ഇത് ഒരു സംസ്ഥാനപാത; ജീവൻ വേണേൽ വഴി മാറിക്കോ
Mail This Article
ഒല്ലൂർ ∙ തലോർ മുതൽ തൃശൂർ വരെയുള്ള 9 കിലോമീറ്റർ സംസ്ഥാനപാത പൂർണമായി തകർന്ന നിലയിൽ തുടരുന്നു. എറണാകുളം–തൃശൂർ സംസ്ഥാനപാതയിലെ ഏറ്റവും ഇടുങ്ങിയ ഭാഗമാണിത്. തലോർ, ഒല്ലൂർ, ശ്രീഭവൻ ഹോട്ടൽ പരിസരം, ചിയ്യാരം, കുരിയച്ചിറ കനാൽ പരിസരം എന്നിവിടങ്ങളിൽ നിറയെ കുഴികളാണ്. ജംക്‌ഷനുകളിൽ ഒരിടത്തും സീബ്ര ലൈനുകളില്ല. ഓണക്കാലത്തെ തിരക്കുകൂടിയായതോടെ ഇതുവഴി യാത്രചെയ്യാനാവാത്ത സ്ഥിതിയാണ്. രാപകൽ ഭേദമില്ലാതെ വാഹനത്തിരക്കേറിയ ഈ റോഡ് ഇത്രയേറെ മോശമായിട്ടും അധികൃതർ നിസംഗത തുടരുകയാണ്.രാത്രി ഇത്രയേറെ വാഹന ഗതാഗതമുള്ള റോഡ് ചുരുക്കമായിരിക്കും. രാത്രി ഇരുചക്രവാഹനം അപകടത്തിൽപെടാതെ ഓടിക്കാൻ കഴിയില്ല. എതിരെ വരുന്ന വാഹനം കണ്ട് നടുറോഡിൽ നിർത്തുകയാണ് പല ഇരുചക്ര വാഹന യാത്രികരും.ഇരുട്ടിൽ വാഹനം മുന്നോട്ട് എടുത്താൽ കുഴിയിൽ വീഴുമെന്നു തീർച്ച.
കുഴി കണ്ടു വാഹനങ്ങൾ വെട്ടിക്കുന്നതുമൂലം ഏതുവിധമാണു വാഹനം വരികയെന്നു എതിരെ വരുന്ന യാത്രികനു നിശ്ചയമില്ല. മുന്നിൽ പോകുന്ന വാഹനം കുഴി ഒഴിവാക്കാൻ ശ്രമിക്കുമ്പോൾ പിന്നാലെ വരുന്ന വാഹനം കുഴിയിൽ വീഴുകയും ചെയ്യും.റോഡിന്റെ അവസ്ഥയേക്കാൾ ദയനീയം അധികൃതരുടെ നിസംഗതയാണ്.അടിയന്തരഘട്ടങ്ങളിൽ കുഴികളടയ്ക്കുന്ന പ്രവൃത്തി നടത്താൻ തയാറാകാത്തതാണ് ഏറ്റവും കഷ്ടം.ടാറിങ്ങിനു നടപടി എടുക്കുന്നുണ്ടെന്ന പേരിലാണ് ഇതു ചെയ്യാത്തത്. റോഡ് തകർന്നത് ഇന്നോ ഇന്നലെയോ അല്ല; 2 വർഷമായി. ഇടയ്ക്കു ചിലപ്പോഴൊക്കെ കുഴി അടച്ചെങ്കിലും അതിനു ദിവസങ്ങളുടെ അയൂസേയുണ്ടായുള്ളു. മഴ മാറിയിട്ട് ടാറിങ് നടത്താമെന്നാണ് ഇപ്പോൾ അധികൃതരുടെ നിലപാട്.മഴ തുടങ്ങിയിട്ട് 4 മാസമായി. മഴ ഇനിയും രണ്ടു മാസം തുടർന്നേക്കാം. അതുവരെ ജനം സഹിക്കണമെന്നായിരിക്കും നിലപാട്.