ജില്ലയിൽ ഉദര കാൻസർ വർധിക്കുന്നതായി റിപ്പോർട്ട്
Mail This Article
മുളങ്കുന്നത്തുകാവ്∙ ജില്ലയിൽ ഉദര സംബന്ധമായ കാൻസർ കേസുകൾ വർധിച്ചു വരുന്നതായി മെഡിക്കൽ കോളജ് പഠന റിപ്പോർട്ട്. നെഞ്ചുരോഗാശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന ടെർഷ്യറി കാൻസർ കെയർ സെന്റർ പ്രസിദ്ധീകരിച്ച 2019ലെ പഠന റിപ്പോർട്ടിലാണ് ഈ കണ്ടത്തൽ .
ആശുപത്രിയിൽ ഒരു വർഷം കാൻസർ ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളിൽ നിരീക്ഷണം നടത്തിയാണ് റിപ്പോർട്ട് തയാറാക്കുന്നത്. ഈ കാലയളവിൽ കാൻസർ രോഗ ചികിത്സയ്ക്ക് വിധേയരായ ആകെ രോഗികളിൽ 23.6 ശതമാനം പേർക്കാണ് ഉദര സംബന്ധമായ കാൻസർ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ആമാശയ കാൻസർ ബാധിതരാണ് അധികവും. സാധാരണയായി പുരുഷന്മാരിൽ ശ്വാസകോശ കാൻസറും സ്ത്രീകളിൽ മാറിടത്തിലെ കാൻസറുമാണ്് കൂടുതലായി കണ്ടു വരുന്നത്.
ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ച റിപ്പോർട്ട് സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പ്രകാശനം ചെയ്തു. ആശുപത്രിയിലെ കാൻസർ ചികിത്സാ വിഭാഗത്തിനെ മധ്യ കേരളത്തിലെ റീജനൽ കാൻസർ സെന്ററാക്കി ഉയർത്തുന്നതിനുള്ള ചർച്ചകൾ മന്തിതലത്തിൽ പുരോഗമിക്കുന്നതായി എംഎൽഎ അറിയിച്ചു. ഓങ്കോളജി വിഭാഗം മേധാവി ഡോ.കെ.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ബി.ഷീല, ആശുപത്രി സൂപ്രണ്ട് ഡോ. ഷെഹ്‌ന എ.ഖാദർ, ആർഎംഒ ഡോ. നോനം ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.