ചിറയിൻകീഴ് താലൂക്ക് ആശുപത്രി: മാതൃയാനം പദ്ധതിക്ക് തുടക്കം
Mail This Article
ചിറയിൻകീഴ്∙പ്രസവാനന്തരം അമ്മയെയും കുഞ്ഞിനെയും സുരക്ഷിതമായി ആശുപത്രി അധികൃതരുടെ പൂർണ ഉത്തരവാദിത്വത്തിൽ വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിക്കു ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ തുടക്കം കുറിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരസമിതി ചെയർപഴ്സൻ ജോസഫൈൻ ഫ്ലാഗ്ഓഫ് നിർവഹിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.എസ്.എൽ.അജിത്ത്കുമാർ അധ്യക്ഷനായി. മാതൃശിശു വിഭാഗം ഡോ.ശ്രീകല, ഡോ.ഗീത ഷാനവാസ്, നഴ്സിങ് ഇൻചാർജ് ഷെർളി, പുഷ്പ എന്നിവർ പങ്കെടുത്തു.
സംസ്ഥാന സർക്കാർ നടപ്പാക്കിവരുന്ന അമ്മയും കുഞ്ഞും പദ്ധതിയുടെ ഭാഗമായുള്ളതാണു മാതൃയാനം. എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനെത്തുന്ന അമ്മയെയും കുട്ടിയെയും പ്രസവാനന്തരം സുഖമായി വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്. വീട് എത്ര അകലെയാണെങ്കിലും പദ്ധതിയിലൂടെ അമ്മയെയും കുഞ്ഞിനെയും വാഹനത്തിൽ തീർത്തും സൗജന്യമായി വീട്ടിലെത്തിക്കും. ഇതിനായി ആശുപത്രി സൂപ്രണ്ടുമായും ബന്ധപ്പെടാം.