പാടങ്ങളിൽ മുഞ്ഞ ആക്രമണം
Mail This Article
ആലത്തൂർ∙ പാടങ്ങളിൽ മുഞ്ഞകളുടെ ആക്രമണം രൂക്ഷമാകുന്നു. കൃഷിഭവൻ വിളആരോഗ്യകേന്ദ്രം കുമ്പളക്കോട് പാടശേഖരത്തിൽ നടത്തിയ സർവേയിലാണ് മുഞ്ഞ കാണപ്പെട്ടത്.
ലക്ഷണങ്ങൾ
ഇളംപ്രായത്തിലുള്ളതും വലുതുമായ ഒട്ടേറെ മുഞ്ഞകൾ ചെടികളുടെ തണ്ടിൽ കൂട്ടംകൂടിയിരുന്നു നീരൂറ്റി കുടിക്കും. തണ്ടും ഇലകളും ആദ്യം ഓറഞ്ചു കലർന്ന മഞ്ഞ നിറത്തിൽ ആകും. പിന്നീട് കരിഞ്ഞുണങ്ങും. ആദ്യം ഒരു ഭാഗത്തായിരിക്കും ആക്രമണം. പിന്നീട് അത് വട്ടത്തിലായി മറ്റുള്ള ഭാഗങ്ങളിലേക്കും വ്യാപിക്കും. ചെടികൾ തട്ടി നോക്കിയാൽ മുഞ്ഞകൾ പറക്കുന്നതായി കാണും. കതിരുവന്ന പാടങ്ങളെ മുഞ്ഞകൾ ആക്രമിച്ചാൽ വിളവ് ലഭിക്കില്ല.
കാരണം
മഴയും മൂടിക്കെട്ടിയ കാലാവസ്ഥയും മുഞ്ഞകൾ പെരുകാൻ കാരണമാകുന്നു. കൂടാതെ നെൽപാടങ്ങളിൽ മാരക വിഷമുള്ള പൈറിത്രോയിഡ് വിഭാഗത്തിൽപ്പെട്ട കീടനാശിനികൾ മിത്രപ്രാണികളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും അനുകൂലമായ കാലാവസ്ഥയിൽ മുഞ്ഞകൾ പെരുകാൻ കാരണമാകുകയും ചെയ്യും. പറക്കാൻ കഴിവുള്ള കീടങ്ങളാണ് മുഞ്ഞകൾ. അതിനാൽ ശുപാർശ ഇല്ലാത്ത മാരക കീടനാശിനികൾ നെൽപ്പാടത്ത് പ്രയോഗിക്കുന്നത് ഒഴിവാക്കണം.
നിയന്ത്രിക്കാൻ
ദിവസേന പാടത്തെത്തി ചെടികൾ തട്ടി മുഞ്ഞകൾ ഉണ്ടോയെന്ന് ഉറപ്പു വരുത്തണം. പാടത്ത് വെള്ളം ഉണ്ടെങ്കിൽ അത് തുറന്ന് വിടണം. യൂറിയ പോലെയുള്ള നൈട്രജൻ വളങ്ങളുടെ അമിതമായ പ്രയോഗം ഒഴിവാക്കണം. ഒരുനുരിയിൽ 25–30 ഓളം മുഞ്ഞകൾ കാണുന്നുവെങ്കിൽ ഇമിഡാക്ലോർപ്രൈഡ് 100 മില്ലി, തയോമെതോക്‌സാം 40 ഗ്രാം, അസിഫെറ്റ് 320 ഗ്രാം, ബുപ്രോഫെസിൻ 320 മില്ലി, പയ്മെട്രോസിൻ 120ഗ്രാം എന്നിവയിൽ ഏതെങ്കിലും ഏക്കറിന് 100 ലീറ്റർ വെള്ളത്തിൽ പശ ചേർത്ത് തളിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനിലെ വിള ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.