കൊടുമൺ വൈകുണ്ഠപുരം ക്ഷേത്രം ഉത്സവം സമാപിച്ചു

Mail This Article
കൊടുമൺ ∙ ആവേശം വാനോളം ഉയർത്തിയ പൂരത്തോടും ഭക്തിസാന്ദ്രമായ ആറാട്ടോടും കൂടി വൈകുണ്ഠനാഥന്റെ 10 ദിവസത്തെ ഉത്സവത്തിന് കൊടിയിറങ്ങി. കേരളത്തിലെ പ്രശസ്തരായ 7 ഗജവീരന്മാർ അണി നിരന്ന പൂരമാണ് ക്ഷേത്രത്തിൽ നടന്നത്. പൂരം കാണാൻ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൂരത്തിനുശേഷം വൈകുന്നേരത്തോടെ ഭഗവാൻ ആറാട്ടിനായി പുറപ്പെട്ടു. ചേർപ്പുളശേരി അനന്തപത്മനാഭനാണ് തിടമ്പേറ്റിയത്. കോടിയാട്ട് ക്ഷേത്രത്തിലെത്തി സ്വീകരണത്തിനുശേഷം ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്തും നടന്നു.
തുടർന്ന് ജംക്‌ഷനിൽ ഗജമേളയും നടന്നു. വ്യാപാര സ്ഥാപനങ്ങൾ, ജംക്‌ഷനിലെ സെന്റ് ബഹനാൻസ് ഓർത്തഡോക്സ് വലിയ പള്ളി കുരിശടി, സെന്റ് ബഹനാൻസ് മലങ്കര കത്തോലിക്കാ പള്ളി, പുത്തൻകാവിൽ ക്ഷേത്രം എന്നിവിടങ്ങളിൽ സ്വീകരണം നൽകി. വീടുകളിൽ ഭക്തർ പറയിട്ട് എഴുന്നള്ളത്തിനെ സ്വീകരിച്ചു. രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം, ഭാഗവതപാരായണം, ആറാട്ടുബലി, സേവ, പഞ്ചവാദ്യം, പഞ്ചാരിമേളം, നാദസ്വരക്കച്ചേരി എന്നിവ നടന്നു. തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിൽ എത്തിച്ചേർന്ന് കൊടിയിറങ്ങിയതോടെ ഉത്സവത്തിന് സമാപനമായി.