ബസിൽ ഏഴു പവന്റെ മാല മോഷ്ടിക്കാൻ ശ്രമം; തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി
Mail This Article
കൊടുങ്ങല്ലൂർ ∙ സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ ഏഴു പവന്റെ മാല കവർന്നു രക്ഷപ്പെടാൻ ശ്രമിച്ച തമിഴ് നാടോടി സ്ത്രീകളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. പളനി മാന്നൂർ ദേശം നിരഞ്ജന ( 49), പളനി മാന്നുർ മെടിക്കപ്പെട്ടി രുദ്ര (28) എന്നിവരെ ആണ് പിടികൂടിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ 9.15 ന് വടക്കേ നടയിൽ ആണ് സംഭവം. പി.വെമ്പല്ലൂർ അഞ്ചങ്ങാടി സ്വദേശി ചെട്ടിപ്പറമ്പിൽ തിലകൻ ശാന്തിയുടെ ഭാര്യ രത്നത്തിന്റെ ( 57) മാലയാണ് സംഘം കവർന്നത്.
പി.വെമ്പല്ലൂരിൽ നിന്നു താലൂക്ക് ആശുപത്രിയിലേക്ക് വരികയായിരുന്ന രത്നം വടക്കേ നടയിൽ ബസ് ഇറങ്ങുന്നതിടെ ഒരു സ്ത്രീ തിക്കി തിരക്കി ഒപ്പം ഇറങ്ങാൻ ശ്രമിച്ചു. ഇതിനിടിയിൽ മാല പൊട്ടിച്ചു എടുക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ ബഹളം വച്ചു. ബസ് നിർത്തിയ ഉടനെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ കണ്ടക്ടർ ബഹളം വച്ചതോടെ വടക്കേ നടയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും നാട്ടുകാരും ചേർന്നു പിടികൂടുകയായിരുന്നു.
പർദ ധരിച്ചാണ് തമിഴ് സ്ത്രീകൾ ബസിൽ കയറിയത്. ഇവർക്കെതിരെ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലെ മാല മോഷണക്കേസിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നു. വിവിധ സ്ഥലങ്ങളിൽ മാല മോഷണം പോയ ആളുകൾ നൽകിയ സൂചനകൾ പൊലീസ് പരിശോധിക്കുകയാണെന്നു ഇൻസ്പെക്ടർ ബി.കെ. അരുൺ പറഞ്ഞു.