ആംബുലൻസ് ഓട്ടോയിൽ ഇടിച്ചു; ഡ്രൈവർമാർക്ക് പരുക്ക്
Mail This Article
പന്തളം ∙ സ്വകാര്യ ആശുപത്രിയിൽ നിന്നു രോഗിയെ കയറ്റാനായി വന്ന ആംബുലൻസ് നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിലും പോസ്റ്റ് ഓഫിസിന്റെ മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ 2 വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് പരുക്കേറ്റു. ആംബുലൻസ് ഡ്രൈവർ കൊഴുവല്ലൂർ സ്വദേശി അച്ചു, ഓട്ടോ ഡ്രൈവർ ജയൻ (35) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു അപകടം.
സിഎം ആശുപത്രിയിലേക്ക് വന്ന ആംബുലൻസ് എതിരെ വന്ന ബൈക്കിൽ ഇടിക്കുന്നതൊഴിവാക്കാൻ വെട്ടിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്. ഓട്ടോറിക്ഷയിലിടിച്ച ശേഷം ആംബുലൻസ് പോസ്റ്റ് ഓഫിസിന്റെ മതിലിലേക്ക് ഇടിച്ചു കയറി. തപാൽ പെട്ടിയും പോസ്റ്റ് ഓഫിസിന്റെ ബോർഡും ഗേറ്റും തകർന്നു. ഇതേ ഭാഗത്ത് കഴിഞ്ഞ 29ന് നിയന്ത്രണം വിട്ട ടിപ്പർ ലോറിയിടിച്ചു വില്ലേജ് ഓഫിസിന്റെ മതിലും ഗേറ്റും തകർന്നിരുന്നു.