സീബ്രാലൈനിൽ സ്കൂട്ടറിടിച്ച് വിദ്യാർഥികൾക്ക് പരുക്ക്
Mail This Article
മാള ∙ സീബ്രാലൈനിലൂടെ റോഡിന് കുറുകെ കടക്കുമ്പോൾ സ്കൂട്ടറിടിച്ച് 2 സ്കൂൾ വിദ്യാർഥികൾക്കു പരുക്ക്. സെന്റ് ആന്റണീസ് എച്ച്എസിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളായ അൻവിത പുഷ്പ, അനഘ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ പകൽ11.42നാണ് അപകടമുണ്ടായത്. പരീക്ഷയ്ക്ക് ശേഷം സ്കൂളിൽ നിന്നിറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ വേഗത്തിൽ വരികയായിരുന്ന സ്കൂട്ടർ വിദ്യാർഥികളെ ഇടിച്ചിടുകയായിരുന്നു.
നാട്ടുകാരും സ്കൂൾ അധികൃതരും ചേർന്ന് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചു. സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതിക്കും പരുക്കേറ്റതായും ഇവർ സ്കൂട്ടർ റോഡരികിൽ നിർത്തിയ ശേഷം മറ്റൊരു വാഹനത്തിൽ കയറി പോയതായും പൊലീസ് പറയുന്നു. പുത്തൻചിറ സ്വദേശിയാണ് വാഹനത്തിന്റെ ആർ.സി. ഉടമ. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥികളെ ചികിത്സ നൽകി വിട്ടയച്ചു. പരുക്ക് ഗുരുതരമല്ല.