ഷാറുഖിനെ വെള്ളിത്തിരയിൽ പരിചയപ്പെടുത്തിയ കമ്പനി; 'അപ്പോളോ'...സർക്കസിനു പോയാലോ?
Mail This Article
തൃശൂർ ∙ മൂന്നര പതിറ്റാണ്ടു മുൻപ് ‘സർക്കസിൽ’ മുഖം കാണിച്ച് തുടങ്ങിയ ഒരു പയ്യൻ. ബോളിവുഡിലെ ബാദ്ഷാ, കിങ് ഖാൻ എന്നീ വിശേഷണങ്ങളുള്ള ആ താരത്തെ പരിചയമില്ലാത്ത ഒരു ഇന്ത്യക്കാരനും ഉണ്ടാകില്ല. അതേ, സാക്ഷാൽ ഷാറുഖ് ഖാൻ തന്നെ. അതേ ഷാറുഖിനെ വെള്ളിത്തിരയിലേക്കു പരിചയപ്പെടുത്താൻ ഇടയാക്കിയ ഒരു സർക്കസ് കമ്പനിയുമുണ്ട്. ദാ, അവർ ഇപ്പോൾ നമ്മുടെ തൃശൂർ ശക്തൻ നഗറിൽ തമ്പടിച്ചിട്ടുണ്ട്.
1989ലെ സുപ്രസിദ്ധമായ ടെലിവിഷൻ പരമ്പര ‘സർക്കസ്’ പിറന്ന തമ്പ്. ഒരു സർക്കസ് ട്രൂപ്പിനെ ചുറ്റിപ്പറ്റിയുള്ള ആ പരമ്പരയിൽ മലയാളിത്തമുള്ള ശേഖരൻ എന്ന കഥാപാത്രമായി തിളങ്ങിയ ഷാറുഖ് ഖാൻ പിന്നീട് തികഞ്ഞൊരു അഭ്യാസിയായാണ് ബോളിവുഡിലേക്കു ചേക്കേറിയത്.
89ൽ ഗോവയിൽ തമ്പടിച്ചിരിക്കെ ആണ് ‘സർക്കസിന്റെ’ അണിയറ പ്രവർത്തകർ ഷൂട്ടിങ്ങിനായി അപ്പോളോ സർക്കസിന്റെ കൂടാരം കയറുന്നത്. 5 മാസം തുടർച്ചയായ ഷൂട്ടിങ്. താരങ്ങളെ കളി പഠിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്ത ശ്രീനിവാസൻ എന്ന ഉസ്താദ് ആയിരുന്നു അന്ന് ഷാറുഖ് ഖാന്റെ കാര്യങ്ങൾ നോക്കിനടത്തിയിരുന്നത്.
ബിഹാറിൽ തുടക്കം
ഷാറുഖ് ഖാന്റെ അഭിനയ തുടക്കം ഗോവയിൽ ആയിരുന്നെങ്കിൽ അപ്പോളോ സർക്കസിന്റെ പിറവി 48 വർഷം മുൻപ് ബിഹാറിലെ പട്നയിൽ ആയിരുന്നു. തലശ്ശേരിക്കാരൻ സഹദേവൻ ആയിരുന്നു ഉടമ. സർക്കസുകളുടെ സുവർണകാലത്ത് സിംഗപ്പുർ, മലേഷ്യ, തായ്‌ലൻഡ്, ഇന്തൊനീഷ്യ, ശ്രീലങ്ക തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലും പര്യടനം നടത്തി. ഒട്ടുമിക്ക ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അപ്പോളോ സർക്കസ് കയ്യടി നേടി.
കോവിഡ് രൂക്ഷമായതോടെ സർക്കസ് കമ്പനികളുടെ ശനിദശ തുടങ്ങി. തലശ്ശേരി സ്വദേശി സനിൽ ജോർജ് അപ്പോളോ സർക്കസ് കമ്പനി ഏറ്റെടുത്ത് 9 മാസം പിന്നിട്ട സമയമായിരുന്നു അത്. കർണാടകയിലെ സിർസി എന്ന നഗരത്തിൽ തമ്പടിച്ച സമയത്തായിരുന്നു ലോക്ഡൗൺ. 18 മാസം ട്രൂപ് ഒന്നാകെ അവിടെ പെട്ടു. പിന്നീട് ഒന്നര വർഷത്തിനു ശേഷം കർണാടകയിലെ തന്നെ ഡാൻഡെല്ലിയിൽ നിന്നാണ് പ്രദർശനം ആരംഭിക്കുന്നത്. പലയിടങ്ങളിലെ ക്യാംപുകൾക്കു ശേഷം നേരേ തൃശൂരിലേക്ക്; അതും ആദ്യമായി.
വിസ്മയത്തമ്പ്
പക്ഷിമൃഗാദികളെ ഉപയോഗിച്ചുള്ള പ്രകടനങ്ങൾക്കു നിരോധനം വന്നെങ്കിലും ആ ക്ഷീണം സർക്കസ് തമ്പുകളെ പിടികൂടിയിട്ടില്ല. അതിനു തെളിവാണ് ഇന്നും കലാകാരന്മാർ നേടുന്ന കയ്യടിയെന്ന് ഉടമ സനിൽ ജോർജും മാനേജർ ഉമേഷും പറയുന്നു. വീതിയും നീളവും കുറഞ്ഞ ഗ്ലോബിലൂടെ ഒരേസമയം നടത്തുന്ന മോട്ടർബൈക്ക് അഭ്യാസം, സുനിത്തിന്റെ നേതൃത്വത്തിലുള്ള ഏഴംഗ മണിപ്പുരി കലാകാരന്മാരുടെ കയ്യടക്കം,
ജിംനാസ്റ്റിക്സിലെ മെയ്‌വഴക്കം, കശ്മീർ സ്വദേശിനി ലതയുടെ സൂപ്പർ സൈക്കിൾ അഭ്യാസം, 40 അടി ഉയരത്തിൽ തൂങ്ങിക്കിടന്ന് അസം സ്വദേശികളായ സോനു–സാനിയ ദമ്പതികളുടെ സാരി ബാലൻസ് ഷോ, തമ്പിലെ ഏക മലയാളിയായ തലശ്ശേരിക്കാരൻ രാജന്റെ ജഗ്ലിങ് ഷോ, ബഫൂൺ ഷോ. 2 മണിക്കൂറിൽ 28 ഇനം അത്ഭുതക്കാഴ്ചകൾ അപ്പോളോ ഒരുക്കുന്നുണ്ട്. 45 കലാകാരന്മാരടക്കം 110 പേരാണു സംഘത്തിലുള്ളത്.
ശക്തൻ നഗർ മൈതാനത്ത് ദിവസവും ഉച്ചയ്ക്ക് ഒന്ന്, വൈകിട്ട് 4, 7 സമയങ്ങളിലാണ് പ്രദർശനം. 150, 250, 350 രൂപ എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്. ഓണാവധി നാളുകൾ ഉൾപ്പെടെ 40 ദിവസത്തോളം അപ്പോളോ സർക്കസ് തൃശൂരിലുണ്ടാകും.