ADVERTISEMENT

കൊടുങ്ങല്ലൂർ ∙  മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ആല ശാന്തിപുരം പെരിങ്ങാട്ട് ലീലയെയാണ് (55) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.ആല സർവീസ് സഹകരണ ബാങ്കിൽ 2 തവണയായി 5 പവന്റെ മുക്കുപണ്ടം പണയപ്പെടുത്തി 1.98,000 രൂപ തട്ടിയെടുത്തെന്ന ബാങ്ക് അധികൃതരുടെ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ ഓഗസ്റ്റ് ഒന്നിന് 1.57,000 രൂപയുടെയും ഓഗസ്റ്റ് 17ന് 41,000 രൂപയുടെയും മുക്കുപണ്ടം ഇവർ പണയപ്പെടുത്തിയിരുന്നു.പ്രദേശത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയപ്പെടുത്തി എന്ന വിവരം അറിഞ്ഞതോടെ ആല ബാങ്കിൽ ഇവർ പണയപ്പെടുത്തിയ സ്വർണം പരിശോധിക്കുകയായിരുന്നു.

മുക്കുപണ്ടം ആണെന്നു  അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകി.മുക്കുപണ്ടമാണെന്ന് തിരിച്ചറിയാത്തവിധം തയാറാക്കിയ ആഭരണമാണ് ഇവർ പണയപ്പെടുത്തിയത്. ഇതിനു പിന്നിൽ വൻ സംഘമുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.പള്ളിനടയിലെ സ്ഥാപനത്തിലും രണ്ടര ലക്ഷം രൂപയ്ക്ക് ലീല പണയം വച്ചിരുന്നു.ഇൗ പരാതിയിലും കേസെടുത്തു. ഒരാൾ തനിക്ക് കൊണ്ടുതന്ന ആഭരണം പണയപ്പെടുത്തിയതാണെന്നും ആളെ അറിയില്ലെന്നുമാണ് വീട്ടമ്മ പൊലീസിൽ മൊഴി നൽകിയത്.ഇൻസ്പെക്ടർ എം.കെ ഷാജി, എസ്ഐമാരായ രമ്യ കാർത്തികേയൻ, എം.എം.റിജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.

കൊടുങ്ങല്ലൂരിൽ മുക്കുപണ്ടം പണയം തട്ടിപ്പ് വ്യാപകം 
കൊടുങ്ങല്ലൂർ ∙ കൊടുങ്ങല്ലൂരിലും സമീപ പ്രദേശങ്ങളിലും മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് വ്യാപകം. ആല സഹകരണ ബാങ്കിലും ശാന്തിപുരം പള്ളിനടയിലെ കൃഷ്ണ എന്റർപ്രൈസസ് എന്ന സ്ഥാപനത്തിലും മുക്കുപണ്ടം പണയംവച്ച് 4.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിലായപ്പോഴാണ് മുക്കുപണ്ടം പണയം തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുന്നത്. സഹകരണ ബാങ്ക് ശാഖകൾ, സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് മുക്കുപണ്ടം പണയ തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നത്.എടവിലങ്ങ്, ചാപ്പാറ, ടൗൺ എന്നിവിടങ്ങളിലും ആമണ്ടൂർ, പുതുമന പറമ്പ്, മതിലകം പള്ളി വളവ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ ഒരു വർഷത്തിനിടെ ഒട്ടേറെ തവണ മുക്കുപണ്ടം പണയം വച്ചിട്ടുണ്ട്.

സഹകരണ ബാങ്കുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും മുക്കുപണ്ടം പണയം തട്ടിപ്പ് നടത്തിയിട്ടുണ്ട്. പലയിടത്തും പൊലീസ് കേസെടുക്കും മുൻപ് പ്രതികൾ ബന്ധപ്പെട്ട ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും പണം നൽകി പണയ ഇടപാട് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.പണയ തട്ടിപ്പ് സംഘം പലപ്പോഴും പ്രത്യക്ഷത്തിൽ രംഗത്തുവരാറില്ല. ഇവരുടെ സുഹൃത്തുക്കളെ കൊണ്ട് പണം വയ്പിക്കുകയാണ് ചെയ്യുന്നത്. ഏതാനും വർഷങ്ങൾക്കു മുൻപ് ആമണ്ടൂരിൽ വീട്ടമ്മയെ കൊണ്ടു മുക്കുപണ്ടം പണയം വയ്പിച്ചു. ബാങ്ക് പരിശോധനയിൽ മുക്കുപണ്ടം ആണെന്ന് അറിഞ്ഞതോടെ ഇവർ വീട്ടമ്മയുമായി ബന്ധപ്പെട്ടു.

ഒടുവിൽ വീട്ടമ്മ കേസിൽ ഉൾപ്പെട്ടു ജയിലിൽ ആകുമെന്ന് ആയതോടെ പണയ സംഘം എത്തി ബാങ്കിൽ പണം അടയ്ക്കുകയായിരുന്നു.തീരദേശമേഖലയിൽ ഇരുപതിലേറെ സ്ഥാനങ്ങളിൽ പണയ തട്ടിപ്പ് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പണയം വച്ച സ്വർണം മാസങ്ങൾ പിന്നിട്ടിട്ടും തിരിച്ചെടുക്കാത്തതു ശ്രദ്ധയിൽപ്പെടുമ്പോഴാണ് സ്വർണം വിശദമായി പരിശോധിക്കുന്നത്. ചില സ്ഥാപനങ്ങൾ 3 മാസം കൂടുമ്പോൾ നടത്തുന്ന പരിശോധയിലാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെടുന്നത്. ഹാൾ മാർക്ക്, കടയുടെ പേര് ഉൾപ്പെടെ മാർക്ക് ചെയ്താണ് സ്വർണം തയാറാക്കുന്നത്. രണ്ടു ദിവസത്തിനിടെ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിൽ മുക്കുപണ്ടം പണയം തട്ടിപ്പിൽ രണ്ടു പരാതികളാണ് ഉയർന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com