎസ്‌സി സൈക്കോളജി ഒന്നാംവർഷ വിദ്യാർഥിയായിരുന്നു മരിച്ച യുവാവ്. അവിടെയുള്ള ആശുപത്രിയിൽ നേരത്തെ യുവാവ് ചികിത്സ തേടിയിരുന്നതായി ബന്ധുക്കളും സഹപാഠികളും വിവരം നൽകിയിട്ടുണ്ട്. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ച് യുവാവിനു മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ബാധിച്ചിരുന്നുവെന്നു ഡോക്ടർമാർ പറഞ്ഞിരുന്നതായി കബറടക്കത്തിനെത്തിയ സഹപാഠികളിൽ ചിലർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം തയാറാക്കിയ റൂട്ട് മാപ്പിൽ കർണാടകയിലെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നില്ല.
സംശയ നിഴലിൽ ഇരുമ്പൻപുളിയും
യുവാവ് ഇരുമ്പൻപുളി കഴിച്ചിരുന്നതായി ബന്ധുക്കൾ നൽകിയ സൂചനയെത്തുടർന്നു അന്വേഷണം നടക്കുന്നുണ്ട്. കുലകുലയായി കായ്ച്ചു നിൽക്കുന്ന ഇരുമ്പൻപുളിമരങ്ങൾ ഗ്രാമങ്ങളിൽ സാധാരണയാണ്. രാത്രിയിൽ വവ്വാലുകൾ കൂട്ടത്തോടെ പുളിമരങ്ങളിൽ വന്നിരിക്കാറുമുണ്ട്. യുവാവിനു നിപ്പ ബാധിക്കാനുള്ള ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായാണു ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടക്കുന്നത്.
ഇന്നലെ 4981 വീടുകളിൽ സർവേ നടത്തി. പനിബാധിതർ 107
തിരുവാലി, മമ്പാട്, വണ്ടൂർ പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്റ് സോണുകൾ ഉൾപ്പെടെ 16 വാർഡുകളിൽ ഇന്നലെ 4981 വീടുകളിൽ സർവേ നടത്തി. 107 പനി ബാധിതരെ കണ്ടെത്തി. ചെറിയ ലക്ഷണങ്ങൾ കണ്ട മൂന്നു പേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജില്ലയിലെ വിവിധ ഗവ.ആശുപത്രികളിൽ നിന്നടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണു സർവേ നടത്തിയത്.
നിപ്പ രോഗ നിർണയം: മൊബൈൽ ലാബ് സൗകര്യം കിട്ടാനിടയില്ല
മഞ്ചേരി ∙ നിപ്പ രോഗ നിർണയത്തിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) മൊബൈൽ ലാബ് സംവിധാനം ഇത്തവണ മെഡിക്കൽ കോളജിൽ എത്താനിടയില്ല. പകരം രോഗ നിർണയത്തിനുള്ള കിറ്റ് (റീ ഏജന്റ്) നൽകി ഐസിഎംആർ സഹായിക്കും.
കഴിഞ്ഞ ജുലൈയിൽ പാണ്ടിക്കാട് നിപ്പ ബാധിച്ചു വിദ്യാർഥി മരിച്ചതിനെത്തുടർന്ന് ഐസിഎംആർ മുഖേന പുണെയിലെ നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (എൻഐവി) മൊബൈൽ ലാബ് ഒരാഴ്ചയോളം മഞ്ചേരിയിൽ ക്യാംപ് ചെയ്തിരുന്നു. ലാബ് പ്രവർത്തിപ്പിക്കാൻ 2 തവണ ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഐസിഎംആർ സംഘം ജില്ലയിൽ പര്യടനം നടത്തി. സമ്പർക്കപ്പട്ടികയിലുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധന നടത്തിയിരുന്നത് മൊബൈൽ ലാബിൽ ആയിരുന്നു. മെഡിക്കൽ കോളജ് അക്കാദമിക് ബ്ലോക്കിന്റെ മുൻവശത്താണ് ലാബ് സജ്ജമാക്കിയത്. ജനറേറ്റർ സഹായത്തോടെ ദിവസം 100 പേരുടെ സ്രവം പരിശോധിക്കാൻ കഴിയുമായിരുന്നു.
ഐസിഎംആർ അംഗീകാരത്തോടെ കോളജിലെ ബയോ സേഫ്റ്റി ലവൽ 2 ലാബിലാണ് ഇത്തവണ സ്രവം പ്രാഥമിക പരിശോധന നടത്തുന്നത്. മൊബൈൽ ലാബ് എത്തുന്നതുവരെ കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജ് ലാബിനെയാണ് ആശ്രയിച്ചിരുന്നത്. ഇത്തവണ കിറ്റ് തീർന്നാൽ മറ്റ് ലാബുകളെ ആശ്രയിക്കേണ്ടി വരും. കിറ്റ് ലഭ്യമാക്കാൻ കോളജ് ആവശ്യപ്പെട്ടതായാണ് വിവരം. ഒരു വർഷം മുൻപ് ജില്ലയ്ക്ക് അനുമതി ലഭിച്ച വൈറോളജി ലാബ് പ്രവൃത്തി പാതിവഴിയിലാണ്.
നിപ്പ: സമ്പർക്കപ്പട്ടികയിലുള്ള 4 പേർ കൂടി നിരീക്ഷണത്തിൽ
മഞ്ചേരി ∙ വണ്ടൂരിൽ നിപ്പ ബാധിച്ചു മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 4 പേർ കൂടി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഇവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇന്നലെ 13 പേരുടെ ഫലം നെഗറ്റീവ് ആയതിൽ 8 പേർ ആശുപത്രിവിട്ടു.ആശുപത്രി വിട്ടവർ നിശ്ചിത ദിവസം വീട്ടിൽ ക്വാറന്റീനിൽ തുടരണം.ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഇവരെ ഡിസ്ചാർജ് ചെയ്തത്.
പ്രാഥമിക സമ്പർക്കത്തിലുള്ള ഒരാളും സെക്കൻഡറി പട്ടികയിലുള്ള 3 പേരെയുമാണ് ഇന്നലെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് ലാബിൽ നിന്നാണ് പ്രാഥമിക പരിശോധന നടത്തുന്നത്. കോളജിലെ ബയോ സേഫ്റ്റി ലവൽ 2 ലാബിന് ഐസിഎംആർ അംഗീകാരമുള്ളതിനാലാണ് ഇവിടെ പരിശോധന. പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്നായിരുന്നു നേരത്തെ പരിശോധന. നിപ്പ സാഹചര്യത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലും ഇന്നലെ ഇന്നലെ ഒപിയിൽ രോഗികളുടെ എണ്ണം കുറഞ്ഞു. പേ വാർഡ് ആണ് ഐസലേഷൻ വാർഡ് ആക്കിയത്. കൂട്ടിരിപ്പുകാരുടെയും സന്ദർശകരുടെയും എണ്ണം കഴിഞ്ഞ ദിവസങ്ങളിൽ പരിമിതപ്പെടുത്തിയിട്ടുണ്ട്.