ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണധ്വജം; ഉളി വെപ്പ് നടന്നു
Mail This Article
തിരുവല്ല ∙ ശ്രീവല്ലഭ ക്ഷേത്രത്തിലെ സ്വർണ ധ്വജ നിർമാണത്തിനുള്ള ഉളി വെപ്പ് കർമം നടന്നു. ഇന്നലെ രാവിലെ 10നു കൊടിമര ശിൽപി അനന്തൻ ആചാരി ക്ഷേത്രത്തിനു വടക്ക് ഭാഗത്ത് പ്രത്യേകം തയാറാക്കിയ പന്തലിൽ സൂക്ഷിച്ചിരിക്കുന്ന തേക്ക് മരത്തിനു മുന്നിൽ വിളക്ക് തെളിയിച്ചു. തുടർന്നു ക്ഷേത്ര തന്ത്രി തെക്കേ കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ചെറായി സ്വദേശിയും ശബരിമല കൊടിമരത്തിന്റെ തച്ചൻ സുകുമാരൻ ആശാരിയുടെ മകനുമായ കണ്ണൻ ആദ്യം ഉളി കുത്തി.
ശേഷം തേക്ക് മരത്തിന്റെ തൊലി ചെത്തി മാറ്റുന്ന പ്രക്രിയ ആരംഭിച്ചു. ശ്രീവല്ലഭ സേനാംഗങ്ങളുൾപ്പെടെ നൂറു കണക്കിന് ഭക്തജനങ്ങളുടെ സഹകരണത്തോടെയാണു തേക്ക് മരത്തിന്റെ തൊലി ചെത്തുന്ന ജോലികൾ ആരംഭിച്ചത്. തൊലി പൂർണമായും മാറ്റിയതിനു ശേഷം പച്ച മഞ്ഞളും പച്ചക്കർപ്പൂരവും കൂടി മരത്തിൽ തേച്ച് പിടിപ്പിച്ച് ഉണക്കാൻ ഇടും . ഇത് ഒരു മാസം ഉണങ്ങിയതിന് ശേഷം , മരം ഒരുക്കി എണ്ണ തോണിയിൽ തൈലാധിവാസത്തിനായി ഇടും . കഴിഞ്ഞ 4 ന് ആണ് പൂഞ്ഞാറിലെ പാതാംമ്പുഴയിൽ നിന്നു സ്വർണധ്വജത്തിനുള്ള തേക്ക് മരം ഘോഷയാത്രയായി എത്തിച്ചത്. പിന്നീട് ഇത് ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തായി പ്രത്യേകം തയാറാക്കിയ പണിശാലയിലെ പന്തലിൽ എത്തിച്ചു
ചടങ്ങുകൾക്കു ദേവസ്വം മാനേജർ അനിത ജി.നായർ , മറ്റ് ദേവസ്വം ഉദ്യോഗസ്ഥർ, ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികളായ എം.എം.മോഹനൻ നായർ, ബി.ജെ.സനിൽകുമാർ, ഷാബു, രാജശേഖരൻ, വിഷ്ണു, മനോജ് എന്നിവരും ശ്രീവല്ലഭ സേനാംഗങ്ങളും ദേവ പ്രശ്ന പരിഹാര കമ്മിറ്റി രക്ഷാധികാരി കെ.പി. വിജയൻ, മറ്റു ഭാരവാഹികളായ സുരേഷ് ഓടയ്ക്കൽ, രംഗനാഥ് കൃഷ്ണ, ഉഷാകുമാരി, വേണു വെളിയോട്ടില്ലം, വേണു മാരാമുറ്റം, അരുൺ രാജ്, പ്രകാശ് കോവിലകം, ഹരിഗോവിന്ദ്, സോമൻ ജി.പുത്തൻപുരയ്ക്കൽ, ശ്യാമള വാരിജാക്ഷൻ, ഉഷാ രാജു, നരേന്ദ്രൻ ചെമ്പകവേലിൽ, ജിജിഷ് കുമാർ, ഒനിൽകുമാർ, രാജീവ് കിഴക്കുംമുറി എന്നിവർ നേതൃത്വം നൽകി.