ശൈത്യകാലത്തെ വായുമലിനീകരണം: പരിഹാരത്തിന് പ്രതിപക്ഷ നിർദേശം തേടി സർക്കാർ
Mail This Article
ന്യൂഡൽഹി ∙ ശൈത്യകാലത്ത് രൂക്ഷമാകുന്ന വായുമലിനീകരണം പരിഹരിക്കാൻ ഡൽഹി സർക്കാർ പ്രതിപക്ഷത്തിന്റെ ക്രിയാത്മക നിർദേശങ്ങൾ േതടി. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നിർദേശങ്ങൾ നൽകാൻ അഭ്യർഥിച്ച് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ബിജെപി സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവയ്ക്കും ഡൽഹി പിസിസി അധ്യക്ഷൻ ദേവേന്ദർ യാദവിനും കത്തു നൽകി. മലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ സ്വീകരിച്ച നടപടികളും കത്തിൽ വിവരിച്ചിട്ടുണ്ട്.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ ഡൽഹിക്കാരുടെ പങ്ക് വളരെ കുറവാണ്. എൻസിആർ മേഖലയിൽ നിന്നാണ് കൂടുതൽ മലിനീകരണമുണ്ടാകുന്നത്. എല്ലാവരുടെയും സഹായത്തോടെ മാത്രമേ ഇതു കുറയ്ക്കാൻ കഴിയൂ. മലിനീകരണം കുറയ്ക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്.
എല്ലാ വകുപ്പുകളെയും കൂട്ടിയിണക്കി സർക്കാർ ശൈത്യകാല ആക്‌ഷൻ പ്ലാൻ തയാറാക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ ഡൽഹി സർക്കാർ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളാണ് നടപ്പാക്കുക. പിന്നീട് അയൽസംസ്ഥാനങ്ങളുടെ സഹകരണത്തോടെ ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങളും കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ട നടപടികളും നടപ്പാക്കണം’– മന്ത്രി വിശദീകരിച്ചു.മലിനീകരണ നിയന്ത്രണത്തിനായി കോൺഗ്രസ്, ബിജെപി നേതാക്കൾ നൽകുന്ന ക്രിയാത്മക നിർദേശങ്ങളും ആക്‌ഷൻ പ്ലാനിൽ ഉൾപ്പെടുത്തുമെന്നു മന്ത്രി കൂട്ടിച്ചേർത്തു.
നാടകമെന്ന് ബിജെപി
നാടകം കളിക്കുന്നതിന് ഒരു പരിധിയുണ്ടെന്നായിരുന്നു എഎപി സർക്കാരിന്റെ കത്തിനോടുള്ള ബിജെപിയുടെ പ്രതികരണം. ‘നിങ്ങൾ എല്ലാവർക്കും കത്തെഴുതുന്നുണ്ടല്ലോ. ഒരെണ്ണം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മനും അയയ്ക്കൂ. അവിടെയാണ് വൈക്കോൽ കത്തിച്ച് ഏറ്റവും കൂടുതൽ മലിനീകരണമുണ്ടാക്കുന്നത്. അതു തടയാൻ എന്തു നടപടിയെടുത്തെന്ന് കൂടി എഎപി വിശദീകരിക്കണം’– ഡൽഹി ബിജെപി വക്താവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.